'കേരള കുംഭമേള': ഭാരതപ്പുഴയിലെ താത്കാലിക പാലം നിർമാണം തടഞ്ഞ് റവന്യൂവകുപ്പ്, ആര് തടഞ്ഞാലും പരിപാടി നടത്തുമെന്ന് സംഘ്പരിവാർ

മലപ്പുറം: കേരളത്തിന്റെ കുംഭമേള എന്ന പേരിൽ ഈ മാസം 18 മുതൽ തിരുനാവായ ഭാരതപ്പുഴയോരത്ത് നടത്താന്‍ തീരുമാനിച്ച മഹാ മാഘ മഹോത്സവത്തിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി റവന്യു വകുപ്പ്. തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിന് സമീപം ഭാരതപ്പുഴക്ക് കുറുകേയുള്ള താത്കാലിക പാലം നിർമാണമാണ് തടഞ്ഞത്.

പുഴ കൈയേറി പാലം നിർമിക്കുന്നതും മണ്ണുമാന്തിയന്ത്രം പുഴയിലേക്കിറക്കി നിരപ്പാക്കിയതും കേരള നദീതീര സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നു കാണിച്ചാണ് തിരുനാവായ വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌മെമ്മോ നൽകിയത്.

മൂന്നുദിവസം മുൻപാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ചൊവ്വാഴ്ച വീണ്ടും നിർമാണം തുടങ്ങിയപ്പോൾ റവന്യൂ അധികൃതരും പോലീസും എത്തി നിർമാണം നിർത്തിവെക്കണമെന്ന് നിർദേശിക്കുകയായിരുന്നു.

പാലം നിർമാണത്തിന് അനുമതിതേടി മാഘമക ഉത്സവ സംഘാടകസമിതി നവംബർ 14-ന് കളക്ടർക്ക് അപേക്ഷ നൽകിയിരുന്നതായി സംഘാടകർ പറഞ്ഞു. മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് സംഘാടകസമിതിയുടെ നേതൃത്വത്തിൽ താത്കാലിക പാലം നിർമാണം ആരംഭിച്ചത്. സർവോദയമേളയുടെ ഭാഗമായി മുൻപ് എല്ലാവർഷവും സമാനമായരീതിയിൽ താത്കാലിക പാലം നിർമാണം നടക്കാറുള്ളതാണെന്നും ഇപ്പോഴത്തെ നടപടിക്കുപിന്നിലെന്താണെന്ന് അറിയില്ലെന്നും സംഘാടകർ പറഞ്ഞു. കുംഭമേള നടത്താൻതന്നെയാണ് തീരുമാനമെന്ന് സംഘാടകർ പറയുന്നു.

കുംഭമേള ചടങ്ങുകള്‍ക്കോ ആഘോഷങ്ങള്‍ക്കോ അല്ല, മറിച്ച് ഭാരതപ്പുഴയിലെ അനധികൃത നിര്‍മാണങ്ങളാണ് തടയുന്നതെന്ന് സ്റ്റോപ്പ് മെമ്മോയില്‍ വ്യക്തമാണ്. അതേസമയം, അനധികൃത നിര്‍മാണം തടഞ്ഞ ഉത്തരവിനെ സര്‍ക്കാര്‍ കുംഭമേള തടഞ്ഞെന്ന രൂപത്തിലാണ് സംഘ്പരിവാർ പ്രചാരണം. ഈ മാസം 18 മുതല്‍ ഫെബ്രുവരി മൂന്ന് വരെയാണ് കുംഭമേള നടത്താന്‍ തീരുമാനിച്ചത്. 

ഹിന്ദു ധര്‍മത്തെയും വെല്ലുവിളിക്കുകയാണെന്നും ഹിന്ദു സമൂഹം ഒന്നിച്ചുനില്‍ക്കണമെന്നുമാണും ആരു തടഞ്ഞാലും കുംഭമേള നടക്കുമെന്നും സംഘ്പരിവാർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. സർക്കാർ ഉത്തരവ് നിയമ വിരുദ്ധവും മത സ്വാതന്ത്ര്യ ധ്വംസനവുമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

കുംഭമേളയെ അട്ടിമറിച്ച് തീർത്ഥാടകരുടെ മനോവീര്യം കെടുത്തുകയാണ് ലക്ഷ്യം. ദുരുദ്ദേശപരമായ ഈ നിലപാടിനെ ശക്തിയുക്തം എതിർത്ത് പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്ന് കുമ്മനം പറഞ്ഞു. 

Tags:    
News Summary - Kerala Kumbh Mela; Revenue Department blocks bridge construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.