‘അന്നും ധരിച്ചത് അതേ കണ്ണട’; വിവാദ ബിസിനസുകാരൻ കാണാൻ വന്നെന്ന് സതീശൻ, ഡികെ ശിവകുമാറിന്‍റെ വെളിപ്പെടുത്തൽ ശരിവെച്ചു
തിരുവനന്തപുരം: മെറ്റാ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ചുള്ള ഒളികാമറ ഓപറേഷൻ വിവാദത്തിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ വെളിപ്പെടുത്തൽ ശരിവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ മെറ്റ എ.ഐ സ്മാർട്ട് ഗ്ലാസ് ധരിച്ചിരുന്ന ബിസിനസുകാരൻ, തന്നെ കാണാൻ വന്നപ്പോഴും ഇതേ ഗ്ലാസ് തന്നെയാണ് ധരിച്ചിരുന്നതെന്ന് സതീശൻ പറഞ്ഞു.
ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഡി.കെ. ശിവകുമാറിനെയും തന്നെയും കാണാൻ വന്നപ്പോൾ മാത്രം ഈ ബിസിനസുകാരൻ എന്തിനാണ് സ്മാർട്ട് ഗ്ലാസ് ധരിച്ചതെന്ന് വ്യക്തമാകുന്നില്ല.
എന്നാൽ ഇതേ വ്യവസായി ബി.ജെ.പി നേതാക്കളെയും മറ്റ് കേന്ദ്രമന്ത്രിമാരെയും കണ്ട ചിത്രങ്ങളിൽ ഈ കണ്ണട ധരിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് അന്വേഷണം നടത്തുന്നതിനാൽ, കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. കേരള സർക്കാർ പ്രത്യേകം അന്വേഷണം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
മെറ്റ എ.ഐ ഗ്ലാസ് ഉപയോഗിച്ച് തന്നെയും കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും ലക്ഷ്യമിട്ട് രഹസ്യ സ്റ്റിങ് ഓപറേഷൻ ശ്രമം നടന്നതായി ഡി.കെ. ശിവകുമാർ സ്വകാര്യ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
‘തന്നെ സന്ദർശിക്കാനെത്തിയ ഒരു വ്യവസായി ധരിച്ചിരുന്ന മെറ്റ സ്മാർട്ട് ഗ്ലാസാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് സന്ദർശകന്റെ നീക്കങ്ങളെക്കുറിച്ചും മറ്റ് രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകി.
തന്നെയും മറ്റ് കോൺഗ്രസ് നേതാക്കളെയും ലക്ഷ്യമിട്ട് നടത്തിയ വിപുലമായ സ്റ്റിങ് ഓപറേഷന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായിരുന്നു ഈ സംഭവമെന്ന് ശിവകുമാർ ആരോപിച്ചു. ഉദ്യോഗസ്ഥർ മുഖേന അനുമതി വാങ്ങിയാണ് വ്യവസായി തന്നെ കാണാനെത്തിയത്. ആദ്യം ബിസിനസ് കാര്യങ്ങളാണ് സംസാരിച്ചത്.
പിന്നീട് സംഭാഷണം രാഷ്ട്രീയത്തിലേക്ക് മാറി. ബൂത്ത് തലത്തിലുള്ള തന്ത്രങ്ങളെക്കുറിച്ചും രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കാൻ തുടങ്ങി. വ്യവസായിയുടെ സംസാരത്തിലെ മാറ്റവും ധരിച്ചിരുന്ന സ്മാർട്ട് ഗ്ലാസുകളുമാണ് സംശയത്തിനിടയാക്കിയത്’ -ശിവകുമാർ പറഞ്ഞു.
തന്നെ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യത്തിന്, അധികൃതർ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നില്ലെന്നുമാണ് അദ്ദേഹം മറുപടി നൽകിയത്.
തനിക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം, കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചക്കിടയിലും സന്ദർശകൻ ഇതേ മെറ്റ ഗ്ലാസ് ധരിച്ചിരുന്നു. എന്നാൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഒരു കേന്ദ്രമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഇയാൾ ഈ കണ്ണട ധരിച്ചിരുന്നില്ലെന്നും ശിവകുമാർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.