ഗവര്‍ണറുടെ സന്ദര്‍ശനം: കാലിക്കറ്റ് കാമ്പസിൽ ഒരുക്കുന്നത് ശക്തമായ സുരക്ഷ, കരുതല്‍ തടങ്കലിനും നീക്കം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശനിയാഴ്ച എത്തുന്ന സാഹചര്യത്തില്‍ ഒരുക്കുന്നത് ശക്തമായ സുരക്ഷ. ഗവര്‍ണറെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വേണമെങ്കിൽ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ജില്ല പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി മൂസ വള്ളിക്കാടന് സുരക്ഷ ചുമതല നല്‍കാനാണ് സാധ്യത. ആറ് സി.ഐമാര്‍ ഉള്‍പ്പെടെ മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥരെയും സര്‍വകലാശാല കാമ്പസിലും പരിസര പ്രദേശങ്ങളിലുമായും നിയോഗിക്കും.

സുരക്ഷ പാളിച്ച ഉണ്ടാകാതിരിക്കാന്‍ പഴുതടച്ച ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കുന്നത്. എസ്.എഫ്.ഐ തടഞ്ഞാല്‍ നേരിടുമെന്ന് ഗവര്‍ണറും പ്രതികരിച്ച പശ്ചാത്തലത്തില്‍ സങ്കീർമാണ് സാഹചര്യം. ഇതു കണക്കിലെടുത്താണ് പൊലീസിന്റെ മുന്‍കരുതല്‍ നടപടികള്‍.

ശനിയാഴ്ച രാത്രിയോടെയാണ് ഗവര്‍ണര്‍ സര്‍വകലാശാല ഗെസ്റ്റ് ഹൗസിലെത്തുന്നത്. ഞായറാഴ്ച കോഴിക്കോട് സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് 'ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍' എന്ന വിഷയത്തില്‍ സര്‍വകലാശാല സനാതനധര്‍മ ചെയര്‍ നടത്തുന്ന സെമിനാര്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സിലാണ് സെമിനാര്‍. ഇവിടെയും ഗെസ്റ്റ് ഹൗസിലും കാമ്പസിലെ പരിസര പ്രദേശങ്ങളിലും ശക്തമായ സുരക്ഷയൊരുക്കും. സെമിനാറില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിക്കും. സ്വാമി ചിദാനന്ദപുരി, ഡോ. എം.വി. നടേശന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് വി.സി നല്‍കിയ 18 പേരുടെ ലിസ്റ്റില്‍ നിന്ന് 16 പേരെയും ഒഴിവാക്കി ഗവര്‍ണര്‍ നാമനിര്‍ദേശം നടത്തുകയും കേരളത്തിലെ സര്‍വകലാശാലകളില്‍ വി.സി നിയമനത്തിന് നീക്കം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വിവാദ സാഹചര്യം.

Tags:    
News Summary - Governor's visit: Calicut campus braced for tight security, precautionary measures taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.