ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ഓണ സമ്മാനം; രണ്ട് മാസത്തെ പെന്‍ഷന്‍ അനുവദിച്ച് സർക്കാർ, 3200 രൂപവീതം 62 ലക്ഷം പേർക്ക്

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ സർക്കാർ അനുവദിച്ചു. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം ലഭിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് ശനിയാഴ്ച മുതല്‍ പണം ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് മുഖേനയും ശേഷിക്കുന്നവര്‍ക്ക് വീട്ടിലെത്തിയും പെന്‍ഷന്‍ കൈമാറും.

ആഗസ്റ്റിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശ്ശിക കൂടിയാണ് ഓണം വരാനിരിക്കെ സർക്കാർ അനുവദിച്ചത്. അടുത്ത വർഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പെന്‍ഷന്‍ കുടിശ്ശികയും തീര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്.

8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പി.എഫ്.എം.എസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്. ഓണ ചെലവുകള്‍ക്കായി 2000 കോടിയുടെ കടപത്രം ഇറക്കിയിരുന്നു. ഇതുപയോഗിച്ചാകും പെന്‍ഷന്‍ വിതരണം.

സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംശദായം അടച്ച് അംഗങ്ങളായവര്‍ക്ക് ലഭിക്കാനുള്ള പെന്‍ഷന്‍ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്നും ക്ഷേമനിധി ബോര്‍ഡുകളുടെ കാര്യത്തില്‍ സുതാര്യത ഉറപ്പ് വരുത്തണമെന്നും വിവിധ തൊഴിലാളി യൂനിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. ഓണക്കാല ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ മറ്റു ചെലവുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ നടപടി എടുത്തിരുന്നു.

ട്രഷറിയില്‍ ഒരു ബില്ലില്‍ മാറാവുന്ന പരിധി 25 ലക്ഷത്തില്‍നിന്ന് 10 ലക്ഷമാക്കി കുറച്ചു. സാമ്പത്തികപ്രതിസന്ധി രൂക്ഷമായി തുടരുന്നതാണ് കാരണം. ബില്‍ മാറാനുള്ള നിയന്ത്രണം ശമ്പളം, പെന്‍ഷന്‍, ബോണസ്, ഓണം ഉത്സവബത്ത എന്നിവയ്ക്ക് ബാധകമല്ല. വകുപ്പുകളുടെ മറ്റ് പദ്ധതികള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമുള്ള പണം, കരാറുകാരുടെ ബില്ലുകള്‍ എന്നിവ മാറാന്‍ നിയന്ത്രണമുണ്ടാകും.

Tags:    
News Summary - Government grants two months' welfare pension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.