സർക്കാരുമായി നേർക്കുനേർ; വഖഫ് ബോർഡ് രാജിവെക്കില്ലെന്ന് കെ.എസ്. ഹംസ

കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തിൽ യു.ഡി.എഫ് സർക്കാരുമായി കടുത്ത ഭിന്നത നിലനിൽക്കുമ്പോഴും പദവി ഒഴിയില്ലെന്ന് ഉറച്ച നിലപാടിൽ വഖഫ് ബോർഡ്. നിയമപരമായി ബോർഡിന് അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാനുള്ള അധികാരമുണ്ടെന്ന് ചെയർമാൻ കെ.എസ്. ഹംസ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്‍റെ ഉമീദ് പോർട്ടലിൽ മുനമ്പത്തെ തർക്കഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്ത ബോർഡിന്‍റെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. പുതിയ സർക്കാരിനെ പ്രതിസന്ധിയിലാക്കാനും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുമുള്ള ബോർഡിന്‍റെ നീക്കമാണിതെന്നാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്.

ഭരണമാറ്റം സ്വാഭാവികമാണെങ്കിലും നിയമപരമായ സുരക്ഷയുള്ളതിനാൽ സ്ഥാനമൊഴിയേണ്ടതില്ലെന്നാണ് ബോർഡിന്‍റെ തീരുമാനം. കഴിഞ്ഞ ഫെബ്രുവരിയിൽ പുനഃസംഘടിപ്പിച്ച ബോർഡിന് 2031 ഫെബ്രുവരി വരെ, അതായത് ഇനിയും നാല് വർഷവും ഒമ്പത് മാസവും കാലാവധി ബാക്കിയുണ്ട്. മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന് സുപ്രീം കോടതിയുടെ വിധിയുണ്ടെന്നും കേന്ദ്ര നിർദേശപ്രകാരമാണ് പോർട്ടലിൽ വിവരങ്ങൾ നൽകിയതെന്നുമാണ് ബോർഡിന്‍റെ വാദം.

സാധാരണയായി പുതിയ സർക്കാർ വരുമ്പോൾ മുൻ സർക്കാർ നിയമിച്ച രാഷ്ട്രീയ പ്രതിനിധികൾ രാജിവെക്കാറുണ്ടെങ്കിലും, ഇത്തവണ ബോർഡിനെ അത്രയെളുപ്പം പിരിച്ചുവിടാൻ സർക്കാരിന് സാധിക്കില്ല. വഖഫ് ബോർഡും ഭരണകൂടവും രണ്ട് തട്ടിലായത് മുനമ്പം പ്രശ്ന പരിഹാരത്തിന് തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്. വഖഫ് നടപടിയോടെ തങ്ങൾ കയ്യേറ്റക്കാരായി ചിത്രീകരിക്കപ്പെട്ടെന്ന പരാതിയുമായി മുനമ്പം സമരസമിതിയും രംഗത്തെത്തിയിട്ടുണ്ട്. വ്യാജരേഖകൾ ചമച്ചാണ് രജിസ്ട്രേഷൻ നടത്തിയതെന്ന് ആരോപിക്കുന്ന സമിതി, ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ്. മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന മുൻ നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുമ്പോൾ ബോർഡിന്‍റെ ഈ പിടിവാശി വലിയ ഭരണഘടനാ പ്രതിസന്ധിക്കാണ് വഴിവെക്കുന്നത്.

Tags:    
News Summary - Head-to-Head with Government: Waqf Board Will Not Resign, Clarifies K.S. Hamza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.