രോഗികളിൽ നിന്ന് പിരിവിട്ട് ഉപകരണം വാങ്ങേണ്ട ഗതികേടിലാണെന്നും സംഘടനകളോടും സ്ഥാപനങ്ങളോടും ഇരന്നുവാങ്ങി മടുത്തെന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. ആറേഴു മാസമായി ഇത്തരത്തിൽ പല സംഘടനകളുടെയും സംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹായം തേടിയാണ് ശസ്ത്രക്രിയ മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോകുന്നത്.
രോഗികളിൽനിന്ന് പണം പിരിച്ച് ഈ ഉപകരണം വാങ്ങി കടമ്പകൾ കടക്കുന്ന സ്ഥിതിയുണ്ടായി. ശസ്ത്രക്രിയ മുടങ്ങിയിട്ടില്ലെന്ന് ചിലർ കണക്കുനിരത്തുന്നുണ്ട്. അതിന് കാരണം ഇത്തരത്തിൽ ഇരന്നുവാങ്ങിയതാണെന്നു കൂടി മനസ്സിലാക്കണം. ഉപകരണങ്ങൾ വാങ്ങും, പക്ഷേ അനുബന്ധ ഭാഗങ്ങൾ കിട്ടില്ല. ഉപകരണമുണ്ടെങ്കിലും അത് ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ എന്താണ് പ്രയോജനം. ആർക്കെങ്കിലും ഗുരുതര പ്രശ്നമുണ്ടാക്കാനോ രാഷ്ട്രീയ വിവാദം സൃഷ്ടിക്കാനോ അല്ല താൻ പോസ്റ്റിട്ടത്. താൻ ഒളിച്ചിരിക്കുന്നെന്ന തെറ്റിദ്ധാരണയുണ്ടാകാതിരിക്കാനാണ് വീണ്ടും മാധ്യമങ്ങളെ കണ്ടത്.
ഞങ്ങളെ സംബന്ധിച്ച് ഒരു ഫയലെന്നത് ഒരു ജീവിതമല്ല, ഒരു കൂട്ടം ആളുകളുടെ ജീവിതമാണ്. അതിന് അടിയന്തര പ്രാധാന്യം കൊടുക്കാത്തത് എന്തുകൊണ്ടെന്നത് മനസ്സിലാകുന്നില്ല. തുറന്നുപറച്ചിലിന്റെ പേരിൽ നടപടിയുണ്ടാകുന്നതിൽ ഒരു ഭയവുമില്ല. എന്നോടൊപ്പം സർക്കാർ സർവിസിൽ കയറിയവർ അതെല്ലാം ഉപേക്ഷിച്ച് സ്വകാര്യാശുപത്രികളിൽ പോയി കോടികൾ സമ്പാദിച്ചു. പക്ഷേ, താൻ ഇപ്പോഴും ഈ കുടുസുവീട്ടിലാണ് കഴിയുന്നത്.
സർക്കാർ കോളജിൽ പഠിച്ചതുകൊണ്ട് സർക്കാറിന് സേവനം കൊടുക്കണമെന്ന നിലപാടിന്റെ ഭാഗമാണത്. സമ്മർദങ്ങളൊന്നുമില്ല. ഓഫിസിലെ ചെയറിൽ ഒപ്പിട്ടിരിക്കുന്നയാളല്ല താൻ. രാവിലെ മുതൽ വൈകീട്ട് വരെ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. ഉച്ചഭക്ഷണംപോലും പലപ്പോഴും വൈകീട്ട് ആറിനാണ് കഴിക്കുന്നത്. തന്റെ തലയിൽ രോഗികളുടെ പ്രശ്നങ്ങളാണ്. ഇതിനു പുറമെയാണ് അഡ്മിനിസ്ട്രേറ്റിവ് ജോലികളും അധ്യാപനവും.
താൻ സർവിസിൽ കയറിയത് മുതലുള്ള ലീവുകൾ അക്കൗണ്ടിലുണ്ട്. എപ്പോൾ വേണമെങ്കിലും ലീവ് എടുക്കാം. ഞായറാഴ്ച ഉൾപ്പെടെ 360 ദിവസവും ആശുപത്രിയിൽ പോകുന്നയാളാണ് താൻ. 10-30 ലക്ഷം രൂപയുടെ സാധനങ്ങൾ ഈ കാലയളവിൽ വാങ്ങിയിട്ടുണ്ട്. പക്ഷേ, അതൊന്നും മതിയാകില്ല. ഒരു വർഷം 58000 രോഗികളാണ് വരുന്നത്. 2000 ശസ്ത്രക്രിയകളും നടക്കുന്നു. നടക്കുന്നത് ഒരു ദിവസം ചുരുങ്ങിയത് 200 പേർ ഒ.പിയിൽ വരുന്നുണ്ട്. ഇതെല്ലാം വെച്ച് നോക്കുമ്പോൾ 30 ലക്ഷം ഒന്നിനും തികയില്ല.
ഏറ്റവുമധികം ഉപയോഗിക്കേണ്ടിവരുന്ന 30 ഡിഗ്രി ടെലസ്കോപ് കേടായതിനെ തുടർന്ന് പലവട്ടം കത്തുനൽകിയിട്ടും വാങ്ങി നൽകിയില്ല. കഴിഞ്ഞ വട്ടം വീണ്ടും കത്ത് നൽകിയപ്പോൾ അത് ഡോക്ടർമാർ മനഃപൂർവം കുത്തിയൊടിച്ചതാണെന്നും പുതിയവ വാങ്ങുമ്പോൾ കമീഷനടിക്കാൻ വേണ്ടിയാണെന്നുമാണ് ചിലർ പറഞ്ഞത്. ഉപകരണങ്ങൾ ചോദിക്കുമ്പോൾ സ്വകാര്യ ലോബിക്ക് വേണ്ടിയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ്.
കേബിളുകളും കണക്ടറുകളുമായി ഒരു ശസ്ത്രക്രിയ ചെയ്യാൻ 12ൽ പരം ഉപകരണങ്ങൾ വേണം. ഇതിൽ ഏതെങ്കിലും ഒന്നില്ലെങ്കിൽ ആ ശസ്ത്രക്രിയ നടക്കില്ല. മാർച്ചിൽ തന്നെ പകരം ഉപകരണം വാങ്ങി നൽകണമെന്നാവശ്യപ്പെട്ട് എച്ച്.ഡി.എസിന് കത്ത് നൽകിയിരുന്നു. മാത്രമല്ല, ഓരോ ദിവസവും ബന്ധപ്പെട്ട ഓഫിസുകളിലേക്ക് ആളെ അയച്ച് ഓർമിപ്പിക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് അവസാനം വരെ രോഗികൾ ശസ്ത്രക്രിയക്കായി വെയിറ്റിങ് ലിസ്റ്റിലാണ്. രോഗികളുടെ എണ്ണവും ശസ്ത്രക്രിയകളുടെ എണ്ണവും കൃത്യമായി കൊണ്ടുപോകാൻ കഴിയുന്നില്ല. പ്രിൻസിപ്പലിനെ താൻ കുറ്റം പറയില്ല. അദ്ദേഹം പുതിയ ആളാണ്. അതേസമയം സൂപ്രണ്ട് കുറച്ചു നാളായുണ്ട്. അദ്ദേഹത്തിന് കാര്യങ്ങളൊക്കെ അറിയാം.
ഉപകരണ ക്ഷാമം പുറത്തുപറയാൻ താനും കുറച്ചുനാൾ ഭയപ്പെട്ടിരുന്നു. സിസ്റ്റത്തിന്റെ പോരായ്മകൾ സംസാരിച്ചാൽ നമ്മൾ സിസ്റ്റത്തിന് എതിരാകുമല്ലോയെന്നായിരുന്നു ഭയം. എന്നാൽ, ഭയത്തെക്കാൾ കൂടുതൽ രോഗികളോടുള്ള കടപ്പാടാണ് വലുതെന്ന് തോന്നി. രോഗികളുടെ ബുദ്ധിമുട്ട് കാണുമ്പോൾ തന്റെ ഭയം അസ്ഥാനത്താണെന്നും തോന്നി. അതുകൊണ്ടാണ് തുറന്നുപറച്ചിലിനൊരുങ്ങിയത്. കടുത്ത മാനസിക സമ്മർദമാണ് താൻ നേരിടുന്നത്.
ഒരു ഭാഗത്ത് മുന്നിലെത്തുന്ന രോഗികളുടെ അവസ്ഥ. മറുഭാഗത്ത് ഒന്നും ചെയ്യാനാകാതെ, നോക്കി നിൽക്കേണ്ടിവരുന്ന നമ്മുടെ നിസ്സഹായാവസ്ഥ. തന്റെ കൈയിൽ എല്ലാത്തിന്റെയും കൃത്യമായ രേഖകളുണ്ട്. പറഞ്ഞ കാര്യങ്ങളെല്ലാം പരമാർഥവുമാണ്. തന്റെ മേലധികാരികൾ പരാതി കിട്ടിയില്ലെന്നാണ് ഇപ്പോൾ പറയുന്നത്. അവർ ഇതേ രീതി സ്വീകരിച്ചതുകൊണ്ടാണ് ഫേസ്ബുക്കിൽ തുറന്നുപറയേണ്ടിവന്നത്.
താൻ മെഡിക്കൽ കോളജിൽ വരുന്നത് വിദ്യാർഥിയായോ ഡോക്ടറായോ അല്ല. വൃക്കരോഗിയായാണ്. 1984ൽ ഒന്നര മാസത്തോളം ഇവിടെ കിടന്നിട്ടുണ്ട്. പിന്നീടാണ് പ്രീഡിഗ്രി പൂർത്തിയാക്കിയത്. അന്ന് തൊട്ടേ ഈ ആശുപത്രിയുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലുണ്ട്. എച്ച്.ഒ.ഡി ആയപ്പോഴെങ്കിലും സാഹചര്യങ്ങൾക്ക് മാറ്റം വരുത്തണമെന്ന് തോന്നി. സിസ്റ്റത്തിന്റെ പ്രശ്നങ്ങൾ മാത്രമാണ് താൻ പറഞ്ഞത്. ആരെയും വ്യക്തിപരമായി വേദനിപ്പിച്ചിട്ടില്ല. താൻ ഇടതുപക്ഷ ചിന്താഗതിയുള്ളയാളാണ്. അതിലൊന്നും വ്യത്യാസമില്ല.
കാർഷിക കോളജിൽ പഠിക്കുന്ന ഒരു വിദ്യാർഥിയുടെ ശസ്ത്രക്രിയ മുടങ്ങിയതാണ് ഏറ്റവും ഒടുവിലെ സംഭവം. കടുത്ത വേദനയുണ്ടെങ്കിലും സ്വകാര്യാശുപത്രിയെ ആശ്രയിക്കാൻ പണമില്ലാത്തയാളാണ് അവൻ. ഒ.പിയിൽ വന്നപ്പോൾ ഇടവേള വരുത്തിയതിന് അൽപം ശകാരിക്കുകയും ചെയ്തിരുന്നു.
തന്റെ മകന്റ പ്രായമാണ് അവനും. വേദന സഹിച്ചാണ് പരീക്ഷയൊക്കെ അയാൾ പൂർത്തിയാക്കിയത്. ഒ.പിയിലെത്തിയ ദിവസം വേദന കാരണം എന്റെ മുന്നിലിരുന്ന് കരയുകയായിരുന്നു. മറ്റു രോഗികളെ പോലെ വെയ്റ്റിങ് ലിസ്റ്റിൽ പെടുത്താതെ പെട്ടെന്ന് തന്നെ ഓപറേഷൻ നിശ്ചയിച്ചു. എന്നാൽ, ഉപകരണങ്ങളില്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയ അവസാന നിമിഷം മാറ്റേണ്ടിവന്നു. ഇത് വല്ലാത്ത വിഷമമുണ്ടാക്കി.
ഒരു രോഗിയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ ഓഫിസിലെ കെ. സജീവൻ തന്നെ വിളിപ്പിച്ചത്. അദ്ദേഹവുമായി കൂടുതൽ സമയം സംസാരിച്ചത് രോഗിയുടെ ചികിത്സയുമായി ബന്ധപ്പെട്ടല്ല, ഉപകരണങ്ങളുടെ ക്ഷാമമടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ്. പിന്നീട്, പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടാകുമെന്ന് അദ്ദേഹവും (സജീവൻ) വിചാരിച്ചിട്ടുണ്ടാകും. അന്നുതന്നെ അദ്ദേഹത്തിന്റെ ഫോൺ നമ്പർ വാങ്ങുകയും കാര്യങ്ങൾ വാട്സ്ആപ് വഴി അറിയിക്കുകയും ചെയ്തിരുന്നു.
പിന്നീട്, ഇവരാരും തന്നോട് ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ആശുപത്രിയിൽ വന്നിട്ട് പല രാഷ്ട്രീയപ്രമുഖരോടും ഡിപ്പാർട്മെന്റിൽ കൊണ്ടുനടന്ന് കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. ഉപകരണക്ഷാമം റിപ്പോർട്ട് ചെയ്യേണ്ട മെഡിക്കൽ കോളജ് അധികാരികൾ ഇത് മറച്ചുവെച്ചോയെന്നും എനിക്ക് സംശയമുണ്ട്.
മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയകൾ മുടങ്ങി ഒരു മാസം പിന്നിട്ടിട്ടും പ്രതിസന്ധിക്ക് പരിഹാരമായില്ല. ഇതോടെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാവേണ്ട 50 രോഗികളാണ് ദുരിതത്തിലായത്. നിലവിലെ പെർഫ്യൂഷനിസ്റ്റുകളുടെ കാര്യക്ഷമതയില്ലായ്മയാണ് ശസ്ത്രക്രിയകൾ നിർത്തിവെക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽനിന്നുള്ള വിദഗ്ധരെത്തി പെർഫ്യൂഷനിസ്റ്റുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തിയശേഷം മാത്രമേ ശസ്ത്രക്രിയ പുനരാരംഭിക്കാനാകൂ എന്നാണ് പ്രിൻസിപ്പലിന്റെ നിലപാട്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി വികസന സമിതിയംഗം രാജേന്ദ്രൻ അരങ്ങത്ത് മുഖ്യമന്ത്രിക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും (ഡി.എം.ഇ) നിവേദനം നൽകിയിട്ടുണ്ട്. പെർഫ്യൂഷനിസ്റ്റുകളുടെ പിഴവല്ല, നിലവിലെ സർജന്റെ പരിചയക്കുറവാണ് യഥാർഥ കാരണമെന്നും ആക്ഷേപം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.