പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം: രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

കോയമ്പത്തൂർ: കോയമ്പത്തൂർ സുലൂർ മേഖലയിൽ വ്യാഴാഴ്ച വൈകിട്ട് കാണാതായ പത്തുവയസ്സുകാരിയെ കണ്ണമ്പാളയം തടാകത്തിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി രണ്ടുപ്രതികളെ പിടികൂടി. കാർത്തിക്, മോഹൻ രാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സുലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു.

'ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രതികരിച്ചു. കോയമ്പത്തൂരിൽ പത്തുവയസ്സുകാരിക്ക് നേരെയുണ്ടായ സംഭവം കടുത്ത ദുഃഖവും ഞെട്ടലുമാണ് ഉണ്ടാക്കുന്നത്. ഇത്തരം അമാനുഷികവും ക്ഷമിക്കാനാവാത്തതുമായ ക്രിമിനൽ കുറ്റങ്ങൾ നമ്മുടെ സമൂഹത്തിൽ ഒരിക്കലും വെച്ചുപൊറുപ്പിക്കാനാകില്ലെന്ന്' അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പെൺകുട്ടിയുടെ കുടുംബം നിലപാടെടുത്തതിന് പിന്നാലെയാണ് വിജയിയുടെ പ്രതികരണം പുറത്തുവന്നത്. പുതിയ സർക്കാർ വന്നിട്ടും മാറ്റമൊന്നും ഉണ്ടാകുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. തമിഴ്‌നാട് ഡി.ജി.പി സന്ദീപ് റായ് റാത്തോഡ് അന്വേഷണ പുരോഗതി വിലയിരുത്താൻ കോയമ്പത്തൂരിലേക്ക് തിരിച്ചു. മന്ത്രി എം.എസ്. സമ്പത്ത്, സുലൂർ മണ്ഡലം ടി.വി.കെ എം.എൽ.എ എൻ.എം. സുകുമാർ എന്നിവർ ഇ.എസ്.ഐ ആശുപത്രിയിലെത്തി കുടുംബത്തെ കണ്ട് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചു.

അതേസമയം, പുതിയ സർക്കാരിന്റെ ക്രമസമാധാന നിലയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷമായ ഡി.എം.കെ രംഗത്തെത്തി. സർക്കാർ അധികാരമേറ്റ് 12 ദിവസത്തിനുള്ളിൽ ലൈംഗിക അതിക്രമങ്ങൾ, കഞ്ചാവ് കടത്ത്, ഗുണ്ടായിസം ഉൾപ്പെടെ മുപ്പതിലധികം കുറ്റകൃത്യങ്ങൾ നടന്നതായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു. എന്നാൽ, മുമ്പ് ഭരിച്ചിരുന്ന എം.കെ. സ്റ്റാലിൻ സർക്കാരാണ് തമിഴ്‌നാട്ടിലെ ക്രമസമാധാനം പൂർണ്ണമായി തകർത്തതെന്ന് ബി.ജെ.പി നേതാവ് നാരായണൻ തിരുപ്പതി തിരിച്ചടിച്ചു.

Tags:    
News Summary - Tamil Nadu Chief Minister Vijay strongly criticizes the incident of the girl being found murdered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.