കോഴിക്കോട്: തമിഴ്‌നാട് ചേരമ്പാടി വനത്തില്‍ മൃതദേഹം കുഴിച്ചുമൂടിയ കേസിലെ മുഖ്യപ്രതി നൗഷാദിന്റെ വിമാനയാത്ര നാടകീയം. സൗദിയില്‍ കഴിയുകയായിരുന്ന നൗഷാദിന്റെ വിസ കാലാവധി അവസാനിച്ചതിനാലാണ് നാട്ടിലേക്ക് തിരിച്ചത്.
സൗദിയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കായിരുന്നു ടിക്കറ്റെടുത്തത്. ഇതനുസരിച്ച് നൗഷാദിനെ നെടുമ്പാശ്ശേരിയില്‍ അറസ്റ്റുചെയ്യാനുള്ള എല്ലാ ഒരുക്കവും പൊലീസ് പൂര്‍ത്തിയാക്കി. എന്നാൽ, പൊലീസിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് യാത്രാമധ്യേ നൗഷാദ് മസ്‌കത്തില്‍ വിമാനമിറങ്ങി. പിന്നീട് ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് നിലവിലുള്ള സാഹചര്യത്തിലാണ് ബംഗളൂരു വിമാനത്താവളത്തില്‍ ഇയാളെ പിടികൂടാനായത്.
സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ് ഉണ്ടായതിനു പിന്നാലെ ഇയാളുടേത് ആത്മഹത്യയാണെന്നാണ് നൗഷാദ് ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയത്.
ഹേമചന്ദ്രനുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്നുവെന്ന് സമ്മതിക്കുന്ന നൗഷാദ്, പണം വസൂലാക്കുന്നതിന് ഹേമചന്ദ്രനുമൊത്ത് വിവിധ സ്ഥലങ്ങളില്‍ പോയിരുന്നുവെന്നും അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് തന്റെ അധീനതയിലുള്ള സുൽത്താൻ ബത്തേരി ബീനാച്ചിയിലെ വീട്ടില്‍ താമസിക്കാന്‍ അനുവദിച്ചതെന്നും പറയുന്നു. പിറ്റേന്ന് രാവിലെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ ഹേമചന്ദ്രനെ, സുഹൃത്തുക്കളെ വിളിച്ചുവരുത്തി ചേരമ്പാടിയിലെ വനത്തില്‍ കുഴിച്ചുമൂടിയെന്നാണ് ഫേസ്ബുക്ക് ലൈവിൽ ഇയാൾ വിശദീകരിച്ചത്.
അതേസമയം, കോഴിക്കോട്ടുനിന്ന് തട്ടിക്കൊണ്ടുപോകവെ കാറില്‍ വെച്ചുതന്നെ ഹേമചന്ദ്രന് മര്‍ദനമേറ്റിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് കൊല്ലപ്പെട്ട ശേഷം മൃതദേഹം മറവുചെയ്യാൻ പല സ്ഥലങ്ങളും അന്വേഷിച്ചു. അവസാനം ചേരമ്പാടിയിലെ ആനയിറങ്ങുന്ന കാട് തിരഞ്ഞെടുക്കുകയായിരുന്നു. കൊടും കാടായതിനാലും എപ്പോഴും ആനയുണ്ടാവുന്ന സ്ഥലമായതിനാലും ആരും എത്തിപ്പെടുകയില്ലെന്നായിരുന്നു നിഗമനം.
ഹേമചന്ദ്രന്റെ സുഹൃത്തുക്കളെന്ന നിലയിൽ നൗഷാദ് അടക്കമുള്ളവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തേ പലതവണ വിളിച്ചുവരുത്തിയെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാൽ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് നൗഷാദ് സന്ദർശക വിസയില്‍ സൗദിയിലേക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.