സംസ്ഥാനത്ത് ഷിഗെല്ല ജാഗ്രത; ഐസ് ഫാക്ടറികളിൽ പരിശോധന വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വ്യാപകമാകുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം അതിവേഗത്തിലാണെന്നും മരണനിരക്കിലുണ്ടായ വർധന അതീവ ഗൗരവകരമാണെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഈ വർഷം റിപ്പോർട്ട് ചെയ്ത കേസുകൾ കഴിഞ്ഞ വർഷത്തെ ആകെ കണക്കുകളെയും മറികടന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ലെങ്കിൽ ഈ വർഷം ഇതിനകം ആറു പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതിൽ അഞ്ച് മരണങ്ങളും ഈ മാസം മാത്രം സംഭവിച്ചു എന്നത് സ്ഥിതിയുടെ ഗൗരവം വർധിപ്പിക്കുന്നു. ഈ മാസം മാത്രം 91 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ പകുതിയും ഈ ജൂൺ മാസത്തിലാണെന്നത് ആശങ്കയുണർത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി തുടങ്ങിയ നഗരങ്ങൾക്ക് പുറമെ, ഇത്തവണ സംസ്ഥാനത്തെ മിക്ക ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗെല്ല പ്രധാനമായും പകരുന്നത്. ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് കട്ടകൾ രോഗം പരത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടോയെന്ന കാര്യത്തിൽ ആരോഗ്യ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഐസ് ഫാക്ടറികളിൽ കർശന പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയാൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങളും കുത്തനെ ഉയർന്നേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അതിവേഗം പടർന്നുപിടിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്ക രോഗമാണ് ഷിഗെല്ല. രോഗിയുടെ വിസർജ്യത്തിലൂടെ പുറത്തുവരുന്ന അണുക്കൾ ഭക്ഷണത്തിലോ വെള്ളത്തിലോ കലരുന്നത് വഴിയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗിയുമായുള്ള നേരിട്ടുള്ള സമ്പർക്കവും രോഗാണുക്കൾ സാന്നിധ്യമുള്ള പ്രതലങ്ങളിൽ സ്പർശിക്കുന്നതും രോഗം വരാൻ കാരണമാകാം. രക്തം കലർന്ന വയറിളക്കം, കഠിനമായ വയറുവേദന, പനി, ഛർദ്ദി, അമിതമായ ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ഭക്ഷണത്തിന് മുമ്പും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് കൃത്യമായി കഴുകുക. തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുടിക്കുക. ഭക്ഷണം നന്നായി പാകം ചെയ്ത് മാത്രം കഴിക്കുക. പഴങ്ങളും പച്ചക്കറികളും ഉപ്പുവെള്ളത്തിൽ നന്നായി കഴുകി ഉപയോഗിക്കുക. രോഗലക്ഷണങ്ങളുള്ളവർ ഭക്ഷണം പാകം ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കുക. ഭക്ഷണവും വെള്ളവും കേന്ദ്രീകരിച്ച് പരിശോധനകൾ കൂടുതൽ കർശനമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Health Department requires inspection of ice factories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.