കുറ്റിക്കാട്ടൂർ: 1942 ആഗസ്റ്റ് 20 വ്യാഴം. സമയം വൈകീട്ട് നാലു മണി. കോഴിക്കോട് നഗരത്തിെൻറ ഹൃദയകേന്ദ്രമായ മുതലക്കുളം മൈതാനം ജനസഹസ്രങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്നു. ഗാന്ധിജിയുടെ ആഹ്വാന പ്രകാരം ഖദർ വസ്ത്രം ധരിച്ച് ക്വിറ്റ് ഇന്ത്യ സമരഭാഗമായി ഒത്തുചേർന്ന അവർ രഹസ്യസംഭാഷണത്തിലാണ്.
ഇനിയും ചിലർ മൈതാനത്തിെൻറ പല ഭാഗത്തേക്കും പ്രതീക്ഷയാർന്ന കണ്ണുകളോടെ ഇടക്കിടെ നോക്കുന്നു. മൈതാനത്തിനു ചുറ്റും എന്തിനും തയാറായി വെള്ളപ്പട്ടാളം. ഇതെല്ലാം നോക്കി സെൻട്രൽ ലൈബ്രറി കെട്ടിടത്തിനു മുകളിൽ യുവാവ് ഒളിച്ചിരിപ്പുണ്ടായിരുന്നു. കൈയിൽ കരുതിയ ദേശീയപതാക ഖദർ ഷർട്ടിനുള്ളിൽ തിരുകി മെല്ലെ പുറത്തിറങ്ങി.
ഞൊടിയിടയിൽ വെള്ളക്കാർ സ്ഥാപിച്ച പീരങ്കിയുടെ മുകളിൽ എല്ലാവരെയും അദ്ഭുതപ്പെടുത്തി യുവാവ് ആഞ്ഞ് കയറി. അടങ്ങാത്ത സ്വാതന്ത്ര്യദാഹം സ്ഫുരിക്കുന്ന മുഖം. ഖദർ ജുബ്ബയും മുണ്ടുമായ വേഷം. ജനം സ്തബ്ധരായി, വെള്ളപ്പട്ടാളം പകച്ചുനിന്നു. അതിനിടെ, തെൻറ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചുവെച്ച ത്രിവർണ പതാക പുറത്തെടുത്ത് ഉയർത്തിപ്പിടിച്ചു. ഇളംകാറ്റിൽ പതാക പാറിക്കളിക്കാൻ തുടങ്ങിയതോടെ തൊണ്ടമാറുച്ചത്തിൽ ‘വന്ദേമാതരം... വന്ദേമാതരം’ എന്നലറി വിളിച്ചു നമ്പീശൻ. സദസ്സ് മുഴുവൻ ആവേശത്തിലായതോടെ യുവാക്കളുടെ സംഘം വീണ്ടും മൈതാനത്തേക്കൊഴുകി.
പീരങ്കിയുടെ മുകളിൽനിന്നുള്ള ആവേശോജ്വല പ്രസംഗം വെള്ളക്കാരനെ വിറപ്പിക്കുന്നതായിരുന്നു. പിന്നീടുണ്ടായ ലാത്തിയടിയും അറസ്റ്റും ഏൽക്കേണ്ടിവന്നു. ഏറെ പീഡനമനുഭവിച്ചു. പിറ്റേദിവസം വന്ന പത്രങ്ങളിൽ വി.എം. ഗോവിന്ദൻ നമ്പീശനെ പീരങ്കി നമ്പീശൻ എന്നായിരുന്നു വിശേഷിപ്പിച്ചത്. അങ്ങനെ പീരങ്കി നമ്പീശൻ എന്ന പേര് വീണു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ഉൗർജം പകർന്ന യോദ്ധാക്കളിൽ അധികമാരും ശ്രദ്ധിക്കാതെപോയ അധ്യായമാണ് പീരങ്കി നമ്പീശൻ എന്ന വി.എം. നമ്പീശൻ. 1916 സെപ്റ്റംബറിൽ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് അറത്തിൽ ഗ്രാമത്തിൽ കല്ലംവള്ളിമഠം തറവാട്ടിലായിരുന്നു നമ്പീശെൻറ ജനനം. പിതാവ് കുറ്റൂരിൽ പടിഞ്ഞാറെ മഠത്തിൽ വലിയ കൃഷ്ണൻ നമ്പീശൻ. മാതാവ് പയ്യന്നൂരിലെ നമ്പ്യാത്രക്കോവിൽ വടക്കെ മഠത്തിൽ സരസ്വതി അമ്മ. ബാല്യംമുതലേ അടങ്ങാത്ത സ്വാതന്ത്ര്യദാഹം സൂക്ഷിച്ചുപോന്ന നമ്പീശൻ തെൻറ സ്കൂൾ അങ്കണത്തിൽ ദേശീയപതാക നാട്ടിയും അധികൃതരെ വിറപ്പിച്ചു.
1930ൽ പയ്യന്നൂർ കടപ്പുറത്ത് നടന്ന ഉപ്പുസത്യാഗ്രഹത്തിലും കെ. കേളപ്പൻ, ടി.കെ. കൃഷ്ണസ്വാമി, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, മൊയ്യാരത്ത് ശങ്കരൻ, മൊയ്തു മൗലവി തുടങ്ങിയ പ്രമുഖരോടൊപ്പം സജീവമായി പങ്കുകൊണ്ടു. ക്വിറ്റ് ഇന്ത്യ സമരരംഗത്തേക്ക് എടുത്തുചാടുന്നതിനു മുമ്പ് പയ്യന്നൂരിലുള്ള അച്ഛന് എഴുതിയ കത്ത് സ്വാതന്ത്ര്യപ്പോരാളിയുടെ അടങ്ങാത്ത രാജ്യസ്നേഹം ചാലിച്ചെഴുതിയതായിരുന്നു: ‘‘പ്രിയപ്പെട്ട അച്ഛന്, ഇപ്പോൾ നാം ബ്രിട്ടീഷുകാരുടെ അടിമകളാണല്ലോ. എത്രകാലം നമ്മങ്ങളിങ്ങനെ കഴിയും. ഇൗ ദുഷ്ടന്മാരുടെ അടിമത്തത്തിൽനിന്ന് രക്ഷപ്പെടാൻ ഒരേയൊരു മാർഗം സമരമാണ്. ജീവന്മരണ പോരാട്ടം. അത്തരമൊരു പോരാട്ടത്തിന് എല്ലാവരും രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇൗ വരുന്ന ആഗസ്റ്റ് ഒമ്പതിന് ധീരമായൊരു ബഹുജന പ്രക്ഷോഭത്തിന് മഹാത്മാവായ ഗാന്ധിജിയുടെ നേതൃത്വം ആഹ്വാനം ചെയ്തിരിക്കയാണ്. ശക്തമായ തിരിച്ചടികൾ ഉണ്ടായേക്കാം. അടിമത്തത്തിൽ കഴിയുന്നതിലും ഭേദമാണല്ലോ മരണം’’-ഇതായിരുന്നു കത്തിെൻറ ചുരുക്കും.
ഹിന്ദി പ്രചാരണത്തിനും മദ്യവിപത്തിനെതിരെയും പൊരുതിയ പീരങ്കി നമ്പീശന് നാട്ടിൽ മിശ്രഭോജനത്തിെൻറ പേരിൽ സമുദായ വിലക്കും നേരിടേണ്ടിവന്നു. ക്ഷേത്രപ്രവേശന വിളംബരത്തിനും മുന്നിൽനിന്നു. സമരപ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.സി.സി രഹസ്യമായിറക്കിയ പ്രതിവാര പത്രികയായ ‘സ്വന്ത്ര്യഭാരത’ത്തിെൻറ പ്രചാരണത്തിലും സജീവമായി ഇടപെട്ട നമ്പീശൻ സാഹിത്യത്തിെൻറ പാതയിലൂടെയും സഞ്ചരിച്ചു. അന്ധേരേ കാളജാല (ഇരുട്ടിെൻറ വെളിച്ചം), മോർച്ചെപർ (സമരരംഗത്ത്), കൗമി നാരാ (രാജ്യത്തിെൻറ വിളി), ജാഗോ ജഗാവോ (ഉണരുവിൻ ഉണർത്തുവിൻ), ബുക്ഡ് ഫോർ തുടങ്ങിയവ നമ്പീശൻ രചിച്ച ഏകാംഗങ്ങളാണ്.
‘വീരകേരൾ’ എന്ന നാടകം പഴശ്ശി രാജാവിെൻറ കഥയാണ്. രാമരാജ്യം, സബർമതി ദുർഗെ (സബർമതി അകലെയാണ്), മന്ദിർ മസ്ജിദ് എന്നീ നാടകവും രചിച്ചിട്ടുണ്ട്. 25 വർഷം ഹിന്ദി പ്രചാരണത്തിന് നൽകിയ സേവനത്തിന് കേരള സർക്കാറിെൻറ ‘കീർത്തിമുദ്ര’യും ഭാഷാ സമന്വയ വേദിയുടെ ‘രാഷ്ട്രഭാഷാ സേവക്’ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2007 മേയ് 16ന് ഇദ്ദേഹം ചരിത്രത്തിെൻറ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.