മന്ത്രിയെ വേദിയിലിരുത്തി യൂനിയന്‍ നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് ഗണേഷ് കുമാര്‍ എം.എല്‍.എ

കുന്നിക്കോട്: വകുപ്പ് മന്ത്രി വീണ ജോർജിനെ വേദിയിലിരുത്തി ആരോഗ്യവകുപ്പിലെ യൂനിയന്‍ നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. തലവൂരിൽ ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവേദിയിലായിരുന്നു വിമർശനം. ഡോക്ടര്‍മാര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ നേതാക്കന്മാരൊന്നും കാണില്ലെന്നും നേതാക്കളുടെ ഉദ്ദേശ്യം വേറെയാണെന്നും എം.എല്‍.എ പറഞ്ഞു.

കഴിഞ്ഞദിവസം കെട്ടിടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ ഗണേഷ് കുമാര്‍ ആശുപത്രിയുടെ വൃത്തിഹീനമായ സാഹചര്യം ചൂണ്ടിക്കാട്ടി ഡോക്ടർമാരെയും ജീവനക്കാരെയും ശകാരിച്ചിരുന്നു. തുടര്‍ന്ന് എം.എല്‍.എ തന്നെ മാലിന്യം നീക്കം ചെയ്യുകയും തറ തുടക്കുകയും ചെയ്തു. സംഭവത്തിന്‍റെ വിഡിയോ വൈറലായതോടെ വിമര്‍ശനവുമായി ആരോഗ്യവകുപ്പിലെ യൂനിയൻ നേതാക്കൾ രംഗത്ത് എത്തി. ഇതിന്‍റെ തുടർച്ചയായാണ് ഉദ്ഘാടനവേദിയില്‍ െവച്ച് സംഘടനാനേതാക്കളുടെ പേരെടുത്ത് പറഞ്ഞ് ഗണേഷ്കുമാറിന്‍റെ പ്രസംഗം.

'സംഘടനക്കാരെക്കൊണ്ട് ജനങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ല. പുര കത്തുമ്പോൾ വാഴവെട്ടുന്നവരാണ് യൂനിയന്‍ നേതാക്കള്‍. സ്ഥാപനങ്ങളില്‍ വൃത്തിഹീനമായി അന്തരീക്ഷം കണ്ടാൽ ഇനിയും പറയും. അധികാരമുള്ളത് കൊണ്ടല്ല അങ്ങനെ പറഞ്ഞത്, അത് അവകാശമാണ്. ഇതൊരു ജനകീയ ഓഡിറ്റിങ്ങിന്റെ ഭാഗമാണ്.

ആശുപത്രി സി.എം.ഒക്ക് ഞാന്‍ ചെയ്ത പ്രവൃത്തിയില്‍ പരിഭവം ഉണ്ടാകില്ല. എന്‍റെ മനസ്സില്‍ ഉണ്ടായ ഒരു കുഞ്ഞാണ് ഇങ്ങനെ നിര്‍മാണം പൂര്‍ത്തിയായി നില്‍ക്കുന്നത്. ചീഫ് മെഡിക്കൽ ഓഫിസറെ താന്‍ ശകാരിച്ചതല്ല. പരാതിയായി പറഞ്ഞതാണ്. സംഭവം ദൗർഭാഗ്യകരമായിപ്പോയി'- എം.എല്‍.എ പറഞ്ഞു. അതേസമയം സംഭവത്തിൽ ഒരാൾക്കും എതിരെ നടപടി എടുക്കരുതെന്നും എം.എൽ.എ മന്ത്രിയോട് അഭ്യർഥിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.