നിയമനോത്തരവ് നല്‍കുന്നതില്‍ ആരോഗ്യ സര്‍വകലാശാലക്ക് പിശുക്ക്; 16 പേര്‍ പുറത്ത്

തൃശൂര്‍: പി.എസ്.സി നിയമനത്തിന് അഡൈ്വസ് ചെയ്തവര്‍ക്ക് നിയമനോത്തരവ് നല്‍കുന്നതില്‍ കേരള ആരോഗ്യ സര്‍വകലാശാല പിശുക്ക് കാണിച്ചു. അസിസ്റ്റന്‍റ് തസ്തികയില്‍ 40 പേരെ പി.എസ്.സി അഡൈ്വസ് ചെയ്തപ്പോള്‍ 24 പേര്‍ക്ക് മാത്രമാണ് സര്‍വകലാശാല ഉത്തരവ് നല്‍കിയത്. നിയമനോത്തരവ് നല്‍കാന്‍ സര്‍വകലാശാല വൈകിക്കുന്നത് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് കുറച്ചുപേര്‍ക്ക് ഉത്തരവ് നല്‍കിയത്. ബാക്കിയുള്ളവര്‍ക്ക് ഉത്തരവ് നല്‍കുന്നത് ഡെപ്യൂട്ടേഷന്‍കാരുടെ താല്‍പര്യപ്രകാരം മാറ്റിവെച്ചിരിക്കുകയാണ്.

ആവശ്യത്തിന് ജീവനക്കാരില്ളെന്ന് പരിതപിക്കുന്ന ആരോഗ്യ സര്‍വകലാശാല പി.എസ്.സി അഡൈ്വസ് ചെയ്തവര്‍ക്ക് ഉത്തരവ് നല്‍കാതെ ഉഴപ്പുന്നുവെന്ന വാര്‍ത്ത വന്നതോടെയാണ് നിയമനത്തിന് അനക്കം വെച്ചത്. അസിസ്റ്റന്‍റുമാരുടെ 53 ഒഴിവുള്ളപ്പോള്‍ 40 എണ്ണം മാത്രമാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. ബാക്കി 13ല്‍ എട്ടെണ്ണം താല്‍ക്കാലിക തസ്തികയും അഞ്ചെണ്ണം സീനിയര്‍ അസിസ്റ്റന്‍റുമാരെ ആവശ്യമുള്ളതുമാണ് എന്നാണ് സര്‍വകലാശാല അതിന് പറഞ്ഞ ന്യായം. എന്നാല്‍, ഓരോ വര്‍ഷവും തസ്തികയുടെ തുടര്‍ച്ചക്ക് സര്‍ക്കാറില്‍നിന്ന് അനുമതി നേടിയാണ് എട്ട് തസ്തികകളില്‍ അസിസ്റ്റന്‍റുമാര്‍ തുടരുന്നത്.

അതില്‍ പി.എസ്.സി വഴി നിയമനം പാടില്ളെന്ന് എവിടെയും പറഞ്ഞിട്ടില്ളെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. സീനിയര്‍ അസിസ്റ്റന്‍റുമാര്‍ ഇല്ളെങ്കില്‍ പരിചയം കുറഞ്ഞവരെ പരിശീലിപ്പിക്കാന്‍ കഴിയില്ളെന്നാണ് അടുത്ത ന്യായം. എന്നാല്‍, വിവിധ സര്‍വകലാശാലകളില്‍നിന്ന് ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്ത് വിരമിച്ച 30ഓളം കണ്‍സള്‍ട്ടന്‍റുമാര്‍ ആരോഗ്യ സര്‍വകലാശാലയിലുണ്ട്. അവരെ പരിശീലകരാക്കാവുന്നതാണ്. ഫലത്തില്‍, ഉത്തരവ് നല്‍കാത്ത പതിനാറും റിപ്പോര്‍ട്ട് ചെയ്യാത്ത പതിമൂന്നും അടക്കം 29 ഒഴിവുകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആരോഗ്യ സര്‍വകലാശാല അവസരം നിഷേധിക്കുന്നുവെന്നാണ് ആക്ഷേപം.

സെക്രട്ടേറിയറ്റില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയ 16 പേര്‍ ആരോഗ്യ സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് തസ്തികയിലുണ്ട്. ഇവരെല്ലാം തൃശൂരിലും പരിസര ജില്ലകളിലുമുള്ളവരാണ്. ഈ തസ്തികകളില്‍ പി.എസ്.സി വഴിയുള്ള നിയമനം നടന്നാല്‍ ഇവരെല്ലാം സെക്രട്ടേറിയറ്റിലേക്ക് മടങ്ങണം. ഇവര്‍ക്കുവേണ്ടി 16 അധിക തസ്തികകള്‍ സര്‍വകലാശാലയില്‍ അനുവദിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അത് സാധ്യമാകുംവരെ പി.എസ്.സി അഡൈ്വസ് ചെയ്തവര്‍ക്ക് നിയമനം നല്‍കാതിരിക്കാനാണ് ലോബിയുടെ ശ്രമം.

Tags:    
News Summary - health university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.