കൊച്ചി: ഒന്നും രണ്ടുമല്ല, പതിനൊന്ന് ദിവസത്തോളം കേരളമൊന്നാകെ കേൾക്കാൻ കാതോർത്തിരുന്ന ആ ഹൈകമാൻഡ് പ്രഖ്യാപനത്തിനൊടുവിൽ, നാടകീയതയുടെ നാൾവഴികൾ പിന്നിട്ട്, സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ‘ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട’ മുഖ്യമന്ത്രിയായി വാഴാനൊരുങ്ങുകയാണ് എറണാകുളം പറവൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി.ഡി. സതീശൻ. ലക്ഷക്കണക്കിന് യു.ഡി.എഫ് പ്രവർത്തകരുടെയും കക്ഷിരാഷ്ട്രീയമേതുമില്ലാത്ത പൊതുജനങ്ങളുടെയുമെല്ലാം സ്വന്തം ‘വി.ഡി.എസ്’ ഇന്ന് അധികാരത്തിലേറുമ്പോൾ കേരളം ഒരു പുതുയുഗപ്പിറവിക്കു കൂടിയാണ് സാക്ഷ്യം വഹിക്കുന്നത്.
കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായും കോൺഗ്രസിന്റെ അഞ്ചാം മുഖ്യമന്ത്രിയായും ചുമതലയേൽക്കുന്ന വി.ഡി. സതീശനൊപ്പം മന്ത്രിസഭ ഒന്നാകെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. 2016 മുതൽ തുടർച്ചയായ പത്തു വർഷം അധികാരത്തിലിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാറിനെ താഴെയിറക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച, കേരളത്തിലെ യു.ഡി.എഫിന്റെ ക്യാപ്റ്റനായ വി.ഡി. സതീശനെ വൈകിയാണെങ്കിലും ഏറെ അർഹതയുള്ള പദവി തന്നെയാണ് കോൺഗ്രസിന്റെ ദേശീയ േനതൃത്വം ഏൽപിക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പ് ടീം യു.ഡി.എഫിനെ ഒറ്റക്കെട്ടായി നയിച്ച, കേരളത്തിലങ്ങോളമിങ്ങോളം ഓടിനടന്ന് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ, യു.ഡി.എഫ് 100ലേറെ സീറ്റുകൾക്ക് അധികാരത്തിലേറുമെന്നതുൾപ്പെടെ കൃത്യമായ രാഷ്ട്രീയ വിശകലനം നടത്തി, അതെല്ലാം യാഥാർഥ്യമാക്കിയ വി.ഡി. സതീശനെ, തെരഞ്ഞെടുപ്പിെല അത്യുജ്ജ്വല വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പദം നൽകാതെ ‘ഒതുക്കാനുള്ള’ ശ്രമം കേരള ജനതയും ഘടകകക്ഷികളും ചേർന്ന് ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കുന്ന കാഴ്ചക്കും കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയകേരളം സാക്ഷ്യം വഹിച്ചു. വർഗീയതക്കും കോൺഗ്രസിലെ ഗ്രൂപ്പിസത്തിനുമെതിരെയെല്ലാം ശക്തമായ വാക്കുകളിൽ നിലപാടു പറഞ്ഞ വി.ഡി. സതീശൻ 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയാകുമെന്നുറപ്പിച്ചിരുന്നെങ്കിലും അന്നാ അവസരം നഷ്ടമായി. ഇത്തരത്തിൽ പല പദവികളും കപ്പിനും ചുണ്ടിനുമിടക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.
കൗമാരകാലം മുതൽ കെ.എസ്.യുവിലൂടെ ആരംഭിച്ച് കോൺഗ്രസ് രാഷ്ട്രീയത്തെ ജീവിതത്തിലുടനീളം ഒപ്പം ചേർത്തയാളാണ് വി.ഡി.എസ്. 1996ൽ എറണാകുളം പറവൂരിൽ സി.പി.ഐയിലെ പി. രാജുവിനെതിരെ മത്സരിച്ചാണ് അദ്ദേഹം കേരളത്തിന്റെ രാഷ്ട്രീയഭൂമികയിൽ തന്റെ ശ്രദ്ധേയ സാന്നിധ്യമുറപ്പിക്കുന്നത്. ആ വർഷം പരാജയപ്പെട്ടെങ്കിലും പിന്നീടിങ്ങോട്ട് ആറു തവണ തോൽവിയറിയാതെ പറവൂരിന്റെ എം.എൽ.എ സ്ഥാനം അലങ്കരിച്ചു. 2021ൽ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.
ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി (തമിഴ്നാട് ചുമതല), കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരള നിയമസഭയിലെ പബ്ലിക് എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെയും ചെയർമാനായും സേവനം അനുഷ്ഠിച്ചു. വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃനിരയിൽ പ്രവർത്തിക്കുന്ന വി.ഡി. സതീശനെ തേടി എ.എ. റഹീം മെമ്മോറിയൽ ബെസ്റ്റ് പാർലമെന്റേറിയൻ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്.
സോഷ്യോളജിയിലും നിയമത്തിലും ബിരുദം നേടിയ അദ്ദേഹം, മുഴുസമയ രാഷ്ട്രീയ പ്രവർത്തകനാകുന്നതിന് മുമ്പ് ഹൈകോടതിയിൽ അഭിഭാഷകനായിരുന്നു. വായനയിലും പൊതുപ്രസംഗത്തിലും ഏറെ താൽപര്യമുള്ള അദ്ദേഹം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. എറണാകുളം നെട്ടൂരിൽ പരേതരായ കെ. ദാമോദര മേനോന്റെയും വിലാസിനി അമ്മയുടെയും മകനായി 1964 മേയ് 31ന് ജനിച്ചു. നാല് സഹോദരൻമാരും ഒരു സഹോദരിയുമുണ്ട്. നെട്ടൂര്‍ എസ്.വി.യു.പി സ്കൂള്‍, പനങ്ങാട് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തേവര സേക്രഡ് ഹാര്‍ട്ട് കോളജ്, രാജഗിരി കോളജ് എന്നിവിടങ്ങളിൽ ഉന്നതപഠനം. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിൽ നിന്ന് എൽഎൽ.ബിയും ഗവ. ലോ കോളജിൽനിന്ന് എൽഎൽ.എമ്മും നേടി. ഭാര്യ ലക്ഷ്മിപ്രിയയും ഗവേഷക വിദ്യാർഥിയായ മകൾ എസ്. ഉണ്ണിമായയുമാണ് രാഷ്ട്രീയ പ്രവർത്തനത്തിലെ വിശ്രമമില്ലാത്ത ജീവിതത്തിൽ പിന്തുണയുമായി ഒപ്പമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.