തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാർ ജനുവരി 22 ബുധനാഴ്ച പ്രഖ്യാപിച്ച പണിമുടക്കിന് തടയിടാൻ സർക്കാർ. ഡൈസ്നോൺ പ്രഖ്യാപിച്ചാണ് പണിമുടക്ക് പൊളിക്കാൻ സർക്കാർ നീക്കം. പണിമുടക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറക്കുമെന്ന് ഉത്തരവിൽ പറയുന്നു. അനധികൃത അവധികൾ ഡയസ്നോൺ ആയി കണക്കാക്കാനും തീരുമാനമായി.
സി.പി.ഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും കോൺഗ്രസിന് കീഴിലുള്ള സർവീസ് സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരുവിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരുമാണ് പണിമുടക്കുന്നത്. പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻപദ്ധതി പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി സർക്കാർ ഏറ്റെടുക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
തിരുവനന്തപുരം: സർക്കാറിന്റെ ഡൈസ്നോൺ ഉത്തരവ് കണ്ട് പേടിച്ച് ജീവനക്കാർ പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്. ഡൈസ്നോൺ ഉത്തരവ് പുറപ്പെടുവിച്ചത് അപഹാസ്യമാണ്. 103 മാസത്തെ ഇടതുഭരണകാലത്ത് 500ൽ പരം ദിവസത്തെ ശമ്പളനഷ്ടം അനുഭവിച്ചവരാണ് കേരളത്തിലെ സർക്കാർ ജീവനക്കാർ. അവകാശസമരത്തിൽ പങ്കെടുത്തെന്ന കാരണത്താൽ ഡൈസ്നോൺ നിലവിൽ വന്നാൽ ഒരുദിവസത്തെ ശമ്പളംകൂടി സർക്കാർ പിടിച്ചെടുത്തുവെന്ന് ജീവനക്കാർ സമാധാനിക്കും.
ഇപ്പോൾ അവധിയൊന്നും അനുവദിക്കില്ലെന്ന ഉത്തരവ് ഇറക്കിയവർ പണിമുടക്ക് ദിവസം കഴിഞ്ഞ് അവധി അപേക്ഷ നൽകാനായി ജീവനക്കാരെ ദയവായി സമീപിക്കരുത്. 2024ൽ ഡൈസ്നോൺ ഉത്തരവിറക്കി പണിമുടക്കിനെ നേരിടാമെന്ന് വ്യാമോഹിച്ചവർ പണിമുടക്കിന്റെ പിറ്റേദിവസം മുതൽ അവധി അപേക്ഷ സമർപ്പിക്കാൻ ജീവനക്കാരുടെ പിറകെ നടക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.