കൊച്ചി: 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ കാണാതായാൽ അന്വേഷണമടക്കം നടപടികൾ ഉടൻ ഉണ്ടാകണമെന്ന് ഹൈകോടതി. ഇത്തരം സംഭവങ്ങളിൽ ആദ്യംതന്നെ പോക്സോ കുറ്റം ചുമത്തിയില്ലെങ്കിലും അത്തരമൊരു സാധ്യത കണ്ടുള്ള അന്വേഷണമാണ് നടക്കേണ്ടത്. കാസർകോട്ട് 42കാരനോടൊപ്പം 15കാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ട സംഭവത്തിൽ മാതാവ് നൽകിയ ഹേബിയസ് കോർപസ് ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.
കാസർകോട്ടുണ്ടായത് ആത്മഹത്യയാണെന്ന മുൻധാരണ വേണ്ടെന്നും കൊലപാതകമാണോ നടന്നതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കുട്ടിയെ കാണാതാകുന്നതിനും മരണത്തിനുമിടയിൽ എന്ത് സംഭവിച്ചുവെന്ന് വ്യക്തമാകാനുണ്ട്.
പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ച ദിവസംതന്നെ അന്വേഷണം തുടങ്ങിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്.എച്ച്.ഒ വിനോദ്കുമാർ വ്യക്തമാക്കി. കാണാതായ ദിവസംതന്നെ ഇരുവരും മരിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കേസ് ഡയറി പരിശോധിക്കുമ്പോൾ ചില കാര്യങ്ങളിൽ അവ്യക്തതയുണ്ടെങ്കിലും അന്വേഷണം മോശം രീതിയിലാണെന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
സംഭവം സംബന്ധിച്ച വാർത്തകൾ ഒറ്റ ദിവസംകൊണ്ട് തീരുമെങ്കിലും വീട്ടുകാർ അനുഭവിക്കുന്ന മാനസിക സംഘർഷം ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതാണ്. അന്വേഷണം ഉചിതമായിരുന്നില്ലെന്ന മാതാപിതാക്കളുടെ സംശയം ദൂരീകരിക്കേണ്ടതുണ്ട്. അതിനാൽ, പരാതി ലഭിച്ച ദിവസം മുതൽ പൊലീസ് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നത് സംബന്ധിച്ച പത്രിക സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.