മഞ്ചേരി: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുമ്പോൾ പാലിക്കേണ്ട നയങ്ങൾ സംബന്ധിച്ച് സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. കേന്ദ്രത്തിൽ എത്തിയില്ലെങ്കിലും സേവനം ലഭിക്കുന്ന വിധത്തിലാണ് പരിഷ്കരണം. സംരക്ഷണം, പ്രതിരോധം, ചികിത്സ, പുനരധിവാസം, സാന്ത്വനപരിചരണം എന്നിവയാകും ഇനി മുഖമുദ്ര. അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യവിഭവശേഷി, അനുബന്ധ സൗകര്യങ്ങൾ എന്നിവ തദ്ദേശസ്ഥാപനങ്ങൾ നൽകും. സർക്കാർ ലക്ഷ്യമിടുന്ന ബൃഹത് ആരോഗ്യനയത്തിെൻറ ഭാഗമായി ആവിഷ്കരിച്ച ആർദ്രം മിഷെൻറ ഭാഗമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജീവ് സദാനന്ദൻ പുറത്തിറക്കിയ മാർനിർദേശങ്ങളിൽ വ്യക്തമാക്കി. ദിവസവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒ.പി പ്രവർത്തിക്കും.
ഞായറാഴ്ചകളിൽ ഉച്ചക്ക് 1.30 വരെയാണ്. തദ്ദേശസ്ഥാപനങ്ങൾ ആവിഷ്കരിക്കുന്ന പ്രാഥമികാരോഗ്യ പരിരക്ഷപദ്ധതി നടപ്പാക്കുക ഇൗ കേന്ദ്രങ്ങളാണ്. അയൽസഭ, വാർഡ്സഭ, ഗ്രാമസഭ, കുടുംബശ്രീ എന്നിവയെ ഇതിനായി ശക്തിപ്പെടുത്തും. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ റഫർ ചെയ്യുകയും തുടർ ചികിത്സയിൽ കുടുംബാരോഗ്യകേന്ദ്രം ശ്രദ്ധിക്കുകയും വേണം. വാർഷിക കുടുംബാരോഗ്യ സർവേ പൂർത്തിയാക്കിയാണ് ഒാരോ വർഷവും കുടുംബാരോഗ്യകേന്ദ്രം സേവനങ്ങൾ നിശ്ചയിക്കുന്നത്.
എല്ലാ വർഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഈ രജിസ്റ്റർ പുതുക്കും. ആരോഗ്യമാപിങ്, ഒാരോ കുടുംബത്തിനും നൽകേണ്ട സേവനങ്ങൾ എന്നിവയും തയാറാക്കും. നിരീക്ഷണത്തിന് സംസ്ഥാന, ജില്ല പ്രാദേശികതലത്തിൽ കമ്മിറ്റികൾ വരും. 30 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പ്രമേഹരോഗ നിർണയ സ്ക്രീനിങ് നടത്തും. ഗർഭിണികളെ രജിസ്റ്റർ ചെയ്ത് വൈദ്യപരിശോധനയും സഹായവും ഉറപ്പാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.