കയ്യേറ്റ കുത്തകകളെ ഭൂവുടമകളാക്കാന്‍ ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നു – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: ഹാരിസണ്‍ അടക്കമുള്ള വന്‍കിട കയ്യേറ്റക്കാര്‍ അനധികൃത രേഖകളുണ്ടാക്കി കൈവശം വെച്ചിരിക്കുന്ന അഞ്ചു ലക്ഷത്തോളം ഏക്കര്‍ ഭൂമി കയ്യേറ്റക്കാര്‍ക്ക് തന്നെ തിരിച്ചുനല്‍കി അവരെ ഭൂവുടമകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് വിജിലന്‍സ് അന്വേഷണത്തിലൂടെ ഹാരിസണിന്‍റെ ഉടമസ്ഥാവകാശ രേഖകള്‍ വ്യാജമാണെന്നും കൃത്രിമ രേഖകളുണ്ടാക്കി നേടിയെടുത്തതാണെന്നും കണ്ടെത്തിയിരുന്നു. കൃത്രിമ രേഖകളുണ്ടാക്കാന്‍ ഹാരിസണിനെ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വീസ് ചട്ടങ്ങളനുസരിച്ച നടപടികള്‍ക്കും വിജിലന്‍സ് ശുപാര്‍ശ നല്‍കിയിരുന്നു. രാജമാണിക്യം കമ്മീഷനും ഇതേകാര്യങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. മുന്‍ഘട്ടങ്ങളിലെല്ലാം അന്വേഷിച്ച സര്‍ക്കാര്‍ കമ്മീഷനുകളും നിയമസഭാ സമിതികളും അനധികൃതമായാണ് ഇവര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിരുന്നതാണ്.

എന്നാല്‍, ഇപ്പോള്‍ വിജിലന്‍സിനെ ഉപയോഗിച്ചുകൊണ്ട് കയ്യേറ്റക്കാര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കുകയും അവര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി വിലയാധാര പ്രകാരം തന്നെ നേടിയെടുത്തതാണെന്നും സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കയ്യേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിന് സിവില്‍ കോടതി വഴി നിയമവ്യവഹാരങ്ങളില്‍ ഏര്‍പ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും അത് സംബന്ധിച്ച യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സിനെ ഉപയോഗിച്ച് ഭൂവുടമസ്ഥത തന്നെ അംഗീകരിച്ചു കൊടുക്കുവാനാണ് ശ്രമിക്കുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതമാണ് സംസ്ഥാനത്ത് ഉണ്ടാക്കാന്‍ പോകുന്നത്.

ഈ വഞ്ചനയിലൂടെ സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ടതും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യേണ്ടതുമായ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് വന്‍കിട കയ്യേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ വിട്ടുനല്‍കാന്‍ പോകുന്നത്. സാധാരണക്കാരുടെ സര്‍ക്കാര്‍ എന്ന് വീമ്പിളക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കയ്യേറ്റ മാഫിയകള്‍ക്ക് അനുകൂലമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കോടതികളില്‍ കേസുകള്‍ തോറ്റുകൊടുത്തും ഇപ്പോള്‍ വിജിലന്‍സിനെ ഉപയോഗിച്ച് ഭൂവുടമസ്ഥത സ്ഥാപിച്ചുകൊടുത്തും ഇടതുപക്ഷം കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഈ ജനവഞ്ചനക്കെതിരെ അതിശക്തമായ ജനരോഷം സംസ്ഥാനത്ത് ഉയര്‍ന്നുവരണമെന്നും സംഘടിത ഭൂപ്രക്ഷോഭത്തിലൂടെ സര്‍ക്കാരിനെ തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - hameed vaniyambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.