ഓപറേഷൻ കഗാറിനെതിരെ സമാധാന മുന്നണി രൂപീകരിച്ചു

തൃശൂർ: ആദിവാസികളെയും മാവോവാദികളെയും കൂട്ടക്കൊല ചെയ്യുന്ന സൈനിക നടപടിയായ ഓപറേഷൻ കഗാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സമാധാന മുന്നണി (ഫ്രണ്ട് ഫോർ പീസ്) രൂപീകരിച്ചു. കവി സച്ചിദാനന്ദൻ, എ. വാസു, ജി. ഗോമതി, അൻവർ അലി, എൻ. സുബ്രഹ്മണ്യൻ തുടങ്ങിയവർ രക്ഷാധികാരികളായി അഡ്വ. പി.എ. പൗരൻ അടക്കം നിരവധി മനുഷ്യാവകാശ പ്രവർത്തകരുടെയും സംഘടനകളുടേയും ആഭിമുഖ്യത്തിലാണ് മുന്നണി രൂപീകരിച്ചത്.

പൗരസമൂഹത്തിന്‍റെ അഭ്യർഥന മാനിച്ച് മാതൃകാപരവും ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ച മാവോവാദികളുമായി സമാധാന ചർച്ചക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആദിവാസി കൂട്ടക്കൊലകൾ അവസാനിപ്പിക്കണമെന്നും മുന്നണി ആവശ്യപ്പെടുന്നു. ഓക്ടോബർ 3 മുതൽ എല്ലാ ജില്ലകളിലും പ്രാദേശിക സമിതികളുടെ നേതൃത്വത്തിൽ പ്രചാരണ കാമ്പയിനുകളും ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ തൃശൂരിൽ വിപുലമായ മനുഷ്യാവകാശ സമ്മേളനവും റാലിയും സംഘടിപ്പിക്കും.

കോർപറേറ്റുകൾ നടത്തിക്കൊണ്ടിരിക്കുന്ന വിഭവ കൊള്ളക്കും ചൂഷണത്തിനും എതിരെ സംഘടിച്ചിട്ടുള്ള ആദിവാസികൾ അടക്കമുള്ള ജനങ്ങളെ ആവാസ വനമേഖലകളിൽ നിന്ന് തുടച്ചുനീക്കി കോർപറേറ്റ് വികസനത്തിന് വനഭൂമികൾ വിട്ടുനൽകുന്ന പരിപാടിയാണ് ഓപറേഷൻ കഗാറിന്റെ ഭാഗമായി ഇപ്പോൾ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നത്. മാത്രമല്ല ആഗസ്റ്റ് 15ലെ നരേന്ദ്ര മോദിയുടെ പ്രസംഗം അടിവരയിടുന്നത് ഇന്ത്യയിൽ നിന്നും ചുവപ്പ് ഭീകരത തുടച്ചുനീക്കുമെന്നാണ്. ചെങ്കൊടി കൈയിലേന്തിയിട്ടുള്ള എല്ലാ ശക്തികളെയുമാണ് ഈ പ്രസംഗം ലക്ഷ്യം വെക്കുന്നതെന്ന് തോന്നുമെങ്കിലും യഥാർഥത്തിൽ സംഘ്പരിവാറിന്റെ പ്രഖ്യാപിത ശത്രുക്കളായ മുഴുവൻ ജനാധിപത്യ പുരോഗമന ശക്തികൾക്കും എതിരായ നീക്കം കൂടിയാണിത്.

വെടിനിർത്തിയ മാവോവാദികളുമായി ചർച്ചക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ആധുനിക ജനാധിപത്യ സമീപനങ്ങൾക്ക് എതിരാണ്. രാജ്യത്തെ ഒരു ഇരുണ്ട കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനു വേണ്ടിയുള്ള ഭരണകൂട പിന്തിരിപ്പൻ ശക്തികളുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായ അടിച്ചമർത്തൽ കൂടിയാണ് ഓപറേഷൻ കഗാർ എന്ന് തിരിച്ചറിഞ്ഞു കൊണ്ട് മുഴുവൻ ജനങ്ങളും ഇതിനെതിരെ ശബ്ദം ഉയർത്തണമെന്ന് സമാധാനത്തിനു വേണ്ടിയുള്ള മുന്നണിയായ ഫ്രണ്ട് ഫോർ പീസ് ആവശ്യപ്പെടുന്നു.

Tags:    
News Summary - Front For Peace formed against Operation Kagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.