മുർഷിദാബാദ്: സ്കൂൾ വാഹനത്തിൽ ട്രെയിനിടിച്ച് മൂന്ന് സ്കൂൾ വിദ്യാർഥികളും ഒരു പ്രദേശവാസിയും ഉൾപ്പടെ നാല് പേർ മരിച്ചു. മുർഷിദാബാദ് ജില്ലയിലെ അസിംഗഞ്ച്-കത്വ സെഷനിൽ കർണസുബർണ സ്റ്റേഷനും ഗോബിന്ദപൂർ റെയിൽ ഗേറ്റിനും ഇടയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് വിദ്യാർഥികളെയും ഡ്രൈവറെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡൗൺ ലൈനിൽ വരികയായിരുന്ന നിംതിറ്റ-കത്വ ലോക്കൽ ട്രെയിൻ ലെവൽ ക്രോസിങിൽ സ്കൂൾ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹൗറയിലേക്ക് പോകുന്ന നബദ്വീപ് എക്സ്പ്രസ് കടന്നുപോയതിന് ശേഷം റെയിൽ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു. തുറന്ന ഗേറ്റിലൂടെ മുറിച്ച് കടക്കാൻ ശ്രമിച്ച സ്കൂൾ വാഹനവും സൈക്കിൾ യാത്രക്കാരനുമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം കർണസുബർണ ബ്ലോക്ക് ആശുപത്രിയിലും തുടർന്ന് ഗുരുതരാവസ്ഥയിലായവരെ ബെർഹാംപൂരിലെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഗേറ്റ്മാന്‍ നിരുത്തരവാദപരമായും അശ്രദ്ധയോടെയും പെരുമാറിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പൊലീസും റെയിൽവേയും വെവ്വേറെ അന്വേഷണം ആരംഭിച്ചു. അപകടകാരണം കണ്ടെത്തുന്നതിനായി കിഴക്കന്‍ റെയിൽവേ പ്രത്യേക അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.