അനന്തുകൃഷ്ണൻ
നെടുങ്കണ്ടം: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ഇടുക്കി വണ്ടന്മേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെടുങ്കണ്ടം കോടതിയാണ് ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. എൻ.ജി.ഒ കോൺഫെഡറേഷൻ ബോർഡ് അംഗവും മഹിള കോൺഗ്രസ് നേതാവും കുമളി പഞ്ചായത്ത് മുൻ പ്രസിഡൻറുമായ ഷീബ സുരേഷിനെതിരെ വണ്ടന്മേട് പൊലീസിൽ സീഡ് കോഓഡിനേറ്റർമാർ പരാതി നൽകിയിരുന്നു. മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
അനന്തുകൃഷ്ണന്റെ നേതൃത്വത്തിൽ തൊടുപുഴ കോളപ്രയിൽ പ്രവർത്തിച്ചിരുന്ന സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് റിസർച് ഡെവലപ്മെൻറ് സൊസൈറ്റിയുടെ ചെയർപേഴ്സൻ കൂടിയാണ് ഷീബ. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലയുടെ ചുമതല ഷീബ സുരേഷിന് ഉണ്ടായിരുന്നതായാണ് വിവരം. കഴിഞ്ഞദിവസം ഇ.ഡിയും ഷീബയുടെ കുമളിയിലെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.
ഇടുക്കിയിൽ ഇതുവരെ 22 കേസാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. അനന്തുവിന്റെ പേരിലുള്ള ഭൂമി കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം മൂവാറ്റുപുഴ കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.