തിരുവനന്തപുരം: ‘ആരോഗ്യം ആനന്ദം-വൈബ് 4 വെല്‍നസ്’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ജനകീയ കാമ്പയിനില്‍ സൂംബ ടീമിനൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണ ജോർജ്. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വ്യായാമത്തിനെത്തിയവർക്കൊപ്പം ചേർന്നാണ് മന്ത്രിയും സൂംബ ചുവടുകൾ വച്ചത്.
വൈബ് 4 വെൽനസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യ മേഖലയിൽ മികച്ച മാറ്റങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാറിന് സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വൈബ് 4 വെൽനസ് കാമ്പയിൻ വെബ്സൈറ്റും കായിക വകുപ്പ് സെൻട്രൽ സ്റ്റേഡിയത്തിൽ തയാറാക്കിയ ഓപ്പൺ ജിമ്മും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വീണ ജോർജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്താകെ 10 ലക്ഷത്തോളം പേരാണ് ആരോഗ്യം ആനന്ദം-വൈബ് 4 വെല്‍നസ് പരിപാടിയിൽ പങ്കെടുത്തത്.
ഡയാലിസിസിനിടെ രോഗികളുടെ മരണം: വിദഗ്ധസംഘമെത്തി
ആലപ്പുഴ: ഹരിപ്പാട് ഗവ. താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിനിടെ രണ്ട് രോഗികൾ മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന നടത്തി. ഡയാലിസിസ് ഉപകരണങ്ങൾ, ഉപയോഗിച്ച വെള്ളം എന്നിവയടക്കം പ്രാഥമികമായി പരിശോധിച്ചു. നിലവിൽ അപാകതകളൊന്നും കണ്ടെത്തിയില്ല. എന്നാൽ, കൂടുതൽ പരിശോധനക്ക് നിർദേശം നൽകി. ഇതിനായി എറണാകുളം ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ സഹായം തേടും.
മുഴുവൻ യന്ത്രസംവിധാനങ്ങളും സർവിസ് ചെയ്യാനും അണുവിമുക്തമാണെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിക്കും. ഡയാലിസിസിന് ഉപയോഗിക്കുന്ന ജലം പൂർണമായി അണുവിമുക്തമാക്കുന്ന എൻഡോ ടോക്സിൻ എന്ന പരിശോധനക്കും നിർദേശിച്ചിട്ടുണ്ട്. ഇത് പൂർത്തിയാക്കാൻ ഹരിപ്പാട്ടെ ഡയാലിസിസ് സൗകര്യം 15 ദിവസത്തേക്ക് നിർത്തിവെച്ചു.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ പച്ചക്കറി വ്യാപാരി ഹരിപ്പാട് വെട്ടുവേനി ചക്കനാട്ട് രാമചന്ദ്രൻ (60), ഓട്ടോഡ്രൈവർ കായംകുളം പുളിമുക്ക് പുതുക്കാട് വടക്കതിൽ മജീദ് (53) എന്നിവരാണ് മരിച്ചത്. അന്നേദിവസം ഏഴ് രോഗികളാണ് ഡയാലിസിസിന് വിധേയമായത്. ഇവരിൽ ഒരാൾ ഒഴികെ ബാക്കിയുള്ളവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്നാണ് വിവരം. വിറയലും ഛർദിയുമുണ്ടായ മൂന്നുപേരെ വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിലേക്കും ഒരാളെ സ്വകാര്യ ആശുപത്രിയിലേക്കുമാണ് മാറ്റിയത്. ഇതിൽ രണ്ടുപേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.