ശബരിമല സ്വർണക്കൊള്ളയിൽ ശങ്കരദാസ് അറസ്റ്റിൽ

കൊച്ചി: സ്വർണക്കൊള്ളയിൽ കെ.പി ശങ്കരദാസ് അറസ്റ്റിൽ. ചികിത്സയിൽ കഴിയുന്ന ശങ്കരദാസിനെ സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ശങ്കരദാസിനെ റിമാൻഡ് ചെയ്യും. കേസിൽ 11ാം പ്രതിയാണ് ശങ്കരദാസ്. അസുഖബാധിതനായതിനാൽ റിമാൻഡ് ചെയ്താലും ശങ്കരദാസിനെ ജയിലിലേക്ക് മാറ്റില്ല.

നേരത്തെ ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരാള്‍ പ്രതി ചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ കിടക്കുകയാണെന്നും അയാളുടെ മകൻ എസ്‍പിയാണെന്നും, അതാണ് ആശുപത്രിയിൽ പോയതെന്നും കഴിഞ്ഞ ദിവസം ജസ്റ്റിസ് ബദ്റുദ്ദീൻ തുറന്നടിച്ചിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ജ്വല്ലറി വ്യാപാരി ഗോവര്‍ധൻ അടക്കം മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായത്.

നേരത്തെ ശങ്കരദാസിന്റെ ജാമ്യഹരജി പരിഗണിക്കുന്ന വേളയിൽ ആശുപത്രിയിൽ അദ്ദേഹം ബോധമില്ലാത്ത അവസ്ഥയിലാണെന്നാണ് പ്രതിഭാഗം കോടതിയിൽ അറിയിച്ചത്. മെഡിക്കൽ ഐസിയുവിൽ കിടക്കുന്ന ഫോട്ടോയടക്കം ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ, കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് മുൻകൂർ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തുടർന്ന് ജാമ്യഹരജി ജനുവരി 14ലേക്ക് മാറ്റിയെങ്കിലും ഇന്നും ഹരജി പരിഗണിച്ചില്ല.

Tags:    
News Summary - Shankara Das arrested in Sabarimala gold robbery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.