കോട്ടയം: ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പി.സി ജോർജിൻറെ ജാമ്യ ഹരജിയിൽ കോടതി ഇന്ന് വിധി പറയും. ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. പി.സി ജോർജിൻറെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പ്രോസിക്യൂഷൻ ശക്തമായി ഇതിനെ എതിർത്തു. പി.സി ജോർജ് ജാമ്യ വ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണയിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കാമെന്ന് പി.സി ജോർജിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പൊതുപ്രവർത്തകൻ ആയാൽ കേസുകൾ ഉണ്ടാകും. ഇതും അത് പോലെയാണെന്ന് പി.സി ജോർജിന്റെ അഭിഭാഷകൻ വാദിച്ചു. കേസിൽ അന്വേഷണം പൂർത്തിയായെന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്.
അതേസമയം പി.സി ജോർജ് നേരത്തെ സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. മത സൗഹാർദം തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവനയാണിത്. മുൻകൂർ ജാമ്യത്തിന് പോയപ്പോൾ തന്നെ ഹൈകോടതിയിൽ ഇത് ബോധ്യപ്പെടുത്തിയതാണ്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ഇതെല്ലാം പരിഗണിച്ചാണ് ഹൈകോടതി മുൻകൂർ ജാമ്യം നിഷേധിച്ചതെന്നും പ്രോസിക്യൂട്ടർ വാദിച്ചു.
റിമാൻ്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടർന്ന് പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചത്. നിലവിൽ ജോർജിന്‍റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.