മിനിമം വേതന വര്‍ധനക്ക് നിര്‍ദേശം; ലേബര്‍ കോഡ് കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: മിനിമം വേതന വര്‍ധനക്കും കൂടുതല്‍ തൊഴിലാളികളെ ബോണസ് പരിധിയില്‍ ഉള്‍പ്പെടുത്താനുമുള്ള നിര്‍ദേശങ്ങളോടെ ലേബര്‍ കോഡ് കരട് റിപ്പോര്‍ട്ട്. തൊഴിലാളികളുടെ ക്ഷേമം, തൊഴില്‍ സുരക്ഷ, വേതനം, ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കാൻ വിവിധ നിയമഭേദഗതികളും നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
ലേബര്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രേഡ് യൂനിയന്‍ പ്രതിനിധികളുമായും മറ്റു ബന്ധപ്പെട്ട കക്ഷികളുമായും നടത്തിയ വിശദ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ കരട് റിപ്പോര്‍ട്ട് മന്ത്രി ബിന്ദു കൃഷ്ണ, മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി.
മിനിമം വേതനം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താൻ, നിലവിലെ ഫാമിലി യൂനിറ്റ് മൂന്ന് എന്നത് മാതാപിതാക്കളെക്കൂടി ഉള്‍പ്പെടുത്തി അഞ്ചാക്കാനാണ് നിര്‍ദേശം. ഇതിലൂടെ മിനിമം വേതനം കണക്കാക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ വേതനം ലഭിക്കും. അപകടസാധ്യതയുള്ള തൊഴില്‍ പ്രക്രിയകളിലുള്ളവർക്ക് സൗജന്യ മെഡിക്കല്‍ പരിശോധനക്ക് വ്യവസ്ഥയുണ്ട്.
സ്ത്രീതൊഴിലാളികള്‍ക്ക് രാത്രി ജോലി ചെയ്യാന്‍ അനുമതി നല്കുന്ന വ്യവസ്ഥയില്‍ കര്‍ശന സുരക്ഷ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തും. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ വ്യവസ്ഥകള്‍ സംസ്ഥാന ചട്ടങ്ങളില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.
കൂടുതല്‍ തൊഴിലാളികളെ ബോണസ് ഉള്‍പ്പെടെ ആനുകൂല്യങ്ങളുടെ പരിധിയില്‍ കൊണ്ടുവരും. ലേബര്‍ കോഡുകള്‍ സംബന്ധിച്ച് സംസ്ഥാനത്തിന്റെ ആശങ്കകളും തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച നിര്‍ദേശങ്ങളും പ്രത്യേക സമിതി വിശദമായി പരിശോധിച്ചു.
സംസ്ഥാനതലത്തില്‍ നിര്‍ദേശിച്ച ഭേദഗതികള്‍ ജസ്റ്റിസ് ഗോപാല്‍ ഗൗഡ കമ്മിറ്റി പരിശോധിച്ച് ആവശ്യമായ ഭേദഗതി ശിപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ലോക്കൗട്ട്, ലേ ഓഫ് തുടങ്ങിയ വ്യവസ്ഥകളില്‍ സംസ്ഥാന സര്‍ക്കാറിന് കൂടുതല്‍ ഇടപെടലിന് സാഹചര്യമുണ്ടാക്കുന്ന നിയമഭേദഗതികൾക്ക് ശിപാർശയുണ്ട്.
ലേബര്‍ കോഡിന്റെ അനുബന്ധമായി സംസ്ഥാന ചട്ടങ്ങള്‍ രൂപവത്കരിക്കുന്നതിന് പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒക്ടോബര്‍ 22ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിയുണ്ടാക്കാൻ തീരുമാനിച്ചത്.
ലേബര്‍ കമീഷണര്‍ കണ്‍വീനറും നിയമവകുപ്പ് അഡീഷനല്‍ സെക്രട്ടറി അംഗവും വിവിധ ട്രേഡ് യൂനിയനുകളുടെ ഏഴ് പ്രതിനിധികളും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും അംഗങ്ങളുമാണ്. ഈ സമിതി 10 ദിവസം നീണ്ട വിശദ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് കരട് റിപ്പോര്‍ട്ട് തൊഴില്‍ മന്ത്രിക്ക് സമര്‍പ്പിച്ചത്.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കും -ബിന്ദു കൃഷ്ണ
തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിച്ചായിരിക്കും ലേബര്‍ കോഡ് നടപ്പാക്കുകയെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ. ലേബര്‍ കോഡ് കരട് റിപ്പോര്‍ട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും താൽപര്യങ്ങള്ക്കും ഹാനികരമാകാത്ത വിധത്തില്‍ നിയമപരമായ പരിധിക്കുള്ളില്‍നിന്ന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മാത്രമേ ലേബര്‍ കോഡുകള്‍ നടപ്പാക്കുകയുള്ളൂ. തൊഴിലാളി സംഘടനകളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.