വി.സിയെ പുറത്താക്കിയ നടപടി: വിരമിക്കലും പദവി മാറ്റവും പ്രാഗല്ഭ്യം ഇല്ലാതാക്കില്ല -ഹൈകോടതി

കൊച്ചി: വിരമിക്കുകയോ പദവി മാറുകയോ ചെയ്തതു മൂലം ഒരാൾക്ക് ബന്ധപ്പെട്ട മേഖലയിലെ പ്രാഗല്ഭ്യം ഇല്ലാതായെന്ന് പറയാനാവില്ലെന്ന് ഹൈകോടതി. കാലിക്കറ്റ് സർവകലാശാല വി.സിയെ പുറത്താക്കിയ ചാൻസലറുടെ ഉത്തരവിനെതിരായ ഹരജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം.

വി.സി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിൽ യു.ജി.സി ചട്ടപ്രകാരം ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രഗല്ഭരെ നിയമിച്ചില്ലെന്ന ചാൻസലറുടെ വാദവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ അഭിപ്രായ പ്രകടനം. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രഫസറായിരുന്ന ഡോ. വി.കെ. രാമചന്ദ്രൻ സർച്ച് കമ്മിറ്റി അംഗമാകുന്നത് പ്ലാനിങ് ബോർഡ് വൈസ് ചെയർമാനായിരിക്കെയാണ്. 2011 മേയ് 26 മുതൽ 2012 ആഗസ്റ്റ്12 വരെ കാലിക്കറ്റ് സർവകലാശാല വി.സി ആയിരുന്നയാളാണ് മറ്റൊരു അംഗമായിരുന്ന ചീഫ് സെക്രട്ടറി. ഇവർ രണ്ടുപേരും യു.ജി.സി ചട്ടപ്രകാരം നിലവിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രഗല്ഭരല്ലെന്ന വാദമാണ് ഉന്നയിച്ചത്.

എല്ലാ അക്കാദമീഷ്യൻമാരും ഉന്നത വിദ്യാഭ്യാസ മേഖലയിൽനിന്നുള്ളവരാകാം. എന്നാൽ, ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ളവരെല്ലാം അക്കാദമീഷ്യൻമാരായിരിക്കും എന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് സെക്രട്ടറി എന്ന നിലയിലാണ് സർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും വിദ്യാഭ്യാസ മേഖലയിലെ പ്രഗല്ഭനാണെന്നതിനാൽ, പ്രഥമദൃഷ്ട്യാ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് യു.ജി.സി റെഗുലേഷൻ പാലിക്കാതെയാണെന്ന് കാണാനാവില്ല.

ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. വി.കെ. രാമചന്ദ്രൻ ആ സമയത്ത് അക്കാദമിക് സ്ഥാനത്ത് ഉണ്ടായിരുന്നില്ലയെന്നതുകൊണ്ട് വിദ്യാഭ്യാസ മേഖലയിൽ പ്രാഗല്ഭ്യമില്ലാത്തയാളാണെന്ന് കരുതാനാവില്ലെന്നും കോടതി വ്യക്തമാക്കി.

സെലക്ഷൻ സമയത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർവിസിലുള്ളവരാകണമെന്ന് യു.ജി.സി മാർഗനിർദേശത്തിൽ വ്യവസ്ഥയില്ലെന്ന വാദമാണ് കാലിക്കറ്റ് സർവകലാശാല ഉന്നയിച്ചത്. ഇവരുടെ വിദ്യാഭ്യാസ മേഖലയിലെ പ്രാഗല്ഭ്യം മാത്രം പരിഗണിച്ചാൽ മതിയാവും. ചാൻസലർ തന്നെയാണ് ചീഫ് സെക്രട്ടറിയെ നോമിനേറ്റ് ചെയ്തത്. പിന്നീട് ഇതിനെ എതിർക്കാനാവില്ല. പാനലിൽനിന്ന് വി.സിയെ തെരഞ്ഞെടുത്തതും ചാൻസലറാണ്. കാലിക്കറ്റ് സർവകലാശാല ചട്ടത്തിലെ സെക്ഷൻ 10(9) വ്യവസ്ഥ പ്രകാരമല്ലാതെ ചാൻസലർക്ക് വി.സിയെ നീക്കം ചെയ്യാൻ വ്യവസ്ഥയില്ലെന്നും പുറത്താക്കൽ നടപടി നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.

സംസ്കൃത സർവകലാശാല വി.സി സ്ഥാനത്തേക്ക് ഏഴ് പേരെ സർച്ച് കമ്മിറ്റി പരിഗണിച്ചിരുന്നതായി സർവകലാശാല ചൂണ്ടിക്കാട്ടി. ഒരാളെ നിർദേശിക്കുകയും അയാളെ ചാൻസലർ നിയമിക്കുകയും ചെയ്തു. മൂന്നുപേരെ നിർദേശിക്കണമെന്ന് പറയാനുള്ള അധികാരം ചാൻസലർക്കില്ല. സർവകലാശാല ചട്ടത്തിലെ സെക്ഷൻ 8(3) പ്രകാരമേ വി.സിയെ നീക്കാൻ പാടുള്ളൂ. ചാൻസലർക്ക് നേരിട്ട് പുറത്താക്കാനാവില്ല. അതിനാൽ, നടപടി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. സർച്ച് കമ്മിറ്റി നിയമനം 2018 റെഗുലേഷൻ പ്രകാരമല്ലെന്നും രാജശ്രീ കേസിന് സമാനമാണെന്നുമായിരുന്നു യു.ജി.സിയുടെ വാദം.

കാലിക്കറ്റ് വി.സിക്ക് തുടരാം; സംസ്കൃത വി.സിക്ക് സ്റ്റേയില്ല

കൊച്ചി: ഡോ. എം.കെ. ജയരാജിനെ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പുറത്താക്കിയ ചാൻസലർ കൂടിയായ ഗവർണറുടെ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ജയരാജിന് വി.സി സ്ഥാനത്ത് തുടരാമെന്ന് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

അതേസമയം, കാലടി സർവകലാശാല വി.സി സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന ഡോ. എം.വി. നാരായണന്‍റെ ആവശ്യം കോടതി തള്ളി. യു.ജി.സി ചട്ടം പാലിക്കാതെയുള്ള നിയമനമാണെന്ന് ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് മാർച്ച് ഏഴിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് ഇരുവരും സമർപ്പിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്.

കേരള സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ. രാജശ്രീയെ യു.ജി.സി ചട്ടം പാലിച്ചിട്ടില്ലെന്ന പേരിൽ നേരത്തേ സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ വിധി അടിസ്ഥാനമാക്കി 11 വി.സിമാരെയും പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങി.

തുടർന്നാണ് കാലിക്കറ്റ് സർവകലാശാലയുടെ സെർച്ച് കമ്മിറ്റിയിൽ സർക്കാറിന്‍റെ ഭാഗമായ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും സംസ്കൃത വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി ഒരാളെ മാത്രം ശിപാർശ ചെയ്തതും യു.ജി.സി ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ഇവരെ പുറത്താക്കിയത്. വി.സി നിയമനങ്ങൾ 2018ലെ യു.ജി.സി നിബന്ധന അനുസരിച്ചായിരിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. സംസ്കൃത സർവകലാശാല വി.സി നിയമനത്തിനായി ചാൻസലർക്ക് സെർച്ച് കമ്മിറ്റി ഒരു പേര് മാത്രം അയച്ചത് യു.ജി.സി റെഗുലേഷനിലെ 7.3 ചട്ടത്തിന്‍റെ ലംഘനമാണ്. അതിനാൽ, സംസ്കൃത വി.സിയായി തുടരുന്നത് നിലവിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ വിവിധ ഉത്തരവുകളടക്കം ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. അതിനാൽ, സ്റ്റേ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി സ്റ്റേ ആവശ്യം തള്ളുകയായിരുന്നു.

അതേസമയം, കാലിക്കറ്റ് സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെട്ട മുൻ വൈസ് ചാൻസലറും ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന അന്നത്തെ ചീഫ് സെക്രട്ടറി വിദ്യാഭ്യാസ മേഖലയിൽ പ്രഗല്ഭനല്ലെന്ന് പറയാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതിനാൽ, സെർച്ച് കമ്മിറ്റി നിയമനത്തിൽ പ്രമഥദൃഷ്ട്യാ കുറ്റം കാണാനാവില്ല. ഈ സാഹചര്യത്തിൽ ഹരജിയിൽ അന്തിമ ഉത്തരവ് വരുന്നതുവരെ കാലിക്കറ്റ് വി.സിക്ക് തുടരാമെന്ന് വ്യക്തമാക്കിയ കോടതി ചാൻസലറുടെ ഉത്തരവ് സ്റ്റേ ചെയ്തു. തുടർന്ന് ഹരജികളിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് ഉത്തരവായി. ഹരജികൾ വിശദമായ വാദം കേൾക്കാനായി മാറ്റി.

കാലടിയിൽ ഗീതാകുമാരിക്ക് ചുമതല

തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലറുടെ ചുമതല കാലിക്കറ്റ് സർവകലാശാല സംസ്കൃത വിഭാഗത്തിലെ പ്രഫസർ ഡോ. കെ.കെ. ഗീതാകുമാരിക്ക് നൽകി ചാൻസലറായ ഗവർണർ ഉത്തരവിട്ടു. നിയമനത്തിൽ യു.ജി.സി ചട്ടം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വി.സിയായിരുന്ന ഡോ. എം.വി. നാരായണനെ ഗവർണർ പിരിച്ചുവിട്ടിരുന്നു. ഈ ഒഴിവിലേക്കാണ് നിയമനം. ഗവർണറുടെ ഉത്തരവിനെതിരെ ഡോ. നാരായണൻ ഹൈകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല.

Tags:    
News Summary - HC allows Calicut Uni VC to continue: Retirement and change of designation does not remove competence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.