ന്യൂഡൽഹി: സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ രഞ്ജിത് കുമാർ സർക്കാറിനെതന്നെ സംശയത്തിന്റെ നിഴലിലാക്കുകയാണോ എന്ന ചോദ്യം സുപ്രീംകോടതി ഉന്നയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച് അഞ്ചുവര്‍ഷം എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ടിൽ എന്തെങ്കിലും ചെയ്തെന്ന് കാണിക്കാനാണോ എസ്.ഐ.ടിയുടെ അന്വേഷണമെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു.
റിപ്പോര്‍ട്ടിന്റെ സ്വഭാവം കണക്കിലെടുത്താണ് നടപടി എടുക്കാത്തതെന്ന് രഞ്ജിത് കുമാര്‍ ഇതിന് മറുപടി നൽകി. ശക്തരാണ് സിനിമ മേഖല നിയന്ത്രിക്കുന്നതെന്നും ഒട്ടേറെ പണം ഇടപാടുകള്‍ നടക്കുന്ന മേഖലയാണിതെന്നും കൂടി അഭിഭാഷകൻ പറഞ്ഞപ്പോഴാണ് താങ്കൾ സംസ്ഥാന സര്‍ക്കാറിനെ സംശയത്തിലാക്കുകയാണോ എന്ന് രഞ്ജിത്ത് കുമാറിനോട് സുപ്രീംകോടതി ചോദിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹരജി നൽകാൻ സിനിമ നിർമാതാവായ സജിമോൻ പാറയിലിന് എന്താണ് അവകാശമെന്ന് സുപ്രീംകോടതി ചോദിച്ചു. സജിമോനെതിരെ ഹൈകോടതിയുടെ എന്ത് ഉത്തരവാണുള്ളതെന്നും എന്തിന് അദ്ദേഹത്തെ കേൾക്കണമെന്നും കോടതി ചോദിച്ചു. സജിമോൻ പാറയിലിനും മേക്കപ് ആർട്ടിസ്റ്റിനും അപ്പീൽ നൽകാനുള്ള അവകാശമില്ലെന്ന് വനിത കമീഷൻ വാദിച്ചു. സജിമോൻ പാറയിലിനെ മുന്നിൽ നിർത്തുന്നത് വലിയ വ്യക്തികളാകാമെന്ന് ഡബ്ല്യു.സി.സിയും വാദിച്ചു.
ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ച മാല പാര്‍വതിയും മേക്കപ് ആര്‍ട്ടിസ്റ്റും പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസുമായി മുന്നോട്ട് പോകാന്‍ താൽപര്യമില്ലെന്ന് പറഞ്ഞ് ഹൈകോടതിയെ സമീപിച്ചിട്ടില്ലെന്ന് സംസ്ഥാന വനിത കമീഷന് ബോധിപ്പിച്ചു. ഇതു കൂടാതെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നോഡല്‍ ഓഫിസറെയും പരാതിയുമായി മുന്നോട്ടുപോകാന്‍ താൽപര്യം ഇല്ലെന്ന് അറിയിച്ചിട്ടില്ല. ക്രിമിനല്‍ കേസ് എടുത്തില്ലെങ്കിലും, ഹേമ കമ്മിറ്റിയുടെ ശിപാര്‍ശ നടപ്പാക്കുന്നത് സംബന്ധിച്ച നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിരവധി പേർ ഇനിയും പരാതി നൽകാൻ തയാറാണെന്നും സ്ത്രീകൾക്ക് സിനിമയിൽ സുരക്ഷിതത്വമില്ലെന്നും വനിത കമീഷന് അഭിഭാഷക പാർവതി മേനോൻ വാദിച്ചു.
ന്യൂഡൽഹി: കുറ്റകൃത്യം സംബന്ധിച്ച വിവരം ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് നിയമമെന്നും പ്രത്യേക അന്വേഷണ സംഘം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് നടപടിക്രമങ്ങളുടെ ഭാഗമാണെന്നും ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹരജിയിൽ സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അതിനാൽ എഫ്.ഐ.ആർ ഇടുന്നത് എങ്ങനെ തടയാനാകുമെന്നും ബെഞ്ച് ചോദിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷമാകാം കേസ് രജിസ്റ്റര്‍ ചെയ്തത് എന്ന അഭിപ്രായവും ഇതോടൊപ്പം സുപ്രീംകോടതി പ്രകടിപ്പിച്ചു. പരാതി നല്കാന് ആരെയും നിര്‍ബന്ധിക്കരുതെന്ന് ഹൈകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്തതിനാൽ ഇനിയെന്ത് ചെയ്യാനാകുമെന്ന ചോദ്യവും കോടതി ഉയർത്തി.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈകോടതി ഉത്തരവിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍, മാല പാര്‍വതി, ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. മൊഴി നല്‍കിയിട്ടുണ്ടെങ്കിലും തങ്ങള്‍ പീഡന പരാതി നല്‍കിയിട്ടില്ലെന്നും എന്നാല്‍ പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്ത് ബുദ്ധിമുട്ടിക്കുകയാണെന്നും മാല പാര്‍വതിയുടെ അഭിഭാഷകൻ ബോധിപ്പിച്ചപ്പോഴാണ് അങ്ങനെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് വിചിത്രമാണെന്നും പരാതി ഇല്ലാത്തവരെ അങ്ങനെ പീഡിപ്പിക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി പ്രതികരിച്ചത്. മൊഴി നൽകാൻ ആരെയും നിർബന്ധിക്കരുതെന്നാണ് ഹൈകോടതിയുടെ നിർദേശമെന്ന് സുപ്രീം കോടതി സർക്കാറിനെ ഓർമിപ്പിച്ചപ്പോൾ മൊഴി നൽകാൻ എസ്.ഐ.ടി ആരെയും നിർബന്ധിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.