ഗണഗീതം ആർ.എസ്.എസ് ഓഫിസിൽ പാടിയാൽ മതി; ക്ഷേത്രത്തിൽ പാടിയാൽ പ്രതികരിക്കുമെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി

കണ്ണൂർ: ഗണഗീതം ആർ.എസ്.എസ് ഓഫിസുകളിൽ പാടിയാൽ മതിയെന്നും ക്ഷേത്രത്തിൽ പാടിയാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.

ആർ.എസ്.എസിന് ക്ഷേത്രത്തിൽ എന്താണ് കാര്യമെന്നും വിശ്വാസത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും കണ്ണൂരിൽ മാധ്യമങ്ങളോട് രാഗേഷ് പറഞ്ഞു.

കണ്ണൂരിലെ കണ്ണാടിപ്പറമ്പ് മുത്തപ്പൻ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം രാത്രി ഗണഗീതം പാടിയിരുന്നു. ഇതൊടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇടപെട്ട് പാട്ട് നിർത്തിച്ചു. തൃശൂരിൽനിന്നുള്ള ഗായക സംഘമാണ് ഗണഗീതം പാടിയത്.

പാട്ട് പാടുന്നതിനിടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വേദിയിൽ കയറി പാട്ട് നിർത്തണമെന്ന് ആവശ്യപ്പെടു​കയായിരുന്നു. ഒരാൾ പിന്നീട് വേദിയിൽനിന്ന് ഇറങ്ങിയെങ്കിലും രണ്ടാമത്തെയാൾ വേദിയിൽതന്നെ നിന്നു.

ഇതോടെ മറ്റുചിലർ വേദിയിൽ കയറി ഇയാ​ളെ തള്ളി മാറ്റുകയായിരു​ന്നു. ഇന്തും തള്ളും സംഘർഷത്തിന്റെ വക്കിലെത്തിയതോടെ പാട്ട് നിർത്തിവെച്ചു. പരിപാടിക്കിടെ സദസ്സിൽനിന്നാണ് ഗണഗീതം വേണമെന്ന ആവശ്യമുയർന്നത്.

ഇതോടെ ഗായക സംഘം പാടുകയായിരുന്നു. ക്ഷേത്ര സംഘാടക സമിതിയിൽ ആർ.എസ്.എസ് പ്രവർത്തകരാണ് കൂടുതൽ. സംഭവത്തിൽ ഇരു വിഭാഗവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.