വി.ഡി. സതീശൻ
തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി മുന്നോട്ടുപോകില്ലെന്ന് 2022ൽ തന്നെ റെയിൽവേ അറിയിച്ചിട്ടുണ്ടെന്നും അവിടെ പുതിയ നിക്ഷേപത്തിന് റെയിൽവേ മന്ത്രിയുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഫാക്ടറി ഇല്ലെന്ന് അറിയിച്ചപ്പോൾ ആ സ്ഥലം റെയിൽവേയിൽനിന്ന് വിട്ടുകിട്ടാനാണ് കഴിഞ്ഞ സർക്കാർ ശ്രമം നടത്തിയത്. അവർ അന്നും ഇന്നും പറയുന്നത് ആവശ്യമായ കോച്ച് ഫാക്ടറിയുണ്ടെന്നും പാലക്കാട് ഫാക്ടറി ആവശ്യമില്ലെന്നുമാണ്. അവിടേക്ക് വേറെ നിക്ഷേപം കൊണ്ടുവരാമെന്നാണ് റെയിൽവേ മന്ത്രി പറഞ്ഞതെന്നും സംസ്ഥാന സർക്കാർ മന്ത്രിയുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രഥമദൃഷ്ട്യ ഗുരുതര തെറ്റ് കണ്ടെത്തിയതിനാലാണ് തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തത്. അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്. അന്വേഷണം പൂർത്തീകരിച്ച ശേഷം തുടർനടപടിയെടുക്കും. ബി.ജെ.പിക്ക് അനുകൂലമായി റിപ്പോർട്ട് കൊടുത്തയാളെ സസ്പെൻഡ് ചെയ്താൽ അവർ അണ്ടർ സെക്രട്ടറിയെ പിന്തുണക്കുമെന്നത് സ്വാഭാവികമാണല്ലോ എന്ന് ബി.ജെ.പി പ്രതിഷേധത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.
ഹെലികോപ്റ്റർ യാത്ര സംബന്ധിച്ച ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ. നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി കൊച്ചിയിലേക്ക് പോകുന്നത് രഹസ്യ യാത്രയാണോ എന്ന് ചോദിച്ചപ്പോൾ രഹസ്യമായി ചിലരെ കാണേണ്ടി വരും, അല്ലാതെയും കാണേണ്ടി വരും എന്നായിരുന്നു മറുപടി.
ചിലപ്പോൾ മുഖ്യമന്ത്രിയെ ഇവിടെ വന്ന് കാണും. താൻ അന്ന് വൈകുന്നേരം എറണാകുളത്ത് ഉള്ളതുകൊണ്ട് അവിടെ കാണാമെന്ന് പറഞ്ഞതാണ്. സംസ്ഥാനത്തെ ബാധിക്കുന്ന ഗൗരവകരമായ വിഷയങ്ങളുള്ളപ്പോൾ ഇതുപോലത്തെ കുറേ കാര്യങ്ങളെ വിവാദമാക്കാനാണ് മാധ്യമങ്ങൾക്ക് താൽപര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തെക്കുറിച്ച് കഴിഞ്ഞ തവണ വ്യക്തമാക്കിയതാണെന്നും ഇനി വേണ്ടെന്നും പറഞ്ഞ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടി അവസാനിപ്പിച്ചു.
എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകിയത് ഒരു ഒഴിവ് വരുമ്പോൾ ചെയ്യേണ്ട നടപടിക്രമം പൂർത്തിയാക്കാനെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹൈകോടതിക്ക് എന്ത് തീരുമാനവും എടുക്കാം. സർക്കാറിന് മുന്നിൽ അദ്ദേഹത്തിനെതിരെ വിജിലൻസ് കേസില്ല. വിജിലൻസ് കേസ് വന്നേക്കും എന്ന് പറഞ്ഞ് സ്ഥാനക്കയറ്റം എന്തിന് തടയണമെന്നും മുഖ്യമന്ത്രി ചോദിച്ചു.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സർവിസ് സംഘടനകളെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവാതിരക്കളി, കാരണഭൂതൻ എന്നെല്ലാം പറഞ്ഞ് പത്ത് വർഷം നടന്നവർ ഇപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുകയാണെന്നും പത്ത് വർഷം കൊണ്ട് നടക്കാത്തത് രണ്ട് മാസം കൊണ്ട് നൽകണമെന്നാണ് അവരുടെ ആവശ്യമെന്നും വി.ഡി. സതീശൻ പറഞ്ഞു.
കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ വാർഷിക സമ്മേളനത്തിലായിരുന്നു പരാമർശം. ‘‘സെക്രട്ടേറിയറ്റിലെ ഒരു സംഘടന ഇറക്കിയ നോട്ടീസ് ഞാൻ കണ്ടു. ഇത്രയും തമാശക്കാർ സെക്രട്ടേറിയറ്റിൽ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. അത് വായിച്ചാൽ പൊട്ടിച്ചിരിച്ചു പോകും.
എന്താണ് ഇവരുടെയൊക്കെ തൊലിക്കട്ടി. ഇവരൊക്കെ കഴിഞ്ഞ 10 കൊല്ലക്കാലം എവിടെയായിരുന്നു. സ്തുതിപാടകരായി നടക്കുകയായിരുന്നു. പണ്ട് അധികാരം കിട്ടിക്കഴിഞ്ഞാൽ ഇതൊക്കെ മറന്നു പോകുമായിരുന്നു. ഇപ്പോൾ അങ്ങനെ ഒന്നും മറക്കില്ല. ഓർത്തു വെച്ചേക്കും. പക്ഷേ ആരെയും ഉപദ്രവിക്കുകയൊന്നുമില്ല. സ്ഥലംമാറ്റമൊക്കെ ഉണ്ടാകും. റെഡിയായിട്ടിരുന്നാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്ക് അഭിമുഖമായി കാമറ സ്ഥാപിച്ചിനെച്ചൊല്ലി വിവാദം. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ ചിത്രീകരിക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ കസേര നിൽക്കുന്ന ഭാഗത്താണ് കാമറ സജ്ജീകരിച്ചത്. ഇത് എന്തിനെന്ന് മാധ്യമപ്രവർത്തകർ ചോദിക്കുകയും ചാനലുകളിൽ വാർത്തയാവുകയും ചെയ്തതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് കാമറ മാറ്റാൻ പി.ആർ.ഡി ജീവനക്കാർക്ക് നിർദേശം നൽകി.
സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസിലെ വാർത്തസമ്മേളന ഹാളിലും ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ ചിത്രീകരിക്കാൻ കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് സമാനമായി സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി വാർത്തസമ്മേളനം നടത്തുന്ന നോർത്ത് മീഡിയ റൂമിലും കാമറ സ്ഥാപിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് വിവരം. വാർത്തസമ്മേളനം തുടങ്ങുംമുമ്പ് തന്നെ കാമറ മാറ്റേണ്ടിവന്നു.
ഈ സർക്കാർ കാലയളവിലെ ഡി.എ സാധ്യമാകും വേഗത്തിൽ നൽകുമെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന ഘട്ടത്തിൽ മുൻ സർക്കാർ കുടിശ്ശികയാക്കിയ ആനുകൂല്യങ്ങൾ ഘട്ടംഘട്ടമായി അനുവദിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
ചെലവ് ചുരുക്കാൻ ആരുടെയും ആനുകൂല്യങ്ങൾ വെട്ടിക്കുറക്കില്ല. മുൻ സർക്കാർ കാലത്തെ കുടിശ്ശിക നൽകുന്ന കാര്യം പരിശോധിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷക്കാലം ഉപദ്രവിക്കപ്പെട്ട പ്രതിപക്ഷ സർവിസ് സംഘടനകളിലുള്ളവർക്ക് സംരക്ഷണം നൽകും. മെഡിസെപ് പദ്ധതി നല്ല രീതിയിൽ പരിഷ്കരിക്കുന്നതിനുള്ള പരിശോധനകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഫിനാൻസ് സെക്രട്ടേറിയേറ്റ് അസോസിയേഷന്റെ 61ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസോസിയേഷൻ പ്രസിഡന്റ് എസ്. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എ. തുളസി, കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്, സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്, കേരള ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. മോഹനചന്ദ്രൻ, കേരള ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റ് കോർ കമ്മിറ്റി കൺവീനർ വി.എ. ബിനു, അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. നൗഷാദ്, ട്രഷറർ എസ്. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.