അറസ്റ്റിലായ അഭിലാഷ്
അടിമാലി: 95 വയസുള്ള സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം സ്വർണ്ണമാല കവർന്ന കൊച്ചുമകൻ മണിക്കൂറുകൾക്കകം അറസ്റ്റിൽ. അടിമാലിക്കു സമീപം മച്ചിപ്ലാവ് പുളിക്കൽ മേരിയുടെ ആഭരണമാണ് കവർന്നത്.
മേരിയുടെ മൂത്ത മകൻ മൈക്കിളിൻ്റെ മകൻ അഭിലാഷ് (ആൻ്റണി-44) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മച്ചിപ്ലാവിലെ വീട്ടിൽ മേരിയുടെ മകൻ തമ്പി, ഭാര്യ ട്രീസ എന്നിവർക്കൊപ്പമാണ് വയോധിക താമസിച്ചിരുന്നത്. ഇവർ പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്.
കട്ടിലിൽ കിടക്കുകയായിരുന്ന മുത്തശ്ശിയുടെ മുഖത്ത് തലയിണ അമർത്തി പിടിച്ച ശേഷം കഴുത്തിൽ കിടന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണമാല ബലമായി കവർന്നെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പള്ളിയിൽ നിന്നും മക്കൾ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്. ആദ്യഘട്ടത്തിൽ പ്രതി സമ്മതിച്ചിരുന്നില്ല. പിന്നീട് ടൗണിലെ നിരീക്ഷണ കാമറയിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
അഭിലാഷ് മുൻപും സമാന കേസുകളിൽ പ്രതിയായിരുന്നതായിട്ടുണ്ടെന്നും ഏതാനും ദിവസങ്ങൾ മുൻപാണ് പീരുമേട് ജയിലിൽ നിന്നും മോചിതനായതെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച മാല കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നെടുംകണ്ടത്ത് വിറ്റതായി മൊഴി നൽകിയെങ്കിലും കണ്ടെത്താനായിട്ടില്ല. മുത്തശ്ശിക്ക് കഴുത്തിലും നെഞ്ചിലും നേരിയ തോതിൽ പരിക്കേറ്റിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.