വിവാഹ വാഗ്ദാനം നൽകി പീഡനം, പണം തട്ടിപ്പ്; 70കാരനെതിരെ 50കാരിയായ വീട്ടമ്മയുടെ പരാതി

ആലുവ: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി പരാതി. ആലുവ യു.സി കോളജിന് സമീപം മക്കൾക്കൊപ്പം താമസിക്കുന്ന കണ്ണൂർ താഴെച്ചൊവ്വ സ്വദേശിനിയായ 50കാരിയാണ് പരാതിക്കാരി. 

വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും 11.40 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ആലങ്ങാട് കോട്ടപ്പുറം സ്വദേശി പി.കെ.എം. അഷറഫിനെതിരെ (70) ആലുവ ഈസ്റ്റ് പൊലീസ്  കേസെടുത്തു. വീട്ടമ്മ ആലുവ കോടതി മുമ്പാകെ പ്രതിക്കെതിരെ മൊഴി നൽകിയിട്ടുണ്ട്.

പ്രതിയുടെ വീടിനടുത്ത വാടക വീട്ടിൽ താമസിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപവും ദേശത്തും പ്രവർത്തിക്കുന്ന ഹോട്ടലിന്‍റെ ഉടമയാണെന്ന് പറഞ്ഞാണ് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വീടിന്‍റെ പണയതുകയായി ലഭിച്ച 10 ലക്ഷം രൂപയും കൂടാതെ 1.40 ലക്ഷം രൂപയും വായ്പയായി വാങ്ങി.

വിവാഹ വാഗ്ദാനം നൽകിയാണ് പണം വാങ്ങിയത്. ഒന്നര മാസത്തിലേറെ വീട്ടിൽ താമസിക്കുകയും ചെയ്തു. വിവാഹം രജിസ്റ്റർ ചെയ്യാൻ നടപടി ആരംഭിച്ച ശേഷം കാണാതാവുകയായിരുന്നുവെന്നാണ് പരാതി. ആലുവ സി.ഐ പി.എസ്. രാജേഷിന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.