റിപ്പബ്ലിക്ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനിലൊരുക്കിയ വിരുന്നിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഹസ്തദാനം ചെയ്യുന്നു
തിരുവനന്തപുരം: പുതിയ ഗവർണറുടെ വരവോടെ, രാജ്ഭവനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സർക്കാർ. കഴിഞ്ഞ വർഷം ബഹിഷ്കരിച്ച രാജ്ഭവനിലെ റിപ്പബ്ലിക്ദിന വിരുന്നായ ‘അറ്റ് ഹോം’ പരിപാടിക്ക് ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി. ശിവൻകുട്ടിയുമെത്തി. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാറും തുറന്ന ഏറ്റുമുട്ടലിലായതോടെ, കഴിഞ്ഞ വർഷം മുഖ്യമന്ത്രിയും മന്ത്രിമാരും അറ്റ് ഹോം വിരുന്ന് ബഹിഷ്കരിക്കുകയായിരുന്നു. രാജ്ഭവനിലൊരുക്കിയ ക്രിസ്മസ് വിരുന്നിലും മുഖ്യമന്ത്രിയോ, മന്ത്രിമാരോ പങ്കെടുത്തിരുന്നില്ല. പലതവണ നേരിൽ കണ്ടിട്ടും മുഖ്യമന്ത്രിയും ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ സംസാരിക്കാൻ തയാറായില്ല.
കഴിഞ്ഞ വർഷം ഒന്നര മിനിറ്റ് കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കവും ഒടുക്കവും വായിച്ചാണ് ഗവർണർ നിയമസഭ വിട്ടത്. ഈ മാസം ആദ്യത്തിലാണ് പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റത്. കേന്ദ്രവിമർശനമുൾപ്പെടെ ഭാഗങ്ങൾ വിടാതെ വായിച്ചാണ് പുതിയ ഗവർണർ കഴിഞ്ഞ 17ന് നിയമസഭയിൽ സർക്കാറിന്റെ നയപ്രഖ്യാപനം നടത്തിയത്. പിന്നാലെ, ഗവർണറെ മുഖ്യമന്ത്രിയും ഭാര്യയും രാജ്ഭവനിലെത്തി കാണുകയും ചെയ്തിരുന്നു. കേന്ദ്ര വിമർശനമുണ്ടായിട്ടും ഭരണഘടന ചുമതല നിർവഹിച്ച ഗവർണറുടെ നടപടിയെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സ്വാഗതം ചെയ്തിരുന്നു.
സ്പീക്കർ എ.എൻ. ഷംസീർ, മുൻ കേന്ദ്രമന്ത്രിമാരായ ഒ. രാജഗോപാൽ, വി. മുരളീധരൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ആർച്ച് ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പത്മശ്രീ പുരസ്കാര ജേതാക്കളായ കെ. ഓമനക്കുട്ടി, ലക്ഷ്മിക്കുട്ടി അമ്മ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ. നായർ തുടങ്ങിയവരും വിരുന്നിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.