തിരുവനന്തപുരം: കൊട്ടിഘോഷിച്ച് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിനാകെ അഴിമതി മണം!. ആറര കോടി രൂപയോളം ചെലവഴിച്ച് പരിപാടി നടത്തിയത് ടെണ്ടർ നടപടിക്രമങ്ങളൊന്നും പാലിക്കാതെ. ബില്ലുകളില്ലാതെയാണ് പല തുകയും എഴുതിയെടുത്തതെന്നും വ്യക്തമാകുന്നു. ഇഷ്ടക്കാരെ ജോലികൾ ഏൽപിക്കുന്ന പതിവ് രീതിയാണ് തുടർന്നതെന്നാണ് വിവരം. പലർക്കും ആദ്യം പറഞ്ഞുറപ്പിച്ച തുകയേക്കാൾ കൂടുതൽ കൊടുക്കേണ്ട അവസ്ഥയിലുമെത്തി.
എല്ലാം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കാൻ നീക്കം നടക്കുമ്പോഴും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനും സംഘത്തിനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സ്പെഷൽ കമീഷണർ ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങൾ. ടെണ്ടറില്ലാതെയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കീഴിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക‍്‍ഷൻസ് (ഐ.ഐ.ഐ.സി) എന്ന സ്ഥാപനത്തിന് പരിപാടിയുടെ മുഴുവൻ കരാറും നൽകിയത്. അതും ആദ്യം നിശ്ചയിച്ച തുകയേക്കാൾ 10 ശതമാനം തുക ഭരണ-ഏകോപന ചെലവുകൾ എന്ന പേരിൽ അധികമായി അനുവദിച്ചുകൊണ്ടാണ് കരാർ. അതിന് പുറമെ ജി.എസ്.ടിയും.
പരിപാടി അവതരിപ്പിക്കാത്ത ഭജനസംഘത്തിന് എട്ട് ലക്ഷം രൂപ നൽകിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ സംഗമം നടത്തിപ്പിലെ തിരിമറി ഉറപ്പിക്കുന്നതാണ്. മന്ത്രി തന്നെ ഇക്കാര്യം സമ്മതിക്കുന്നു. കലാപരിപാടികൾ അവതരിപ്പിച്ചതിന് നേരത്തെ നിശ്ചയിച്ചതിനേക്കാൾ തുക ചെലവായെന്ന് നിലവിലെ ദേവസ്വം ബോർഡും സമ്മതിക്കുന്നുണ്ട്.
തോന്നിയപടിയുള്ള കരാറിലാണ് കാര്യങ്ങൾ നടന്നതെന്നാണ് സ്പെഷൽ കമീഷണർ കണ്ടെത്തിയത്. പ്രധാന കരാർ ലഭിച്ചവരാകട്ടെ ഉപകരാർ നൽകിയെന്നും അതിന് ഇനംതിരിച്ചുള്ള കൃത്യമായ രേഖകളോ ബില്ലുകളോ ഇല്ലെന്നുമാണ് കണ്ടെത്തൽ. ഉപകരാർ എടുത്ത സ്ഥാപനങ്ങൾ നൽകിയ ബില്ലിന്‍റെ ഇരട്ടി വരെ തുകയുള്ള മറ്റ് ബില്ലുകൾ പലതിലും ഹാജരാക്കിയിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരികയാണ്.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ആർഭാടത്തിനും താമസസൗകര്യം, പ്രതിനിധികളുടെ യാത്ര, ഉപഹാരം എന്നിവക്കുമെല്ലാമായി കോടികൾ പൊടിച്ചെന്ന് വ്യക്തം. പത്തനംതിട്ടയിലെ പമ്പയിൽ നടന്ന സംഗമത്തിൽ പങ്കെടുക്കാനെത്തിയവർക്ക് താമസസൗകര്യം ഒരുക്കിയതാകട്ടെ കോട്ടയത്തെ കുമരകത്തും ഇടുക്കിയിലെ മൂന്നാറിലുമായിരുന്നു. മുന്തിയ ഹോട്ടലുകളിൽ ഈ താമസസൗകര്യം ഒരുക്കാൻ പൊടിച്ചതും കാൽകോടിയോളം രൂപയാണെന്നാണ് കണക്ക്. അതിന് പുറമെ പ്രതിനിധികളുടെ യാത്രക്കും ലക്ഷങ്ങൾ വേറെ ചെലവായി. പ്രചാരണം, ബ്രാൻഡിങ്, മാർക്കറ്റിങ് ഇനങ്ങളിലായി ചെലവഴിച്ചത് 1.05 കോടിയാണ്.
പ്രധാന പന്തലൊരുക്കാൻ മാത്രം 63.36 ലക്ഷം. വേദിക്ക് മോടികൂട്ടാൻ 46 ലക്ഷം!. അദർ ഐറ്റംസ് എന്ന പേരിൽ 27.43 ലക്ഷവും മനുഷ്യവിഭവശേഷി എന്ന പേരിൽ 16.67 ലക്ഷവും ചെലവിനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കെടുത്ത പ്രതിനിധികൾക്കും ഓഫിസർമാർക്കും സമ്മാനം നൽകാൻ മാത്രം ചെലവാക്കിയത് 73.4 ലക്ഷം രൂപ. പ്രതിനിധികൾക്കുള്ള കിറ്റിന് 50 ലക്ഷമെന്നാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പറയുന്നത്. അതിന് പുറമെ 4100 പാക്കറ്റ് അരവണ, അപ്പം, നെയ്യ്, ഒരു കിലോ ചന്ദനം എന്നിവയും സ്റ്റോക്കിൽ നിന്നെടുത്തെങ്കിലും ഇതിന്‍റെ മൂല്യം കണക്കാക്കിയിട്ടില്ല. അതിന് പുറമെയാണ് 3000 പേരുടേയും 5000 പേരുടെയുമൊക്കെ ഭക്ഷണചെലവിനത്തിലെ ലക്ഷങ്ങൾ. അന്നദാന മണ്ഡപത്തിലേക്ക് 150 കട്ടിലുകൾ വാങ്ങിയെന്നാണ് കണക്ക്. എന്നാൽ പരിശോധയിൽ 100 കട്ടിലുകളേയുള്ളൂവെന്നും വ്യക്തമായിട്ടുണ്ട്.
ആഗോള അയ്യപ്പ സംഗമത്തിന് മൂന്ന് കോടിയേ ചെലവായുള്ളൂവെന്ന് ദേവസ്വം മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് ആവർത്തിക്കുമ്പോഴും ഇനിയും കോടികൾ ചെലവിനത്തിൽ കൊടുക്കാനുണ്ടെന്ന് വ്യക്തം. ഇക്കാര്യം ദേവസ്വം ബോർഡും സമ്മതിക്കുന്നു. പല ചെലവും സെറ്റിൽ ചെയ്യാനുണ്ടെന്ന് ബോർഡ് ഔദ്യോഗികമായി സമ്മതിക്കുന്നു. എന്നാൽ പരിപാടിക്ക് ആകെ എത്ര രൂപ ചെലവായെന്ന കാര്യത്തിൽ വ്യക്തതവരുത്താൻ ദേവസ്വം ബോർഡിനും സാധിച്ചിട്ടില്ല.
സംഗമത്തിന് ആകെ ചെലവായത് 6.32 കോടി രൂപയെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വരവിനത്തില്‍ ആകെ കിട്ടിയത് രണ്ട് കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപും (ധനലക്ഷ്മി ബാങ്ക്) 84.74 ലക്ഷം രൂപയുടെ പരസ്യവരുമാനവും (കേരള ബാങ്ക്) മാത്രമാണ്. ചെലവായ തുകയില്‍ ഇനി കണ്ടെത്തേണ്ടത് 3.45 കോടി രൂപയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നു. ദേവസ്വം ബോര്‍ഡ് നേരിട്ട് ചെലവാക്കിയ തുക 42.9 ലക്ഷം രൂപ മാത്രമാണ്. ബാക്കി കരാര്‍ കമ്പനിയുടെ ചെലവാണ്. ഇതില്‍ 4.04 കോടി ബോര്‍ഡ് ഇനിയും ഈ കരാർ കമ്പനിക്ക് മാത്രം നല്‍കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.