കൽപറ്റ: ഇമ്പമേറിയ കൂട്ടായ്മയുടെ കുളിരിൽ ആഘോഷമായി പ്രവാസി കുടുംബസംഗമം. വയനാടിെൻറ ഹരിതാഭയിൽ ഗൃഹാതുരതയുടെ ചാറ്റൽമഴ നനഞ്ഞ് മുന്നൂറോളം കുടുംബങ്ങൾ ഒത്തുകൂടിയ ‘നാട്ടുപച്ചയിൽ’ പങ്കാളിത്തം കൊണ്ടും വൈവിധ്യംകൊണ്ടും ശ്രദ്ധേയമായി. പ്രവാസലോകത്ത് മലയാളത്തിെൻറ മേൽവിലാസമായി മാറിയ ‘ഗൾഫ് മാധ്യമം’ അണിയിച്ചൊരുക്കിയ സംഗമം പ്രകൃതിഭംഗിയുടെ ചുരത്തിന് മുകളിൽ ആവേശക്കാഴ്ചകൾ തീർത്തു. പച്ചപ്പിന് നടുവിൽ, നൂൽമഴയുടെ അകമ്പടിയിൽ നൃത്തവും സംഗീതവും വിനോദങ്ങളുമെല്ലാം സമന്വയിപ്പിച്ച ഒത്തുചേരൽ പ്രവാസികൾക്ക് അവിസ്മരണീയ അനുഭവമായി മാറുകയായിരുന്നു.
വൈത്തിരി വില്ലേജ് റിസോർട്ടിെൻറ മനോഹാരിതയിൽ രാവിലെ 11 മണിക്ക് നടി അനു സിതാര പതാക ഉയർത്തിയതോടെയാണ് സംഗമത്തിന് തുടക്കമായത്. പിന്നാലെ, കാത്തുനിന്ന കൗതുകങ്ങളിലേക്ക് നിറംപകർന്ന് വർണബലൂണുകൾ വാനിൽ പറന്നു. അവതാരകനും മജീഷ്യനുമായ രാജ് കലേഷ് നയിച്ച വിനോദമത്സരങ്ങളിൽ കുടുംബങ്ങളുടെ ആവേശപൂർവമായ പങ്കാളിത്തമായിരുന്നു. ട്രഷർ ഹണ്ട്, കുതിരസവാരി, അമ്പെയ്ത്ത്, സിപ്ലൈൻ റൈഡ്, സെൽഫി മത്സരം, നാടൻകളികൾ, സൈക്ലിങ് തുടങ്ങിയ വേറിട്ട വിനോദങ്ങൾ സംഗമത്തിന് ഹരംപകർന്നു. ആരോഗ്യവും ആയുസ്സും എന്ന വിഷയത്തിൽ പ്രഫ. െടസി മാത്യുവും സ്ത്രീകൾക്കായി കുടുംബ കൗൺസലർ അഡ്വ. നീലിമ അസീസും ക്ലാസുകളെടുത്തു. തുറന്ന വേദിയിൽ വൈകീട്ട് അവതരിപ്പിച്ച വയലിൻ ഫ്യൂഷനും ആഫ്രിക്കൻ ഡ്രം ബീറ്റ്സും സദസ്സിന് വിരുന്നായി.
വൈകീട്ട് ഏഴിന് കലാസന്ധ്യക്ക് മുന്നോടിയായ ചടങ്ങിൽ മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. മലബാർ െഡവലപ്പേഴ്സ് ഡയറക്ടർ മുഹമ്മദ് അമീൻ, റയോ മാർട്ടിൻ വില്ലാസ് എം.ഡി ബിനോയ് രാജൻ എന്നിവർ സന്നിഹിതരായിരുന്നു. ബഹ്റൈനിൽനിന്നുള്ള പ്രവാസി ബാലിക അഫ്ഷിൻ ഷമീം ‘നാട്ടുപച്ചയിൽ’ ലോഗോയുടെ സിച്ച് ഓൺ നിർവഹിച്ചു.
വൈവിധ്യം കോർത്തിണക്കിയ സംഗീതനിശയിൽ പ്രമുഖ പിന്നണിഗായകരായ വിധു പ്രതാപ്, മഞ്ജരി, രഹന, നിഷാദ്, സൗരവ് തുടങ്ങിയവർ ഇമ്പമാർന്ന ഗാനങ്ങളുമായി സദസ്സ് കീഴടക്കി. രാജ് കലേഷിെൻറ മാജിക്കും മെയ്വഴക്കത്തിെൻറ അതിശയച്ചുവടുകളുമായി അക്രോബാറ്റിക് ഡാൻസും േപ്രക്ഷകരെ വിസ്മയിപ്പിച്ചു. രണ്ടു ദിവസം നീളുന്ന സംഗമത്തിൽ ഞായറാഴ്ച പ്രവാസി കുടുംബങ്ങൾക്ക് ട്രക്കിങ് അടക്കമുള്ളവ ഒരുക്കിയിട്ടുണ്ട്.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, റയോ മാർട്ടിൻ വില്ലാസ്, ഓറോ ഹോംസ്, മലബാർ െഡവലപ്പേഴ്സ്, ഗസൽ ബിൽഡേഴ്സ് ആൻഡ് െഡവലപ്പേഴ്സ്, വൈത്തിരി വില്ലേജ് എന്നിവയാണ് നാട്ടുപച്ചയിലിെൻറ മുഖ്യ സ്പോൺസർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.