യൂത്ത് ലീഗ് റാലിയിൽ വിദ്വേഷ മുദ്രാവാക്യം: പ്രവർത്തക​നെ പുറത്താക്കി

കാഞ്ഞങ്ങാട്: മണിപ്പൂർ വിഷയത്തിൽ മുസ്‍ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഐക്യദാർഢ്യ റാലിയിൽ വിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ സംഘടനയിൽനിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചു. ഇന്നലെ കാഞ്ഞങ്ങാട് നടന്ന പ്രകടനത്തിലാണ് വിവാദ മ​ുദ്രാവാക്യം വിളിച്ചത്.

ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ചു നൽകിയതിൽ നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റായിട്ടാണ് പാർട്ടി കണക്കാക്കുന്നതെന്ന് ഫിറോസ് പ്രസ്താവനയിൽ പറഞ്ഞു. മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് നഗരസഭയിലെ അബ്ദുൽ സലാം എന്നയാളെയാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്.

‘മുസ്‍ലിം യൂത്തീഗ് സംസ്ഥാന കമ്മിറ്റി ഇന്നലെ (25.07.2023) സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത മണിപ്പൂർ ഐക്യദാർഢ്യ ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ചു നൽകിയതിൽ നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റായിട്ടാണ് പാർട്ടി കണക്കാക്കുന്നത്. ആയതിനാൽ മുദ്രാവാക്യം വിളിച്ച് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ അബ്ദുൾ സലാമിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നു.’ - പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്നലെ വൈകിട്ടാണ് കാഞ്ഞങ്ങാട് നഗരത്തിൽ പ്രകടനം നടന്നത്. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ഫൈസൽ ബാബുവാണ് റാലി ഉദ്ഘാടനം ചെയ്തത്.

Tags:    
News Summary - Hate slogans at Youth League rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.