അടുക്കളയിൽപോലും ഗാന്ധി സ്തൂപം സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച സി.പി.എം നേതാവ് ഗാന്ധിനിന്ദക്ക് പരിഹാരമായി മലപ്പട്ടം വഴി പോകുമ്പോഴെങ്കിലും പ്രതിമയെ വണങ്ങണമെന്ന് സണ്ണി ജോസഫ്

കണ്ണൂർ: കണ്ണൂർ മലപ്പട്ടം അടുവാപ്പുറത്ത് തകർക്കപ്പെട്ട ഗാന്ധി സ്തൂപത്തിന് പകരം മലപ്പട്ടം സെന്ററിൽ പുതിയ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് കോൺഗ്രസ്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തിയതിന് ശേഷമാണ് പ്രതിമ അനാവരണം ചെയ്തത്.

അഹിംസാ മാർഗത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യസമര പോരാട്ടത്തിന് നേതൃത്വം കൊടുത്ത ഗാന്ധിജിയെ വർഗീയ ശക്തികൾ വധിച്ചപ്പോൾ മറ്റൊരു കൂട്ടർ ഗാന്ധി പ്രതിമകളുടെ തലവെട്ടി മാറ്റുകയാണെന്ന് ഗാന്ധി പ്രതിമ അനാഛാദനച്ചടങ്ങിനു ശേഷം നടന്ന പൊതുസമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.

ഗാന്ധിസ്തൂപം തകർത്തതു മലപ്പട്ടത്തിനേറ്റ കളങ്കമാണ്. ഗാന്ധിപ്രതിമ സ്ഥാപിച്ചതിലൂടെ കളങ്കം മാറ്റിയെടുക്കാൻ കോൺഗ്രസിനു കഴിഞ്ഞു.സിപിഎം അക്രമ മനോഭാവം ഇനിയെങ്കിലും തിരുത്തണം. അടുക്കളയിൽ പോലും ഗാന്ധിസ്തൂപം സ്ഥാപിക്കാൻ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച സിപിഎം നേതാവ്, ഗാന്ധിനിന്ദയ്ക്കു പരിഹാരം കാണാൻ രാത്രി മലപ്പട്ടം വഴി പോകുമ്പോഴെങ്കിലും പ്രതിമയെ വണങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിയാത്രപോലും പൊലീസ് സംരക്ഷണം ഒരുക്കേണ്ടി വരുന്നതു സിപിഎമ്മിന്റെ അധഃപതനമാണു വ്യക്തമാക്കുന്നതെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി.അനിൽ കുമാർ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എൽ.എ, സജീവ് ജോസഫ് എം.എൽ.എ, സോണി സെബാസ്റ്റ്യൻ, പി.എം.നിയാസ്, കെ.ജയന്ത്, വി.എ.നാരായണൻ, പി.ടി.മാത്യു, സജീവ് മാറോളി, അബിൻ വർക്കി, ചന്ദ്രൻ തില്ലങ്കേരി, അഡ്വ. ടി.ഒ മോഹനൻ, റിജിൽ മാക്കുറ്റി, മുഹമ്മദ് ബ്ലാത്തൂർ, കെ.സി ഗണേശൻ, കെ.വി.ഫിലോമിന, എം.പി ഉണ്ണികൃഷ്ണൻ, വിജിൽ മോഹൻ, രാജീവൻ എളയാവൂർ, വി.പി അബ്ദുൽ റഷീദ്, കെ.പി.ശശിധരൻ, എം.പി രാധാകൃഷ്ണൻ, ശ്രീജ മഠത്തിൽ, മധു എരമം, ജോസ് ജോർജ് പ്ലാന്തോട്ടം, എം.സി അതുൽ എന്നിവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി അടുവാപ്പുറത്തെ പി.ആർ.സനീഷിന്റെ വീട്ടുപറമ്പിൽ കഴിഞ്ഞ ഫെബ്രുവരി 16ന് അനാഛാദനം ചെയ്ത ഗാന്ധിസ്തൂപം മേയ് 6നു രാത്രിയാണു സി.പി.എം പ്രവർത്തകർ പ്രകടനമായെത്തി തകർത്തത്. പിറ്റേന്നു യൂത്ത് കോൺഗ്രസ് അടുവാപ്പുറത്ത് നടത്തിയ പ്രതിഷേധ പരിപാടി സി.പി.എം പ്രവർത്തകർ തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെ സംഘർഷമുണ്ടായി. തകർത്ത സ്തൂപം നിലനിന്ന സ്ഥലത്ത് കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റി അംഗം കെ.സുധാകരൻ എംപി സ്തൂപം നിർമാണത്തിനു വീണ്ടും ശിലാസ്ഥാപനം നടത്തി പണി തുടങ്ങി.

സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി 14നു അടുവാപ്പുറത്തുനിന്നു മലപ്പട്ടം ടൗണിലേക്കു നടത്തിയ നയിച്ച ജനാധിപത്യ അതിജീവനയാത്രയ്ക്കിടെ സി.പി.എം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷമുണ്ടായി. നിർമാണം നടക്കുന്ന സ്തൂപം രാത്രി സി.പി.എം പ്രവർത്തകർ വീണ്ടും തകർത്തു. തുടർന്ന് കെ.പി.സി.സിയുടെ നിർദേശപ്രകാരം ഡി.സി.സി മുൻകൈയെടുത്ത് വീണ്ടും പ്രതിമ സ്ഥാപിക്കുകയായിരുന്നു.

ശ്രീകണ്ഠപുരം-മയ്യിൽ റോഡരികിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.പി.രാധാകൃഷ്ണന്റെ പിതാവ് കെ.സി.കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ സൗജന്യമായി നൽകിയ സ്ഥലത്താണു വെങ്കലം പൂശിയ മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ സ്ഥാപിച്ചത്.



Tags:    
News Summary - Gandhi statue re-installed in Malapattam, Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.