കോഴിക്കോടും തൃശൂരിലും ബിഎൽഎം ഓഫിസുകളിൽ ഇഡി പരിശോധന

കോഴിക്കോട്: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഭാരത്‌ലെജ്‌ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ ഓപറേറ്റിവ് സൊസൈറ്റിയുടെ (ബി.എൽ.എം) കോഴിക്കോട് അരയിടത്തുപാലത്തെ ഓഫിസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി.

ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഇ.ഡി സംഘം എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലും ചെന്നൈയിലുമുള്ള ഓഫിസുകളിൽ നടത്തിയ പരിശോധനയുടെ ഭാഗമായാണ് സി.ആർ.പി.എഫിന്റെ അകമ്പടിയോടെ ഇ.ഡി സംഘം കോഴിക്കോട് ഓഫിസിലും പരിശോധന നടത്തിയത്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരവും ഹവാല ഇടപാടുകളുണ്ടോയെന്ന് കണ്ടെത്തുന്നതിനുമാണ് പരിശോധന. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളും മറ്റു രേഖകളുമെല്ലാം ഇ.ഡി സംഘം പരിശോധിച്ചതായാണ് വിവരം. ബി.എൽ.എമ്മുമായി ബന്ധപ്പെട്ട് ഇ.ഡി നേരത്തെ പ്രാഥമിക പരിശോധന നടത്തിയിരുന്നു. രാവിലെ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടു.

സൊസൈറ്റിയുടെ അക്കൗണ്ടിൽ നിന്ന് 80 കോടി രൂപ പല അക്കൗണ്ടുകളിലേക്കായി മാറ്റിയെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് സൊസൈറ്റി സ്ഥാപകനും മുൻ ചെയർമാനുമായ ആർ. പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് സമർപ്പിച്ച അപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും.

തൃശൂരിൽ രാഗം തിയറ്ററിൽ റെയ്ഡ്

തൃശൂർ: ബി.എല്‍.എം സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ രാഗം തിയറ്ററിലും (ജോര്‍ജേട്ടന്‍സ് രാഗം) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.

തൃശൂർ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള രാഗം തിയറ്റര്‍ ഫിനാന്‍ഷ്യല്‍ സ്ഥാപനത്തില്‍ പണയപ്പെടുത്തിയതായും എന്നാല്‍, ഇതില്‍നിന്ന് ലഭിച്ച കോടിക്കണക്കിന് രൂപ സൊസൈറ്റിയുടെ അക്കൗണ്ടില്‍ എത്തിയില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

സൊസൈറ്റിയുടെ മറവില്‍ 300 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എന്നാല്‍, തട്ടിപ്പ് 5000 കോടി കടക്കുമെന്ന് പരാതിക്കാര്‍ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.