കെ. വിജേഷ്

'പ്രവർത്തകരെ കൈവെച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അറിയാം'; ബി.ജെ.പി നേതാവിന്‍റെ പ്രസംഗം പുറത്ത്

കണ്ണൂർ: സി.പി.എം പ്രവർത്തകൻ ഹരിദാസിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ ചർച്ചയായി ബി.ജെ.പി നഗരസഭ കൗൺസിലറുടെ പ്രസംഗം. കഴിഞ്ഞയാഴ്ച ബി.ജെ.പി ഓഫീസിന് മുമ്പിൽ തലശേരി നഗരസഭ കൗൺസിലർ കെ. വിജേഷ് നടത്തിയ പ്രസംഗത്തിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

'തങ്ങളുടെ പ്രവർത്തകരുടെ മേൽ കൈവെച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അറിയാമെന്ന്' വിജേഷ് പ്രസംഗത്തിൽ പറയുന്നു. വിജേഷിന്‍റെ ഈ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് സി.പി.എം നേതാക്കളും പ്രവർത്തകരും ഹരിദാസിന്‍റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസും ബി.ജെ.പിയും ആണെന്ന് ആരോപിക്കുന്നത്.

"വളരെ ആസൂത്രിതമായി കോലോത്ത് ക്ഷേത്രത്തിൽവെച്ച് സി.പി.എമ്മിന്‍റെ കൊടും ക്രിമിനലുകളായിട്ടുള്ള രണ്ടു പേർ നേതൃത്വം നൽകിക്കൊണ്ട് നമ്മുടെ സഹപ്രവർത്തകരെ അതിക്രൂരമായി ആക്രമിച്ച സംഭവം വളരെ വൈകാരികമായിട്ടാണ് സംഘ്പരിവാർ പ്രവർത്തകർ ഏറ്റെടുത്തിട്ടുള്ളത്. നമ്മുടെ പ്രവർത്തകരുടെ മേൽ കൈവച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്ക് എല്ലാവർക്കുമുണ്ട്.

അതെങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് കഴിഞ്ഞ കാലങ്ങളിലുള്ള ചരിത്രം പരിശോധിച്ചാൽ ഇവിടെയുള്ള സി.പി.എം നേതാക്കൾക്ക് മനസിലാകും. പക്ഷെ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ഈ പ്രദേശത്ത് കൊടുംക്രിമിനലുകളായിട്ടുള്ള രണ്ടു പേരുടെ തോന്ന്യാസത്തിന് നമ്മുടെ നാട് അശാന്തിയിലേക്ക് പോകേണ്ടതില്ല. ജനങ്ങളുടെ മുന്നിൽ ഇത് തുറന്നു കാട്ടുന്നതിനാണ് ഈ പ്രതിഷേധ പ്രകടനം നടത്തുന്നതെന്നും" ഹരിദാസ് പ്രസംഗത്തിൽ പറയുന്നു.

എന്നാൽ, പ്രസംഗത്തിന്‍റെ ഒരു ഭാഗം മാത്രം എടുത്താണ് സി.പി.എം പ്രചരിപ്പിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസൻ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിൽ ആർ.എസ്.എസിനും ബി.ജെ.പിക്കും പങ്കില്ല. പ്രതിഷേധ പ്രകടനത്തിൽ പ്രസംഗിക്കുന്നതൊക്കെ യാഥാർഥ്യമാണോ എന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - Haridas Murder: BJP leader's Viral speech out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.