കൊച്ചി: പി.എം.എൽ.എ കേസ് ഒതുക്കാൻ ഇ.ഡി ഉദ്യോഗസ്ഥൻ കോഴ ആവശ്യപ്പെട്ടെന്ന വിജിലൻസ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി കേസിൽ പ്രതിയായ അനീഷ് ബാബുവിന്‍റെ ഹരജി. ആഫ്രിക്കയിലെ താൻസനിയയിൽനിന്ന് കുറഞ്ഞ വിലക്ക് കശുവണ്ടി വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന കേസിൽ പ്രതിയായ ഹരജിക്കാരനോട് രണ്ടുകോടി രൂപ ഇടനിലക്കാരൻവഴി അന്വേഷണം നടത്തുന്ന ഇ.ഡി ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്ന കേസിലാണ് കശുവണ്ടി വ്യവസായിയായ അനീഷ് ബാബുവിന്‍റെ ഹരജി.
ഹരജിയിൽ വിശദീകരണത്തിന് സി.ബി.ഐ സമയം തേടിയതിനെത്തുടർന്ന് വീണ്ടും 21ന് പരിഗണിക്കാനായി ജസ്റ്റിസ് എ. ബദറുദ്ദീൻ മാറ്റി. അതേസമയം, ബുധനാഴ്ച അനീഷിനെ കൊച്ചിയിൽനിന്ന് ഇ.ഡി അറസ്റ്റ് ചെയ്തു. ഇ.ഡി അസി. ഡയറക്ടർ ശേഖർകുമാർ കോഴ ആവശ്യപ്പെട്ടെന്നായിരുന്നു ഹരജിക്കാരന്‍റെ പരാതി. അഴിമതി ആരോപണത്തെതുടർന്ന് ഈ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരുന്നു. ഹൈകോടതി മുൻകൂർജാമ്യവും അനുവദിച്ചു.
പരാതിയിൽ കാര്യക്ഷമമായ അന്വേഷണം നടത്തിവന്ന ആദ്യ ഉദ്യോഗസ്ഥനായ എസ്.പി എസ്. ശശിധരനെ മാറ്റിയതോടെ അന്വേഷണം നിലച്ചെന്നാണ് ഹരജിയിലെ ആരോപണം. എതിർകക്ഷികൾ സാമ്പത്തികവും രാഷ്ട്രീയവുമായി സ്വാധീനമുള്ളവരാണ്. അതിനാൽ, കേന്ദ്ര ഏജൻസിയെ അന്വേഷണം ഏൽപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
അതേസമയം, ഫോൺ പരിശോധനക്കും മറ്റും പരാതിക്കാരൻ സഹകരിക്കാത്തതിനാലാണ് വിജിലൻസ് അന്വേഷണം തുടരാനാവാത്തതെന്നായിരുന്നു സർക്കാറിന്‍റെ വിശദീകരണം. അറസ്റ്റിന് സാധ്യതയുള്ളതിനാലാണ് ഹാജരാകാത്തതെന്ന് ഹരജിക്കാരനും അറിയിച്ചു. തുടർന്ന് അന്വേഷണവുമായി സഹകരിക്കണമെന്നും ഫോണിന്റെ പാസ്‌വേഡ് ദൂതൻവഴി കൈമാറണമെന്നും കോടതി നിർദേശിച്ചു. ഈ ഉത്തരവിന് പിന്നാലെയാണ് അനീഷിനെ ഇ.ഡി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യംചെയ്യലിനായി 10 തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെത്തുടർന്നാണ് ഇ.ഡിയുടെ അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.