സംഘഫാസിസത്തിന്റെ ചങ്ങാത്ത മുതലാളിത്തം, മോദി-അദാനി ബാന്ധവത്തിൽ മാത്രമായി ഒതുങ്ങുന്നില്ലെന്നും പല തലങ്ങളിലുള്ള പ്രത്യാഘാതങ്ങളാണ് അത് കെണ്ടുവരുന്നതെന്നും എഴുത്തുകാരൻ സി.എൻ ജയരാജൻ. ഗൗതം അദാനിയെപ്പോലുള്ള വൻകിട കോർപ്പറേറ്റുകൾക്കെതിരെ ഉയരുന്ന ആഗോള അഴിമതി ആരോപണങ്ങൾ ഇന്ത്യൻ വ്യവസായ രംഗത്തിന്റെ സുതാര്യതക്കു മേൽ കരിനിഴൽ വീഴ്ത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഗൗരവമേറിയ നിരീക്ഷണങ്ങൾ ജയരാജൻ നടത്തിയത്. പോസ്റ്റ് വായിക്കാം:
‘അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിൽ ദൃശ്യമായ കനത്ത തകർച്ച ഇന്ത്യൻ സാമ്പത്തിക മേഖലയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ഗൗരവകരമായ ഒരു സാഹചര്യമാണ്. ഒരു ദിവസത്തെ വ്യാപാരത്തിനിടയിൽ മാത്രം വിപണി മൂല്യത്തിൽ ഏകദേശം 12.5 ബില്യൺ ഡോളറിന്റെ വൻ ചോർച്ചയാണ് ഉണ്ടായത്. അദാനി ഗ്രീൻ എനർജി, അദാനി എന്റർപ്രൈസസ് തുടങ്ങിയ മുൻനിര കമ്പനികൾ 10 മുതൽ 15 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് നിക്ഷേപകരുടെ ആത്മവിശ്വാസം തകർക്കുന്ന കാഴ്ചയാണ് കണ്ടത്.
ഇന്ത്യയിലെ സോളാർ എനർജി കരാറുകൾ സ്വന്തമാക്കുന്നതിനായി വൻതുക കൈക്കൂലി നൽകിയെന്നും നിക്ഷേപകരെ വഞ്ചിച്ചുവെന്നും കാണിച്ച് അമേരിക്കൻ ഏജൻസിയായ എസ്.ഇ.സി കോടതിയെ സമീപിച്ചതാണ് ഈ പ്രതിസന്ധിക്ക് ആധാരമായത്.
ഗൗതം അദാനി, സാഗർ അദാനി എന്നിവർ ഉൾപ്പെട്ട 265 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിൽ കൂടുതൽ നടപടികളെടുക്കാൻ ഇന്ത്യൻ സർക്കാർ തടസ്സമാകുന്നതിനാൽ നേരിട്ട് ഇ-മെയിൽ വഴി സമൻസ് അയക്കാൻ കോടതിയോട് അനുമതി ചോദിച്ചത് വിപണിയിൽ വലിയ രീതിയിലുള്ള വിറ്റഴിക്കൽ സമ്മർദ്ദത്തിന് കാരണമായി.
ഗൗതം അദാനിയെപ്പോലുള്ള വൻകിട കോർപ്പറേറ്റുകൾക്കെതിരെ ഉയരുന്ന ഇത്തരം ആഗോള അഴിമതി ആരോപണങ്ങൾ ഇന്ത്യൻ വ്യവസായ രംഗത്തിന്റെ സുതാര്യതക്കു മേൽ കരിനിഴൽ വീഴ്ത്തുന്നു.
ഇത്തരം പ്രവണതകൾ സ്വതന്ത്രവും നീതിപൂർവ്വവുമായ മത്സരത്തിന് തടസ്സമാവുകയും ചെറുകിട നിക്ഷേപകരുടെ താൽപ്പര്യങ്ങളെ ഹനിക്കുകയും ചെയ്യുന്നു. കൂടാതെ, അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ കമ്പനികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാനും വിദേശ നിക്ഷേപകർ ഇന്ത്യയിൽ പണം മുടക്കാൻ മടിക്കാനും ഇത് ഇടയാക്കുന്നു.
രാജ്യത്തിന്റെ വമ്പൻ കോർപ്പറേറ്റുകളായി ഉയർത്തിക്കാട്ടപ്പെടുന്ന ഇത്തരം ഗ്രൂപ്പുകൾ ആഗോള തലത്തിൽ ക്രിമിനൽ നടപടികൾ നേരിടുന്നത് വലിയ തോതിലുള്ള നാണക്കേടാണ് ഉണ്ടാക്കുന്നത്.
സംഘഫാസിസത്തിന്റെ വഷളൻ ചങ്ങാത്ത മുതലാളിത്തം, മോദി - അദാനി ബാന്ധവം മാത്രമായി കാണേണ്ടതില്ല. ജി.ഡി.പി ഉയരുന്നു എന്നു പറയുന്ന നേരത്തും കോർപ്പറേറ്റുകളുടെ വിൽപ്പനകളിൽ വരുന്ന കുറവ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. വിദേശ നിക്ഷേപകർ ഇന്ത്യ വിട്ടു പോകുന്നത് രൂപയുടെ വില കുത്തനെ താഴ്ത്തുകയും ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ ദുരിതം വിതയ്ക്കുകയും ചെയ്യുന്നു.
ഫാസിസത്തെ അവരുടെ സകല മണ്ഡലങ്ങളിലുമുള്ള സ്വാധീനത്തെ ചെറുത്തു തോൽപ്പിക്കാതെ ഇന്ത്യ ഗതി പിടിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.