സ്വാശ്രയ മെഡിക്കൽ ഫീസ്​ കൂട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചു; പുതുക്കി നിശ്ചയിക്കാൻ ഒരു മാസത്തെ സമയം

കൊച്ചി: ഫീസ്​ റെഗുലേറ്ററി കമ്മിറ്റി നിർണയിച്ച ഈ വർഷ​ത്തെ സ്വാശ്രയ മെഡിക്കൽ ഫീസ്​ ഹൈകോടതി റദ്ദാക്കി. മാനദണ്ഡങ്ങളും കോടതി ഉത്തരവുകളും പാലിച്ച്​ ഫീസ്​ ഒരു മാസത്തിനകം പുനർനിർണയിക്കണമെന്നും ജസ്​റ്റിസ് എ.എം. ഷെഫീഖ്, ജസ്​റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഫീസ്​ നിർണയിച്ചത്​ മാനദണ്ഡങ്ങൾ പരിഗണിക്കാതെയാണെന്ന മാനേജ്​മെന്‍റുകളുടെ വാദം അംഗീകരിച്ചാണ്​ ഉത്തരവ്​.​ ആറ്​​ മുതൽ ഏഴര ലക്ഷം വരെ ഫീസ്​ നിർണയിച്ച​ കമ്മിറ്റിയുടെ ഉത്തരവിനെതിരെ മാനേജ്​മെൻറുകൾ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. ഹരജിക്കാരുടെ കോളജുകൾക്ക്​ നിർണയിച്ച ഫീസ്​ നിരക്കുമായി ബന്ധപ്പെട്ടാണ്​ ഉത്തരവ്​.

നവംബറിൽ ഹരജികൾ പരിഗണിക്കവെ കോളജുകൾ അവകാശപ്പെടുന്ന ഫീസ് നൽകേണ്ടിവരുമെന്ന കാര്യം പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലും ഓൺലൈൻ പോർട്ടലിലും ഉൾപ്പെടുത്തണമെന്ന് കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു. കോടതിയോ മറ്റ് അധികാരികളോ നിശ്ചയിക്കുന്ന ഫീസ് നൽകാൻ ബാധ്യസ്ഥരാണെന്ന് വിദ്യാർഥികൾ ഉറപ്പു നൽകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മാനദണ്ഡങ്ങൾ പരിഗണിക്കാതെ ഫീസ് നിശ്ചയിച്ചതിന്​ സമിതിയെ വിമർശിക്കുകയും ചെയ്​തു. ഇടക്കാല ഉത്തരവിനെതിരെ​ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളി. ഹൈകോടതി തന്നെ കേസ്​ പരിഗണിക്ക​ട്ടെയെന്നും വ്യക്​തമാക്കി. തുടർന്നാണ്​ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ചി​െൻറ പരിഗണനക്കെത്തിയത്​.

കോളജുകൾ​ സമർപ്പിക്കുന്ന വരവുചെലവ്​ കണക്കടക്കം രേഖകൾ പരിശോധിച്ചും ജൂബിലി മിഷൻ കേസിലെ കോടതി ഉത്തരവ്​ പരിഗണിച്ചും എതിർ കക്ഷികളെ കൂടി കേട്ടശേഷം ഒരു മാസത്തിനകം ഫീസ്​ പുനർനിർണയിക്കാൻ സമിതിക്ക്​ ഒരു അവസരം കൂടി നൽകുന്നതായി കോടതി വ്യക്​തമാക്കി. രേഖകൾ സഹിതം ജനുവരി 25ന്​ മുമ്പ്​​ ഫീസ്​ പുനർനിർണയവുമായി ബന്ധപ്പെട്ട റിപ്പോർട്ട്​ സമർപ്പിക്കണം. രജിസ്​ട്രി എത്രയും വേഗം കമ്മിറ്റിക്ക്​ ഉത്തരവ്​ കൈമാറാനും നിർദേശിച്ചു. തുടർന്ന്​ ഹരജി വീണ്ടും ജനുവരി 27ന്​ പരിഗണിക്കാൻ മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.