കോഴിക്കോട്: പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്തുള്ള സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നൽകുന്ന വ്യക്തിഗത പരാതികളിൽ പൊലീസ് കേസെടുക്കാത്തതോടെ ഇരകൾ നീതിതേടി കോടതിയിലേക്ക്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ നൂറുകണക്കിനാളുകളാണ് തങ്ങളോട് പണം വാങ്ങിയ സന്നദ്ധ സംഘടനകൾ അടക്കമുള്ള ഏജൻസികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. വാഴക്കാട്, ബാലുശ്ശേരി അടക്കം പൊലീസ് സ്റ്റേഷനുകളിൽ ഇവർ പരാതി നൽകിയെങ്കിലും വ്യക്തിഗത കേസുകൾ രജിസ്റ്റർ ചെയ്യേണ്ട എന്ന് മുകളിൽനിന്ന് നിർദേശമുണ്ടെന്നറിയിച്ച് മടക്കി അയച്ചിരുന്നു. ഇതോടെയാണ് വിവിധയിടങ്ങളിലുള്ളവർ കോഴിക്കോട് ബീച്ചിൽ ഒത്തുകൂടി പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്താനും കോടതിയെ സമീപിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിക്കാനുള്ള അനുകൂല ഉത്തരവ് സമ്പാദിക്കാനും നടപടി തുടങ്ങാൻ തീരുമാനിച്ചത്. ബാലുശ്ശേരി സമഗ്ര, വാഴക്കാട് ഹവീൽദാർ റഹ്മാൻ മെമ്മോറിൽ ലൈബ്രറി, സ്വരാജ് വാഴക്കാട്, കൊണ്ടോട്ടി മുണ്ടക്കുളം കെ.എം.സി എന്നീ ഏജൻസികൾ മുഖേന ഇരുചക്ര വാഹനങ്ങൾക്കായി 56,000 മുതൽ 60,000 രൂപ വരെ കൈമാറി തട്ടിപ്പിനിരയായവരാണ് ബീച്ചിൽ ഒത്തൂകൂടി കൂട്ടായ്മയുണ്ടാക്കിയത്. തട്ടിപ്പിനിരയായ പലരും ഡി.ജി.പിക്ക് നേരിട്ടും പൊൽ ആപ് മുഖേനയും പരാതി നൽകിയിട്ടും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.
ഏത് പൊലീസ് സ്റ്റേഷനും പരാതി ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഭാരതീയ ന്യായ് സംഹിതയിലെ 199 വകുപ്പ് അനുശാസിക്കുന്നതായി കൂട്ടായ്മയിൽ സംസാരിച്ച വിവരാവകാശ പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ പറഞ്ഞു. കേരള പൊലീസ് മാന്വലിലെ 305, 306 വകുപ്പുകൾ പ്രകാരവും പരാതികളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. അല്ലാത്തപക്ഷം ബന്ധപ്പെട്ട എസ്.എച്ച്.ഒക്കെതിരെ നിയമനടപടിക്ക് വ്യവസ്ഥയുണ്ട്. എന്നിട്ടും പൊലീസ് കേസെടുക്കാതെ പരാതിക്കാരെ തിരിച്ചയക്കുകയാണ്. ഇതിനെതിരെ കോടതിയെ സമീപിക്കും. ട്രസ്റ്റ് ഉണ്ടാക്കി തട്ടിപ്പിന് നേതൃത്വം നൽകിയവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടാൻ സിവിൽ കേസ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. പലരും തുക നൽകിയത് വിവിധ ഏജൻസികൾക്കാണെന്നും പണം കൈപ്പറ്റിയവർക്കെതിരെ പരാതിയും തെളിവുകളും നൽകിയിട്ടും കേസെടുക്കാത്തതിനാൽ പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് ഉൾപ്പെടെ നടത്തുമെന്നും സാമൂഹിക പ്രവർത്തകൻ ശിവദാസ് മേലാറ്റൂരും പറഞ്ഞു.
നിലവിൽ ഗുണഭോക്താക്കളിൽ ഭൂരിഭാഗം പേർക്കും കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണനുമായി നേരിട്ട് ബന്ധമില്ല. പണം വാങ്ങുന്നതിലും അനന്തുകൃഷ്ണന്റെ പങ്കില്ല. വിവിധ ഏജൻസികളാണ് പണം വാങ്ങിയത്. ഇവ പിന്നീട് എൻ.ജി.ഒകൾ വഴിയാണ് അനന്തകൃഷ്ണനുൾപ്പെടെയുള്ളവർക്ക് ലഭിച്ചത്. അതിനാൽ പണം നേരിട്ട് നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇരകളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.