‘ഫ്രഷ് കട്ട്’ സംഘർഷം; നിരപരാധികളുടെ വീടുകളിൽ പൊലീസ് രാജ് -സമരസമിതി

താമരശ്ശേരി: അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് വിരുദ്ധ സമരത്തിൽ പങ്കെടുത്തവരുടെ വീടുകളിലെത്തി പൊലീസ് ഭീഷണിപ്പെടുത്തുന്നതായി സമരസമിതി പ്രവർത്തകരും നാട്ടുകാരും ആരോപിച്ചു.

വധശ്രമം, കലാപം, വഴി തടയല്‍, അന്യായമായി സംഘംചേരല്‍ തുടങ്ങിയ വകുപ്പുകളാണ് നാട്ടുകാർക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ചതിലാണ് 320 പേര്‍ക്കെതിരെ കേസ്. പ്രതികളെ പിടികൂടാന്‍ പൊലീസ് വ്യാപക തിരച്ചിലാണ് നടത്തിവരുന്നത്.

ചൊവ്വാഴ്ച രാത്രിയില്‍ നോര്‍ത്ത് സോണ്‍ ഐ.ജി യതീഷ്ചന്ദ്രയുടെ നേതൃത്വത്തില്‍ നൂറോളം പൊലീസുകാര്‍ കരിമ്പാല കുന്ന്, കൂടത്തായി പ്രദേശങ്ങളിൽ സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളില്‍ റെയ്ഡ് നടത്തിയതായി പരാതി ഉയർന്നു.

അതേസമയം, ഫ്രഷ് കട്ട് പ്ലാന്റിന് തീയിട്ട സംഭവത്തില്‍ 30ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാരക ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും തൊഴിലാളികളെ കണ്ടെയ്‌നര്‍ ലോറിക്ക് അകത്തിട്ട് പൂട്ടിയെന്നും കൊല്ലണം എന്ന ഉദ്ദേശ്യത്തോടെ ലോറിക്ക് തീയിട്ടുവെന്നുമാണ് എഫ്.ഐ.ആര്‍.

എന്നാൽ, സമാധാനപൂർവം ചൊവ്വാഴ്ച രാവിലെ മുതൽ തുടങ്ങിയ രാപ്പകൽ സമരം വൈകീട്ടോടെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചതോടെയാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് സമരസമിതി പ്രവർത്തകർ വ്യക്തമാക്കിയത്. 

ആസൂത്രിത ആക്രമണമെന്ന് ആവർത്തിച്ച് പൊലീസ്

താമരശ്ശേരി: ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ ഒരു വിഭാഗം സമരക്കാരുടെ നേതൃത്വത്തില്‍ ആസൂത്രിതമായ ആക്രമണം ആണ് നടന്നതെന്നാണ് ബുധനാഴ്ചയും പൊലീസ് ആവർത്തിച്ചത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുമ്പോള്‍ ആണ് മറ്റൊരു സംഘം മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ അകത്ത് കയറി വാഹനങ്ങള്‍ക്കും ഫാക്ടറിക്കും തീയിട്ടതെന്നും സി.സി.ടി.വി കാമറകള്‍ നശിപ്പിച്ച സംഘം വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിൽ പെട്രോൾ ഒഴുക്കി തീ കൊളുത്തിയതും ഫയര്‍ഫോഴ്സ് സംഘത്തെ വഴിയില്‍ തടഞ്ഞതും തികഞ്ഞ ആസൂത്രണത്തിന്റെ ഭാഗമാണെന്നുമാണ് പൊലീസിന്റെ വാദം.

Tags:    
News Summary - 'Fresh Cut' protest; Police Raj at innocent peoples home- Samara Samiti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.