തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സർക്കാർ. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് നിലവിൽ സർക്കാർ ആലോചിക്കുന്നതെന്നാണ് വിവരം.
കെ.എസ്.ആർ.ടി.സിയിൽ പ്രതിദിനം 12 ലക്ഷം സ്ത്രീ യാത്രക്കാർ ആശ്രയിക്കുന്നതായാണ് ഏകദേശ കണക്ക്. സൗജന്യയാത്രക്കായി പ്രതിമാസം ഏകദേശം 60 കോടിയെങ്കിലും സർക്കാർ കെ.എസ്.ആർ.ടി.സിക്ക് സബ്‌സിഡിയായി നൽകേണ്ടി വരും. ഏതൊക്കെ ബസുകളിൽ, എത്ര ദൂരം വരെ യാത്ര ചെയ്യാമെന്ന കാര്യത്തിൽ യോഗത്തിന് ശേഷമേ വ്യക്തതയുണ്ടാകു. ജില്ലകൾക്ക് പുറത്തേക്ക് സൗജന്യയാത്ര അനുവദിക്കണോയെന്നും എല്ലാ പ്രായക്കാർക്കും ഈ ആനുകൂല്യം നൽകണമോയെന്നും സർക്കാർ തീരുമാനമെടുക്കാനുണ്ട്.
കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതികൾ സർക്കാർ നിരീക്ഷിക്കുന്നുണ്ട്. കർണാടകയിൽ എ.സി, സ്ലീപ്പർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രയില്ല. തമിഴ്‌നാട്ടിലാകട്ടെ, ഓർഡിനറി ബസുകളിൽ മാത്രമാണ്. കേരളത്തിൽ ഇതിലും വിപുലമായ രീതിയിൽ ഫാസ്റ്റ് പാസഞ്ചറുകളിൽ കൂടി ആനുകൂല്യം എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് സൂചന. പദ്ധതി ജൂൺ 15 മുതൽ നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ഇത്രയും വലിയ തുക സർക്കാർ എവിടെ നിന്ന് കണ്ടെത്തുമെന്നാണ് ഉയരുന്ന വിമർശനങ്ങൾ. ശമ്പളം നൽകാനായി സർക്കാർ പ്രതിമാസം കോടികളാണ് കെ.എസ്.ആർ.ടി.സിക്ക് നൽകുന്നത്. ഇതിന് പുറമെ 60 കോടി പ്രതിമാസം സബ്‌സിഡി ചെലവായി നൽകേണ്ടി വരികയെന്നത് വലിയ വെല്ലുവിളിയാണെന്നും വിമർശനമുണ്ട്. നാളെ നടക്കുന്ന ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമായിരിക്കും പദ്ധതിയുടെ അന്തിമ രൂപരേഖ പുറത്തുവരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.