കൊച്ചി: ഭൂമി കൈയേറ്റക്കാരുടെ വാദത്തിന് അംഗീകാരം നൽകുന്ന നടപടികൾ സർക്കാറിൽ നിന്നുണ്ടാകുന്നത് തടയാൻ ബന്ധപ്പെട്ട കേസിൽ തന്നെക്കൂടി കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് മുൻ സ്പീക്കറും കെ.പി.സി.സി പ്രസിഡൻറുമായിരുന്ന വി.എം. സുധീരൻ ഹൈകോടതിയിൽ. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് എം.ജി.
രാജമാണിക്യത്തെ സ്പെഷൽ ഒാഫിസറായി നിയമിച്ചതും ഇദ്ദേഹം നൽകിയ റിപ്പോർട്ടുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹാരിസൺ മലയാളം അടക്കം നൽകിയ ഹരജിയിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടാണ് സുധീരെൻറ പൊതുതാൽപര്യ ഹരജി.
കേരള ഭൂസംരക്ഷണ നിയമപ്രകാരമാണ് അന്യാധീനെപ്പട്ട സർക്കാർ ഭൂമി തിരിച്ചെടുക്കാൻ സ്പെഷൽ ഒാഫിസറെ സർക്കാർ നിയമിച്ചതെന്ന് ഹരജിയിൽ പറയുന്നു. കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാൻ കേരള ഭൂ സംരക്ഷണ നിയമ പ്രകാരമുള്ള നടപടികൾക്ക് 2013 ഫെബ്രുവരിയിലെ ഉത്തരവിലൂടെ ഹൈകോടതി അനുമതി നൽകിയതാണ്. തൽസ്ഥിതി തുടരണമെന്നും കോടതിയുടെ അനുമതിയില്ലാതെ ഹരജിക്കാർ ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ പാടില്ലെന്നും കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെറുവള്ളി എസ്റ്റേറ്റിൽ ശബരിമല വിമാനത്താവള പദ്ധതി നടപ്പാക്കാൻ ഇതിനിടെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. എന്നാൽ, ഭൂമി തങ്ങളുേടതാണെന്നാണ് അവകാശപ്പെട്ട് ഗോസ്പൽ ഫോർ ഏഷ്യ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഹാരിസണിൽനിന്ന് കൈവശാവകാശം വന്നുചേർന്നതാണെന്നാണ് അവരുടെ അവകാശ വാദം. എന്നാൽ, ഗോസ്പൽ ഫോർ ഏഷ്യക്കോ ഹാരിസണിനോ ഇൗ ഭൂമിയിൽ ഒരു അവകാശവുമില്ലെന്ന് ഹരജിയിൽ പറയുന്നു.
5.30 ലക്ഷം ഏക്കർ ഭൂമിയാണ് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കൈയേറിയത്. സർക്കാറും ഭൂമി കൈയേറ്റക്കാരായ ഹരജിക്കാരുമായി ചേർന്നുള്ള ഒത്തുകളികൾ സംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇൗ സാഹചര്യത്തിൽ സർക്കാർ വേണ്ടവിധം കേസിനെ നേരിടില്ലെന്ന് ആശങ്കയുണ്ട്.
അതിനാൽ, പല പ്രധാന കാര്യങ്ങളും തനിക്ക് കോടതിയെ അറിയിക്കാനുണ്ടെന്നും കക്ഷി ചേർക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.