ഹാരിസൺസ് : ആധാരത്തിൽ കൃത്രിമത്വം നടന്നുവെന്ന് റിപ്പോർട്ട്

കൊച്ചി : തിരുവിതാംകൂർ സർക്കാർ വിദേശ കമ്പനിക്ക് പാട്ടത്തിന് നൽകിയ 1923 ലെ ആധാരത്തിൽ ഹാരിസൺസ് കമ്പനി അധികൃതർ കൃത്രിമത്വം നടത്തിയെന്ന് ഫോറൻസിക് സയൻസ് ലാബിൻെറ റിപ്പോർട്ട്. വിജിലൻസ് അന്വേഷണത്തിന് ഭാഗമായി ഹാരിസൺസ് കമ്പനിയുടെ കൈവശമുള്ള 1923ലെ ആധാരം പരിശോധിച്ച ഫോറൻസിക് സയൻസ് ലാബിലെ അസിസ്റ്റൻ്റ ഡയറക്ടർ അപർണ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

റിപ്പോർട്ട് പ്രകാരം ആധാരത്തിൽ ചിലയിടങ്ങളിൽ കാണുന്ന തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വ്യത്യസ്തമായ മഷി ഉപയോഗിച്ചുകൊണ്ട് പിൽക്കാലത്ത് നടത്തിയിട്ടുള്ളതാണ്. ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രമാണത്തിൽ കാണുന്ന മുദ്ര സ്റ്റാൻഡേർഡ് സീലിൽ നിന്നുള്ളത് തന്നെയാണോയെന്ന് ഉറപ്പിക്കാനാകില്ല. മുദ്ര പതിപ്പിക്കുമ്പോൾ അധാരത്തിൽ പൊന്തി നിൽക്കുന്ന രീതിയിൽ ഉണ്ടാകുന്ന അടയാളങ്ങൾ (എഴുന്നുനില്‍ക്കുന്ന രൂപചിത്രണം) ഈ രീതിയിൽ കാണാനില്ലെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി. ആധാരത്തിനും കാലപ്പഴക്കം നിർണയിക്കാൻ ആകുന്നില്ലെന്നുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇതിൽ വ്യാജമാണെന്ന് തരത്തിലാണ് ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട് നൽകിയെന്നാണ് സർക്കാരിന് ലഭിച്ച വിജിലൻസ് റിപ്പോർട്ട്.

ഫോറൻസിക് ലബോറട്ടറികൾ നൽകുന്ന റിപ്പോർട്ടുകൾ ശാസ്തീയമാണ്. പ്രമാണ രേഖകൾ സംബന്ധിച്ച് കൃത്യമായ പരിശോധന ഉറപ്പാക്കാനാണ് വിജിലൻസ് ഫോറൻസിക് സയൻസ് ലാബിൻെറ സാഹായം തേടിയത്. തെളിവ് പരിശോധനയിൽ പുതിയ സ്റ്റാറ്റിസ്റ്റിക്കൽ രീതികളാണ് അവർ ഉപയോഗിക്കുന്നത്. ഫോറൻസിക് സയൻസ് ലാബിൻെറ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ വിജിലൻസ് സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഹാരിസൺസിൻെറ കൈവശമുള്ള 1923-ലെ ആധാരം വ്യാജമാണെന്ന ആരോപണം തള്ളിക്കളയാൻ ആവില്ലെന്നാണ് വിജിലൻസ് ഡി.വൈ.എസ്.പി കെ.വി മഹേഷ് ദാസ് രേഖപ്പെടുത്തിയത്.

ഹാരിസൺസ് കമ്പനിയുടെ പ്രസിഡൻറ് വിജയരാഘവൻ എക്സിക്യൂട്ടീവ് ഡയറക്ടർ എൻ. ധർമ്മരാജ്, വൈസ് പ്രസിഡൻറ് എൻ. വേണുഗോപാൽ, കമ്പനി സെക്രട്ടറി എ.ബി ആനന്ദ് എന്നിവർ പുനലൂർ മുൻ സബ് രജിസട്രാർ ടി.ജെ മറിയം, പീരുമേട് മുൻ സബ് രജിസ്ട്രാർ ശ്രീകുമാർ, പുനലൂർ മുൻ സബ് രജിസട്രാർ വി. വിജയകുമാർ എരുമേലി മുൻ സബ് രജിസ്ട്രാർ എൻ.വി ഗോപിനാഥൻ നായർ എന്നിവരുമായി ഗൂഢാലോചന നടത്തി ആധാരത്തിൽ ക്രമക്കേട് കാണിച്ച് നാല് പട്ടയങ്ങളുടെ വിൽപ്പന രജിസ്റ്റർ ചെയ്തുവെന്നാണ് കേസിലെ ആരോപണം.

നേരത്തെ ഡി.വൈ.എസ്.പി നന്ദനൻപിള്ള നടത്തിയ അന്വേഷണത്തിലും ആധാരം വ്യാജമാണെന്ന് വ്യക്തമായിരുന്നു. ഹാരിസൺസ് കൈവശം വെച്ചിരിക്കുന്ന ഭൂമി സർക്കാരിൻറേതാണെന്ന് സിവിൽ കോടതിയിൽ സ്ഥാപിക്കാൻ നിർണയകമാണ് തെളിവാണ് ഫോറൻസിക് സയൻസ് ലാബിൻെറ റിപ്പോർട്ട്. കോടതിയിൽ സ്വീകാര്യമായ വസ്തുതകൾ സ്ഥാപിക്കുന്നതിനായി ആ റിപ്പോർട്ട് സർക്കരിന് ഹാജരാക്കാം. തെളികുൾ വിശകലനം ചെയ്യുന്നതിന് ശാസ്ത്രീയ രീതികളാണ് ഫോറൻസിക് വിഭാഗം ഉയോഗിക്കുന്നത്. അവിടെ പക്ഷപാതത്തിന് വലിയ സാധ്യതയില്ല. അതിനാൽ ഫോറൻസിക് ശാസ്ത്രജ്ഞരുടെ റിപ്പോർട്ടുകൾ വ്യാപകമായി സ്വീകാര്യമാണ്. ഇതുവരെ പരിഹരിക്കാൻ ബുദ്ധിമുട്ടായിരുന്ന പല കേസുകളും ഫോറൻസിക് സാങ്കേതികവിദ്യ ഉപയോഗിച്ച് തെളിയിച്ചിട്ടുണ്ട്. 

Tags:    
News Summary - Harrisons case: Reported forgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.