പി.എസ്.സി ആസ്ഥാനം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിലെ ചീഫ് (ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷയുടെ മൂല്യനിർണ്ണയത്തിൽ ഗുരുതരമായ സാങ്കേതിക പിഴവ് സംഭവിച്ചതായി പി.എസ്.സിയുടെ കുറ്റസമ്മതം. പരീക്ഷയുടെ മൂല്യനിർണ്ണയ ഘട്ടത്തിൽ നടന്ന ഈ വീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പിഎസ്‌സി കമ്മീഷൻ ആഭ്യന്തര വിജിലൻസ് വിഭാഗത്തിന് നിർദേശം നൽകി.
ഓൺസ്‌ക്രീൻ മാർക്കിങ് (OSM) രീതിയിൽ നടത്തിയ മൂല്യനിർണ്ണയത്തിലാണ് പിഴവ് സംഭവിച്ചത്. പരീക്ഷയുടെ ഒന്നാം പേപ്പറിലെ ഇക്കണോമിക്‌സ് വിഷയത്തിൽ പത്ത് ചോദ്യങ്ങൾക്കായിരുന്നു മൂല്യനിർണ്ണയം നടത്തേണ്ടിയിരുന്നത്. എന്നാൽ, ആകെ മൂല്യനിർണ്ണയം നടത്തേണ്ടിയിരുന്ന 228 ഉത്തരക്കടലാസുകളിൽ 177 എണ്ണത്തിലും ക്രമനമ്പർ 10 മുതൽ 18 വരെയുള്ള ഒമ്പത് ചോദ്യങ്ങൾ മൂല്യനിർണ്ണയത്തിനായി വിദഗ്ധർക്ക് അസൈൻ ചെയ്തിട്ടില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
മൂല്യനിർണ്ണയത്തിൽ പിഴവ് സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആഭ്യന്തര വിജിലൻസ് ഓഫീസർ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. വിജിലൻസ് ഓഫിസർ സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് കമ്മീഷൻ യോഗം വിശദമായി പരിഗണിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, വിജിലൻസ് ആന്റ് ഇന്റേണൽ സെക്യൂരിറ്റി ഓഫീസറോട് (V. & I.S.O) സമഗ്രവും വിശദവുമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ നിർദ്ദേശം. ഈ റിപ്പോർട്ട് ലഭിച്ച ശേഷം പരീക്ഷാ നടപടികളിലെ തുടർകാര്യങ്ങളിൽ കമ്മീഷൻ അന്തിമ തീരുമാനമെടുക്കും
അഡീ. സെക്രട്ടറിക്ക് തത്തുല്യമായ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. ക്രമക്കേടിനെ തുടർന്ന് പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കാന്‍ കമീഷന്‍ തീരുമാനിച്ചിരുന്നു. പരീക്ഷയെഴുതിയ പലരുടെയും ഉത്തരങ്ങൾ പരിശോധിച്ചില്ല. ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധനയിലാണ് മാർക്ക് നൽകിയില്ലെന്ന് കണ്ടെത്തിയത്. പരീക്ഷ കഴിഞ്ഞ് പി.എസ്.സി അതിവേഗം നിയമന ശുപാർശയും നൽകിയിരുന്നു. ഇടത് അനുകൂല സംഘടനയിലെ അംഗമാണ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളിലായിരുന്നു നിയമനം. പിഴവ് തിരുത്താതെയാണ് അതിവേഗ നിയമന ശുപാർശ നൽകിയത്. സർക്കാരിന് നേരിട്ട് ഉപദേശം നൽകുന്ന ആസൂത്രണ ബോർഡിലെ ഉന്നത പദവിയിലേക്കാണ് വഴിവിട്ട നിയമനം നടത്തിയത്. ഒരു ഒഴിവുമാത്രമുള്ള പദവിയിലേക്ക് എഴുത്ത് പരീക്ഷ മുമ്പ് നടത്തിയിരുന്നു. എന്നാൽ, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് മാർക്ക് വ്യക്തമാക്കാതെയാണെന്നും അഭിമുഖത്തിലും എഴുത്ത് പരീക്ഷയിലും കിട്ടിയ മാർക്ക് ഉദ്യോഗാർഥികളിൽ നിന്ന് മറച്ചുവെച്ചുവെന്നും ഉദ്യോഗാർഥികൾ ആരോപിക്കുകയായിരുന്നു.
പരീക്ഷയിൽ 100 മാർക്കിന്റെ രണ്ട് പേപ്പറുകളാണ് ഉണ്ടായിരുന്നത്. അതിൽ രണ്ടാം പേപ്പറിലാണ് ക്രമക്കേട് നടന്നത്. രണ്ടാം പേപ്പറിൽ 100 മാർക്കിന് 28 ചോദ്യങ്ങളുണ്ടായിരുന്നു. ഒരു ഉദ്യോഗാർഥി ഉത്തരക്കടലാസ് പരിശോധിച്ചപ്പോൾ ഒമ്പത് മുതൽ 19 വരെയുള്ള ഉത്തരങ്ങൾക്ക് മാർക്ക് നൽകിയില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് പരീക്ഷ പി.എസ്.സി അട്ടിമറിച്ചെന്ന സംശയം ബലപ്പെട്ടന്നത്. ഉത്തരക്കടലാസ് പകർപ്പിന് അപേക്ഷ നൽകിയവരെ ഒരു വർഷം പി.എസ്.സി വട്ടം കറക്കിയിരുന്നു.
വിവരാവകാശ നിയമപ്രകാരവും ഉത്തരക്കടലാസ് നൽകിയില്ല. ഇതിന് പിന്നാലെ ആസൂത്രണ ബോർഡിലെ ഉന്നത നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.