അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കേസെടുത്ത് പൊലീസ്
അടൂർ: അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി സംഘർഷമുണ്ടാക്കിയെന്ന സംഭവത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 333-ാം വകുപ്പ് പ്രകാരമാണ് കേസ്. ശ്രീനാദേവിക്ക് പുറമെ അബിൻ ശിവദാസ്, നസ്മൽ, ഫെന്നി നൈനാൻ എന്നിവരും കേസിലെ പ്രതികളാണ്. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
ജൂലൈ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ, യൂട്യൂബർ രാജൻ ജോസഫിനെ എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത് അടൂർ സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങളും അക്രമവും അരങ്ങേറിയത്. അക്രമത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയെ തുടർന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൂർണമായി പുറത്തുവന്നതോടെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്. പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും, ശ്രീനാദേവി കുഞ്ഞമ്മ, കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ എന്നിവരടങ്ങുന്ന പ്രവർത്തകർ സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ചുകയറുന്നതും ദൃശ്യങ്ങളിലുണ്ട്. കൂടാതെ, സെല്ലിന് സമീപത്തുവെച്ച് രാജൻ ജോസഫുമായി കോൺഗ്രസ് പ്രവർത്തകർ തർക്കിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.
എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആരോപണം നിഷേധിച്ച് ശ്രീനാദേവി കുഞ്ഞമ്മ രംഗത്തെത്തി. താൻ രാജൻ ജോസഫിനെ ആക്രമിച്ചിട്ടില്ലെന്നും, സെല്ലിനുള്ളിലുണ്ടായിരുന്ന അദ്ദേഹത്തോട് 'സുഖമാണോ ചേട്ടാ' എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ശ്രീനാദേവിയുടെ വിശദീകരണം.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജയകൃഷ്ണൻ പള്ളിക്കലിന് അടൂർ ഒന്നാം ക്ലാസ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും പൊലീസ് നോട്ടീസ് പോലും നൽകിയിരുന്നില്ലെന്നും ജയകൃഷ്ണൻ യഥാർഥ പ്രതിയല്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിലെ ഒന്നാം പ്രതിക്ക് നേരത്തെ ജാമ്യം ലഭിച്ച കാര്യവും ചൂണ്ടിക്കാട്ടിയതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.