പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ മാനസിക കേന്ദ്രത്തിലാക്കിയ യുവതിക്ക് മോചനം

പെരിന്തൽമണ്ണ: പ്രണയബന്ധത്തിൽനിന്ന് പിന്തിരിപ്പിക്കാൻ പിതാവും സഹോദരനുമടക്കം മാനസിക ചികിത്സ കേന്ദ്രത്തിലാക്കിയ യുവതിക്ക് ഒടുവിൽ മോചനം. പെരിന്തൽമണ്ണ ചെറുകര സ്വദേശിനിയെയാണ് പൊലീസ് മോചിപ്പിച്ചത്. യുവാവ് നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ ആഴ്​ചകളോളം അന്വേഷിച്ച പൊലീസ് യുവതിയെ എറണാകുളത്തുനിന്ന്​ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. കോടതി യുവതിയെ യുവാവിനോടൊപ്പം വിട്ടു.

ബലമായി പിടിച്ചുകൊണ്ടുപോയി ഇടുക്കി, എറണാകുളം ജില്ലകളിലെ മാനസിക ചികിത്സ കേന്ദ്രങ്ങളിൽ ഒരുമാസത്തോളം തടങ്കലിൽവെച്ച​ യുവതിക്ക് മാനസിക രോഗമാണെന്ന് വരുത്താനായിരുന്നു ശ്രമം. സംഭവത്തിൽ പിതാവ്, സഹോദരൻ, ബന്ധു എന്നിവരടക്കം മൂന്നുപേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബി.ഡി.എസ് നാലാം വർഷ വിദ്യാർഥിനിയായ യുവതി ഏഴുവർഷമായി തൃശൂർ സ്വദേശിയായ യുവാവുമായി അടുപ്പത്തിലാണ്. കഴിഞ്ഞ സെപ്​റ്റംബറിലാണ് ഇക്കാര്യം വീട്ടുകാർ അറിയുന്നത്. ബന്ധത്തിന് കുടുംബം എതിരായിരുന്നു. യുവാവിന് സാമ്പത്തിക ശേഷിയും മറ്റും ഇല്ലെന്നായിരുന്നു കാരണം.

യുവതി യുവാവി‍​​െൻറ കൂടെ താമസം തുടങ്ങി. സ്പെഷൽ മാ​േരജ് ആക്ട് പ്രകാരം വിവാഹം രജിസ്​റ്റർ ചെയ്യാൻ അപേക്ഷ കൊടുത്ത സമയത്ത്​ അനുനയത്തിൽ സമീപിച്ച പിതാവ് വിവാഹം നടത്തി തരാമെന്ന്​ വാഗ്ദാനം നൽകി നവംബർ മൂന്നിന് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

രണ്ടുദിവസം കഴിഞ്ഞതോടെ കോളജിൽ പോവാൻ സമ്മതം ചോദിച്ചെങ്കിലും നൽകിയില്ല. നവംബർ അഞ്ചിന് രാത്രി 12ന് മാനസികരോഗ ആശുപത്രിയിലുള്ളവരെ വരുത്തി ബലമായി തനിക്ക് മരുന്ന് കുത്തിവെച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്ന് യുവതി പറഞ്ഞു.

രണ്ടുദിവസം കഴിഞ്ഞാണ് ബോധം വന്നത്. യുവാവ് ഹൈകോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ കോടതി ഉത്തരവിട്ടിട്ടും യുവതിയെ കുടുംബം ഹാജരാക്കിയില്ല. പിന്നീട് പെരിന്തൽമണ്ണ എസ്.ഐ മഞ്ജിത്ത്​ ലാലി‍​​െൻറ നേതൃത്വത്തിൽ ദിവസങ്ങളോളം നടത്തിയ അന്വേഷണങ്ങൾക്കുശേഷമാണ് മനോരോഗ ആശുപത്രിയിൽനിന്ന് കണ്ടെത്തിയത്. ഇരുവർക്കുംവേണ്ട സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടു.

Tags:    
News Summary - Girl Recovered in Mental Hospital -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.