കൊച്ചി: ഇടക്കിടെ ലഭിക്കുന്ന വേനൽമഴക്കിടയിലും ചൂട് കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും ഉഷ്ണതരംഗ സാധ്യത. 2016 ഏപ്രിൽ അവസാനമായിരുന്നു ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഉഷ്ണതരംഗം പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം ഏപ്രിലിലും മേയിലും ഉണ്ടായ താപനിലയിലൂടെതന്നെയാണ് ഇപ്പോഴും കടന്നുപോകുന്നത്. അതിനാൽ ഉഷ്ണതരംഗ സാധ്യത വളരെ ഏറെയാണ്.സംസ്ഥാനത്തിെൻറ പലകോണിലും കഴിഞ്ഞദിവസങ്ങളിൽ വേനൽമഴ ലഭിച്ചിരുന്നു. 72 കേന്ദ്രങ്ങളിലെ റിപ്പോർട്ടുകൾ അനുസരിച്ച് ശനിയാഴ്ച കേരളത്തിൽ 33 ശതമാനം സ്ഥലങ്ങളിൽ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണവിഭാഗം ഡയറക്ടർ എസ്. സുദേവൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
എന്നാൽ, വേനൽമഴ ശക്തമാകേണ്ട സമയമാണിത്. അത്രയും മഴ ലഭിക്കാത്തത് ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. മേയ് തുടക്കത്തിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമെ ഉഷ്ണതരംഗം ഉറപ്പിക്കാനാകൂ. കഴിഞ്ഞവർഷത്തെ സ്ഥിതിയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഇപ്പോഴത്തെ അവസ്ഥയും കണക്കിലെടുത്താൽ കേരളത്തിൽ ഉഷ്ണതരംഗ സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരാശരി അവസ്ഥയിലുള്ള കോഴിക്കോട്, കോട്ടയം, എറണാകുളം തുടങ്ങിയ മേഖലകളിൽ ഇപ്പോഴത്തേതിൽനിന്ന് ചൂട് വർധിച്ചാൽ ഉഷ്ണതരംഗം പ്രഖ്യാപിക്കാനാണ് സാധ്യത. സാധാരണദിവസങ്ങളിൽനിന്ന് വ്യത്യസ്തമായി അഞ്ചുമുതൽ ആറ് ഡിഗ്രി വരെ ചൂടേറിവരുകയും ഇത് ദിവസങ്ങളോളം തുടരുകയും ചെയ്യുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. സൂര്യാതപം ഏൽക്കാനും ജീവഹാനിവരെ സംഭവിക്കാനും സാധ്യതയുള്ള അവസ്ഥയാണിത്.
ഞായറാഴ്ച കേരളത്തിൽ അനുഭവപ്പെട്ട ശരാശരി താപനില 39 ഡിഗ്രിയായിരുന്നു. പാലക്കാട് 39, കൊല്ലം 38, കൊച്ചി 37, ആലപ്പുഴ 35, കോഴിക്കോട് 35 ഡിഗ്രി എന്നിങ്ങനെയാണ് ചൂട് അനുഭവപ്പെട്ടത്. കഴിഞ്ഞവർഷം ഏപ്രിൽ--മേയ് മാസങ്ങളിൽ 36 മുതൽ 41 വരെ ഡിഗ്രി ചൂടുണ്ടായിരുന്നു.
ഈ വർഷം ഏപ്രിൽ ആദ്യവാരംതന്നെ താപനില 37ലേക്ക് കടന്നിരുെന്നന്നത് അധികൃതർ നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ കഴിഞ്ഞവർഷം 41ഡിഗ്രിയിൽവരെ ചൂടെത്തിയത് ഉഷ്ണതരംഗത്തിന് വഴിവെക്കാൻ കാരണമായിരുന്നു. ഈ വർഷവും 40 ഡിഗ്രിയോടടുത്ത ചൂടാണ് അവിടെ അനുഭവപ്പെടുന്നത്. കേരളത്തിലെ ശരാശരി ഉൗഷ്മാവ് 40 ഡിഗ്രിയിലേക്ക് ഉയരാനും സാധ്യതയുണ്ട്. അതേസമയം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ കേരളത്തിലേതിനേക്കാൾ ഉഷ്ണതരംഗ സാധ്യതയേറെയാണ്. ഒഡിഷ, പശ്ചിമബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിൽ ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.