തിരുവനന്തപുരം: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമവും ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിധിയിലേക്കെന്ന് റിപ്പോർട്ട്. ഹൈകോടതിയിൽ എസ്.ഐ.ടി നൽകിയ റിപ്പോര്‍ട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമർശമുണ്ടെന്ന് അറിയുന്നു.
അയ്യപ്പ സംഗമം നടത്താൻ തീരുമാനിച്ച വിവരങ്ങളൊന്നും തന്നെ ദേവസ്വം ബോർഡ് യോഗത്തിന്‍റെ മിനുട്സിൽ ഇല്ലെന്നാണ് ഹൈകോടതിയിൽ സമർപ്പിച്ച എസ്.ഐ.ടി റിപ്പോര്‍ട്ടിലുള്ളത്. ആഗോള അയ്യപ്പസംഗമം ദേവസ്വം ബോർഡിന് വൻനഷ്ടം വരുത്തിവെച്ചതായും റിപ്പോർട്ടിലുണ്ട്. 3.40 കോടി രൂപയാണ് സംഗമത്തിനായി ബോർഡ് ചെലവഴിച്ചത്. ഇത് സ്പോൺസർ ഷിപ്പിലൂടെ കണ്ടെത്തണമെന്നായിരുന്നു നിർദേശം.
ദേവസ്വം ബോർഡിന്‍റെ സർപ്ലസ് ഫണ്ടില്‍ നിന്നാണ് 3.4 കോടി രൂപ നല്‍കിയെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സർക്കാരില്‍ നിന്നോ ദേവസ്വം ബോർഡില്‍ നിന്നോ കൈപ്പറ്റാൻ പാടില്ലെന്ന് കോടതി നിർദേശമുണ്ടായിരുന്നു. ഇതിനായി ഏകദേശം എട്ടു കോടി രൂപ ചിലവ് വരുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തുക മുഴുവൻ സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്താൻ കഴിഞ്ഞോ എന്ന കാര്യത്തിലൊന്നും വ്യക്തതയില്ല.
പിഎസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായപ്പോള്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചാണ് പരാമര്‍ശമുള്ളത്. തിങ്കളാഴ്ച ഇതുസംബന്ധിച്ച യോഗം വിളിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.